Thursday 20 June 2024 12:23 PM IST : By സ്വന്തം ലേഖകൻ

‘അന്ന് യൂട്രസ് നീക്കം ചെയ്യേണ്ടി വന്നു, ശബ്ദം ഇങ്ങനെ ആയതിന്റെ പേരിലും കളിയാക്കലുകൾ’: സങ്കടക്കടൽ താണ്ടിയ ഉഷ

pt-usha-vanitha-44

ഇന്ത്യയ്ക്കു വേണ്ടി സ്വർണമുണ്ടാക്കുന്ന ക മ്പനി’ എന്നു പി.ടി. ഉഷയെ വിദേശമാധ്യമങ്ങള്‍ വിശേഷിപ്പിച്ച കാലമുണ്ട്. പി. ടി. ഉഷ, ഇന്ത്യ എന്നായിരുന്നു വിേദശത്തെ ആരാധകര്‍ േപാസ്റ്റ് െചയ്യുന്ന കത്തിലെ വിലാസം.

അപ്പോഴൊക്കെയും അതിലൊന്നും ഭ്രമിക്കാതെ ഷൂലേസ് മുറുക്കികെട്ടി രാജ്യത്തിന്റെ യശസ്സ് കാക്കാൻ ഓടാന്‍ തയാറെടുക്കുകയായിരുന്നു നമ്മുടെ ‘പയ്യോളി എക്സ്പ്രസ്.’ ഓടിയോടി നേടിയെടുത്തത് നൂറിലധികം രാജ്യാന്തര മെഡലുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ‘രാജ്യസഭാംഗമായി നാമമിർദേശം ചെയ്തു’ എന്ന വാർത്ത അറിയിച്ചപ്പോഴും പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷയുടെ മുഖത്ത് പുഞ്ചിരി തന്നെ.

‘‘പ്രധാനമന്ത്രിയുടെ ശബ്ദം കേട്ടതും ആകെ പരിഭ്രമമായി. കണ്ണ് നിറഞ്ഞു. എന്താണു മറുപടി പറയേണ്ടതെന്നറിയാതെ കുഴങ്ങി. രാജ്യസഭയിലേക്ക് കായികതാരങ്ങളെ നാമനിർദേശം ചെയ്യാറുണ്ടെന്ന് അറിയാം. സച്ചിൻ തെണ്ടുൽക്കർ, മേരികോം എന്നിവരൊക്കെ അങ്ങനെ എത്തിയതാണല്ലോ. ഓടണം, ജയിക്കണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. പണമോ പ്രശസ്തിയോ ആഗ്രഹിച്ചിട്ടില്ല. എല്ലാം എന്നെ തേടി വന്നതാണ്.

ഡൽഹിയിൽ പല തവണ പോയിട്ടുണ്ടെങ്കിലും രാജ്യസഭാംഗമായി പോകുന്നത് വേറിട്ടൊരനുഭവമാണ്. രാജ്യസഭയിൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് പലരും ചോദിച്ചു. അവിടെ ചെന്ന് കാര്യങ്ങൾ പഠിക്കാതെ എങ്ങനെയാണ് അതിനു മറുപടി പറയുക? ചില രാഷ്ട്രീയക്കാരുടെ വിമർശനങ്ങളും ഉണ്ടായി. അവരെല്ലാം ഞാൻ ബഹുമാനിക്കുന്ന ജനകീയ നേതാക്കളാണ്. അവർക്ക് ആർക്കെതിരെയും എന്തും പറയാനുള്ള അധികാരമുണ്ട്. മറുപടി പറയാൻ ഞാനില്ല.

1985 ൽ പത്മശ്രീ കിട്ടിയതിനു പിറ്റേക്കൊല്ലമാണ് ഞാൻ ഇന്ത്യയ്ക്കു വേണ്ടി അ‍ഞ്ച് മെഡലുകൾ നേടിയത്. അതിനു തൊട്ടടുത്ത വർഷം ഏഷ്യൻ റെക്കോർഡ്സിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെ വിജയങ്ങളിലൂടെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഒരു വിജയത്തിനു ശേഷവും ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ലഭിക്കാത്ത പുരസ്കാരങ്ങളിൽ ദുഃഖമോ പരിഭവമോ ഇല്ല.

എങ്കിലും അംഗീകാരങ്ങൾ നൽകുമ്പോൾ ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. രാജ്യത്തിനു വേണ്ടി നേടിയ നേട്ടങ്ങൾക്ക് നൽകുന്ന അംഗീകാരം എന്തിന് നിരസിക്കണം?

എനിക്കൊരിക്കലും പ്രത്യേക രാഷ്ട്രീയം ഇല്ല. ബിജെപി അല്ല, ഏതു പാർട്ടി ഭരിക്കുമ്പോൾ നൽകിയാലും ഞാനീ രാജ്യസഭാഗത്വം സ്വീകരിക്കുമായിരുന്നു.

കോൺഗ്രസ്സുകാർ എന്നെ സിപിഎംകാരിയാക്കും, സിപിഎമ്മുകാർ ബിജെപിയാക്കുന്നു, ബിജെപിക്കാർ ഞാൻ സിപിഎം ആണെന്നു ചിന്തിക്കുന്നു. ഇതു കാലങ്ങളോളമായി നിലനിന്നു വരുന്ന കാര്യമാണ്. ഈ വാർത്തയറിഞ്ഞു സുഹൃത്തുക്കളും സ്പോർട്സ് ഇഷ്ടപ്പെടുന്ന രമേശ് ചെന്നിത്തല, എ.കെ. ബാലൻ എന്നിങ്ങനെ കുറച്ചുപേർ വിളിച്ചിട്ടുണ്ടെന്നല്ലാതെ മറ്റാരും വിളിച്ചിട്ടില്ല. വിളിക്കാത്ത ആളുകളുടെ മനസ്സിൽ സ്പോർട്സിന് അത്ര പ്രാധാന്യം തോന്നാത്തതു കൊണ്ടാകും. അതിലൊന്നും പരിഭവമില്ല. എന്റെ മനസ്സിൽ സ്േപാർട്സാണ് എല്ലാം. രാജ്യത്തിനു വേണ്ടി ഞാൻ നഷ്ടപ്പെടുത്തിയ സ ന്തോഷങ്ങളും ആഗ്രഹങ്ങളും എന്റെ മാത്രം വ്യക്തിപരമായ നഷ്ടങ്ങളാണ്.

നിറങ്ങൾ ഇഷ്ടപ്പെട്ട കുട്ടിക്കാലം

അച്ഛൻ ഇ.പി.എം. പൈതലിനും അമ്മ ടി.വി. ലക്ഷ്മിക്കും ആറുമക്കളായിരുന്നു. രണ്ടാമത്തെയാളാണ് ഞാൻ. അച്ഛന്റെ ഇഷ്ട മകൾ. നാലു വയസ്സില്‍ ശിവരാത്രി ആ ഘോഷത്തിന് അച്ഛൻ വാങ്ങിത്തന്ന ഉടുപ്പ് ഇഷ്ടപ്പെടാതെ വാശിപിടിച്ചു കരഞ്ഞതൊക്കെയോർമയുണ്ട്. അന്നു ചേച്ചി സീതയ്ക്കു കിട്ടിയത് ഇത്തിരി പളപളപ്പുള്ള നീല ഉ ടുപ്പായിരുന്നു. എന്റെ ഉടുപ്പിനെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ഞാൻ നീല ഉടുപ്പിനു വേണ്ടി നിലവിളിക്കാൻ തുടങ്ങി. വിദേശത്തുനിന്നു വന്ന ആരോ അച്ഛനു വിറ്റ തുണിയാണ്. അത്തരമൊന്നു വീണ്ടും കിട്ടാൻ നിർവാഹമില്ല.

അച്ഛൻ ആ രാത്രി തന്നെ പുതിയ ഉടുപ്പു തപ്പിയിറങ്ങി. മിന്നുന്ന റോസ് നിറത്തിൽ അറ്റത്ത് സ്വർണ്ണക്കരയുള്ള നിറയെ ഞൊറികളുള്ള ഉടുപ്പുമായിട്ടാണ് മടങ്ങി വന്നത്.

നിറങ്ങളോട് ഭ്രമമായിരുന്നു എനിക്ക്. എട്ടാം വയസ്സിൽ സ്പോർട്സിൽ വന്നതോടു കൂടി ജീവിതത്തിൽ പലതരം ജഴ്സികൾ മാത്രമായി. യാത്ര ചെയ്യുമ്പോൾ, പരിശീലനസമയത്ത്, ട്രാക്കിൽ, വിജയപീഠത്തിൽ..

അന്ന് ബന്ധുവീടുകളിലെ കല്യാണങ്ങള്‍ക്കൊന്നും പ ങ്കെടുത്തിട്ടില്ല. പിറന്നാൾ ആഘോഷിക്കുകയോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. ചെറി, ജിലേബി, മൈസൂർപാക്ക് ഒക്കെ വലിയ ഇഷ്ടമായിരുന്നു. രണ്ടരപതിറ്റാണ്ടോളം അതൊന്നും സ്വാദു നോക്കാൻ പോലും ക ഴിഞ്ഞിട്ടില്ല.

PT-Usha-Vanitha-Interview

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കണ്ണൂർ സ്പോർട്സ് സ്കൂൾ നിലവിൽ വരുന്നത്. ഓടി വീണു കയ്യും കാലുമൊക്കെ പൊട്ടുമോ ഒടിയുമോ എന്നെല്ലാം ഭയപ്പെട്ട് അ ച്ഛൻ എന്നെ ചേർക്കാൻ മടിച്ചു. എന്റെ അമ്മാവൻ ശ്രീധരൻ ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ മലയാളം അധ്യാപകനായിരുന്നു. വേറൊരു അമ്മാവൻ നാരായണൻ ഇലക്ട്രിസിറ്റി ബോർഡിൽ സൂപ്രണ്ടും. അവരാണ് ‘ഉഷ ഓടിക്കോട്ടെ’ എന്നു അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കുന്നത്. നാരായണനമ്മാവന് എന്നെ ഡോക്ടറാക്കണമെന്നു ആഗ്രഹമുണ്ടായിരുന്നു. സ്പോർട്സ് ക്വാട്ടയിൽ മെഡിസിനു സീറ്റു കിട്ടാൻ എളുപ്പമാണെന്നു കരുതിയിട്ടാണ്. ശ്രീധരനമ്മാവനു ടിടിസിക്ക് അഡ്മിഷൻ നേടിയെടുക്കലായിരുന്നു ലക്ഷ്യം. ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ് അവർ പ്രോത്സാഹിപ്പിച്ചത്.

ഞാൻ അത്‌ലീറ്റായതിൽ അവർക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഈ മാസം സേലം വിനായക മിഷൻ റിസർച് ഫൗണ്ടേഷൻ ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ലഭിച്ചത് എന്റെ ആറാമത്തെ ഡോക്ടറേറ്റാണ്. ഉഷ അക്കാദമിയിലൂടെ അധ്യാപികയുമായി.

കണ്ണൂരിലേക്കുള്ള സ്പോർട്സ് സ്കൂൾ സെലക്‌ഷനി ൽ ഒന്നാം റാങ്കുകാരിയായിരുന്നു ഞാൻ. വീടു വിട്ടു പോകുന്നു എന്ന സങ്കടം ഇല്ലാതെയാണ് പോയത്. അത്രയ്ക്ക് സ്പോർട്സ് സ്പിരിറ്റ് ഉള്ളിൽ വന്നു കഴിഞ്ഞിരുന്നു.

ഹോസ്റ്റലിലൊക്കെ ദുരിതമാണ്. അഴിയില്ലാത്ത ജനലുകളായിരുന്നു. ബഞ്ച് കൂട്ടിയിട്ടാണ് കിടപ്പ്. തറ നിരപ്പല്ലാത്തതിനാൽ ബഞ്ച് കിടന്നാടും. ഉറക്കത്തിൽ എത്രയോ വട്ടം ഉരുണ്ടു വീണിട്ടുണ്ട്.

സ്കൂളിന്റെ ക്ലാസ് റൂം ജനാലയിൽ പ്രത്യേകരീതിയിൽ ബഞ്ച് ചരിച്ചുവയ്ക്കും. വീഴാതിരിക്കാൻ തോർത്തുമുണ്ടുകൊണ്ടു കെട്ടിവച്ചതിന്റെ ഇടയിലേക്ക് കാൽതിരുകി കിടന്നാണ് വയറിനുള്ള വ്യായാമം ചെയ്തിരുന്നത്. ഭക്ഷണത്തിലും ഭയങ്കര ചിട്ടകളാണ്. മുട്ട കഴിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ട് ആരും കാണാതെ കവറിലിട്ടു വച്ചു. കുറച്ചു നാൾ കഴിഞ്ഞ് ചീഞ്ഞ മണം പരന്നപ്പോഴാണ് കോച്ച് ഒ.എം. നമ്പ്യാർ കണ്ടുപിടിക്കുന്നത്. വഴക്കു കേട്ടതിൽപിന്നെ മുട്ടയും ചിക്കനും കഴിച്ചു തുടങ്ങി.

സഹിച്ചിരുന്നു,നിശബ്ദയായി...

16 വയസ്സുള്ളപ്പോഴാണ് മോസ്കോ ഒളിംപിക്സിൽ പോകുന്നത്. ഒളിംപിക്സിനെ കുറിച്ചു പാഠപുസ്തകത്തിൽ പഠിച്ചു വർഷങ്ങൾ കഴിയും മുൻപേ അതിൽ പങ്കെടുത്തു. ആദ്യമായാണ് വിമാനത്തിൽ കയറുന്നത്. അന്ന് എന്റെ കൂടെയുള്ളത് പത്തുവയസ്സു മുതിർന്നവരാണ്. കുട്ടിയായ എന്നെ അവർ കൂടെ കൂട്ടില്ല. ഒളിംപിക്സ് വില്ലേജിലെ ഓ രോ കെട്ടിടവും ഒരേപോലെയിരിക്കും. ഭക്ഷണശാലയിലും ആശുപത്രിയിലും പോകാൻ വഴിയറിയാതെ കറങ്ങി മടുത്തിട്ടുണ്ട്. അതെല്ലാം നല്ല ഉൾക്കരുത്തുണ്ടാക്കി.

എപ്പോഴും എല്ലാം സഹിച്ചു നിശബ്ദയായി ഇരുന്നിട്ടുമില്ല. പറയേണ്ട സ്ഥലത്തൊക്കെ ശബ്ദമുയർത്തിയിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് ഞാനെവിടെ മത്സരത്തിനു പോകുമ്പോഴും എന്റെ കോച്ച് കൂടെ വേണം എന്നു ഉത്തരവിറങ്ങിയത്. പുതിയ തലമുറയ്ക്ക് അതെല്ലാം നല്ലതായി. അതുപോലെ പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്താനും എന്റെ വിജയങ്ങൾ കാരണമായിട്ടുണ്ട്.

1985 കാൻബറയിൽ ഫൈനൽ മത്സരത്തിനിറങ്ങുമ്പോ ൾ എനിക്ക് പിരീയഡ്സാണ്. ആർത്തവസമയങ്ങളിൽ മൂന്നു ദിവസം ഞാൻ വേദന കൊണ്ടു പുളയും. പക്ഷേ, ഓടിത്തുടങ്ങുമ്പോൾ വേദന അറിയുകയേയില്ല. അന്നു ട്രയൽ കഴിഞ്ഞു വന്നതും എനിക്കു കാലിനു ഭയങ്കര വേദന. ആ സമയത്ത് സ്േറ്റഡിയത്തിൽ പലതരത്തിലുള്ള മസാജേഴ്സുണ്ട്. ഒരു കൂട്ടരോട് പറഞ്ഞപ്പോൾ കാലിൽ അക്യുപങ്ചർ ചെയ്തു തന്നു. അന്നു മത്സരത്തിൽ ഏഷ്യൻ റെക്കോർഡോടു കൂടിയാണ് ഫിനിഷ് ചെയ്തത്.

ഓർക്കുമ്പോൾ ഇപ്പോഴും ചിരി നിറയ്ക്കുന്ന ചില ഒാർമകളുണ്ട്.1983 ലാണ് ക്രിക്കറ്റിൽ ഇന്ത്യ വേൾഡ്കപ്പ് നേടുന്നത്. 1983 മുതൽ 89 വരെയുള്ള വർഷങ്ങളിൽ അത്‌ലറ്റിക്സിൽ തുടർച്ചയായി വിജയങ്ങൾ നേടാന്‍ എനിക്കു കഴിഞ്ഞിരുന്നു. അതു പത്രങ്ങളിൽ മുൻതാളുകളിൽ തന്നെ വാർത്തയുമായി. ക്രിക്കറ്റ് നേട്ടങ്ങൾ പലപ്പോഴും ഉൾപ്പേജുകളിലേക്കു മാറി. അന്നു ക്രിക്കറ്റിലെ പല കളിക്കാരും പത്രക്കാരോട് ചോദിച്ചുവെന്നു കേട്ടു. ‘നിങ്ങൾക്ക് അത്‍ലറ്റിക്സും ഉഷയും മാത്രം മതിയോ?’

വെറുതേയിരിക്കുമ്പോഴെല്ലാം ഞാൻ സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കുന്നതും മനസ്സു കൊണ്ടു ദൂരമളന്നു കണക്കു കൂട്ടി ഓടുന്നതും ജയിക്കുന്നതും വിക്ടറി സ്റ്റാൻഡിൽ കയറി നിന്നു മെഡൽ വാങ്ങുന്നതും ഭാവനയിൽ കണ്ടുകൊണ്ടേയിരിക്കും. മത്സരത്തിനിറങ്ങും മുൻപും അങ്ങനെ ചെയ്യുമായിരുന്നു. അതാണെന്റെ മെഡിറ്റേഷൻ.

തോൽക്കാൻ ആദ്യം പഠിച്ചു

ജീവിതത്തിൽ വിജയങ്ങൾ മാത്രമല്ല ഉണ്ടായിരുന്നത്. പ ക്ഷേ, പരാജയങ്ങളൊന്നും കായിക ജീവിതം മതിയാക്കണമെന്ന് എന്നെ തോന്നിപ്പിച്ചിട്ടില്ല. ഒരിക്കൽ മാത്രമാണ് അത്തരമൊരു ചിന്ത ഉണ്ടായത്.

88 ലെ സോൾ ഒളിംപിക്സിനായി ഹർഡിൽസിൽ കൂടുതൽ ശ്രദ്ധിക്കുമ്പോഴാണ് ഉപ്പൂറ്റി വേദന തുടങ്ങുന്നത്. വിശ്രമക്കുറവു കൊണ്ടാണെന്നു കരുതി അവഗണിച്ചു. പതിയെ വേദന രണ്ടുകാലിനേയും ബാധിച്ചു. അക്കാലത്ത് എ ല്ലാ വർഷവും രണ്ടു മാസം ലണ്ടനിൽ പരിശീലനത്തിനു പോകും. അവിടെ വച്ചു വേദന കൂടിയപ്പോൾ ഡോക്ടറെ കാണിച്ചു. പ്ലാന്റാർ ഫേഷ്യ എന്ന അസുഖമായിരുന്നു അ ത്. കോർട്ടിസോൺ കുത്തിവയ്പ്പു വേണം. അതു ചെയ്യുമ്പോൾ മൂന്നു ദിവസത്തേക്ക് കാലിൽ നല്ല വേദനയായിരിക്കും. പിന്നെ കുറഞ്ഞു വരും. ഒന്നു കഴിഞ്ഞാണ് അടുത്ത കാലിൽ ചെയ്യുക.

ഒളിംപിക്സിൽ പങ്കെടുത്തപ്പോൾ ഫോമിലല്ലാത്തതു കൊണ്ടു പരാജയപ്പെട്ടു. അന്ന് എല്ലാവരും എന്നെ കുറ്റപ്പെടുത്തി. വീടിനു നേരെ കല്ലേറുണ്ടായി. അതെന്നെ വിഷാദത്തിലാക്കി. അതുവരെയുള്ള നേട്ടങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ടാണ് എല്ലാവരും മറന്നത്. അമ്മയാണ് തുണയായി നിന്നത്. അച്ഛന്റെ മരണശേഷം എനിക്കു തുണയായി അമ്മയിപ്പോഴും കൂടെത്തന്നെയുണ്ട്.

pt-usha-vanitha-88

വിഷാദം മാറിയപ്പോൾ വീണ്ടും ഓടണം, തലയുയർത്തി പിടിച്ചു വേണം ട്രാക്കിൽ നിന്നിറങ്ങാൻ എന്നെനിക്കു വാശിയായിരുന്നു. ഏഷ്യൻ ചാംപ്യൻഷിപ്പിൽ നാലു സ്വർണവും രണ്ടു വെള്ളിയും നേടിയാണ് പകരം വീട്ടിയത്. ദേശീയ റെക്കോർഡുമിട്ടു. അന്നു മാധ്യമങ്ങൾ ‘ഫീനിക്സ് പക്ഷി’ എന്നൊക്കെയാണ് വിളിച്ചത്.ആ ദിവസം ഞാൻ നന്നായി ആഹ്ലാദിച്ചു. വീണ്ടും സ്പോർട്സിലേക്കില്ലെന്ന് ഉറപ്പിച്ചതും അന്നുതന്നെയാണ്.

വീട്ടിൽ വന്നു നന്നായി ഭക്ഷണം കഴിച്ചു. വണ്ണം വ യ്ക്കാൻ അമ്മാവൻ ലേഹ്യം വാങ്ങിത്തന്നു. റെയിൽവേയിൽ ജോലിയുമൊക്കെയായി സന്തോഷകരമായ നാളുകൾ. ആറുമാസം കഴിഞ്ഞപ്പോൾ സ്പോർട്സ് ഭാരവാഹികൾ വീട്ടിൽ വന്നു. ‘രാജ്യത്തിനു വേണ്ടിയല്ലേ’എന്ന ചോദ്യത്തിനു മുന്നിൽ ഞാൻ വീണു. അന്നത്തെ മത്സരത്തിൽ ഞാൻ മാത്രമാണ് ഇന്ത്യയിൽ നിന്നു മെഡൽ നേടിയത്.

‘ഇനി കല്യാണം’ എന്നു അമ്മാവൻമാർ വാശി പിടിച്ചുതുടങ്ങി. നാഷനൽ കബഡി താരമായിരുന്നു ശ്രീനിയേട്ടൻ. മലപ്പുറത്ത് പൊന്നാനിയിലാണ് വീട്. ഞങ്ങൾ തമ്മിൽ അകന്നൊരു ബന്ധമുണ്ട്. സിഐഎസ്എഫിലായിരുന്നു (കേന്ദ്ര വ്യവസായ സുരക്ഷാ സേന) ജോലി. 91 ലാണ് കല്യാണം. അടുത്ത വർഷം മോൻ ജനിച്ചു. പ്രസവ സമയം കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു. ബ്ലീഡിങ്ങിനെ തുടർന്നു എന്റെ യൂട്രസ് നീക്കം ചെയ്യേണ്ടി വന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഭാഗ്യം തന്നെയാണ്.

ശ്രീനിയേട്ടന്റെ വീട്ടുകാർ എന്റെ ഇഷ്ടത്തേയും കഴിവിനെയും പ്രോത്സാഹിപ്പിക്കുന്നവരാണ്. അങ്ങനെയാണ് വീണ്ടും സ്പോർട്സിലേക്ക് തിരിച്ചു വന്നത്. അന്ന് മത്സരങ്ങളിൽ നിരന്തരം പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ശ്രീനിയേട്ടൻ ആശ്വസിപ്പിച്ചു. ‘‘ആദ്യം തോൽക്കാൻ പഠിക്കൂ ഉഷ. പതുക്കെ ജയിച്ചു വരാം.’’ പിന്നെ ഓടി ഓടി തോൽക്കാൻ പഠിച്ചു. തോറ്റു തോറ്റു ജയിക്കാൻ തുടങ്ങി. ജയിച്ചപ്പോൾ പിന്നെ വിട്ടു കൊടുത്തതുമില്ല. എന്നിട്ടും വീണ്ടും അപമാനിതയായി സ്പോർട്സ് വിടാൻ തീരുമാനിക്കേണ്ടി വന്നു.

ഹിരോഷിമ ഏഷ്യൻഗെയിംസിനു മുൻപായി ഫൈനൽ ട്രയലിൽ യോഗ്യത നേടാൻ ഞാൻ മത്സരിക്കുന്നുണ്ട്. അന്നു കൂടെ ഓടേണ്ട മത്സരാർഥികൾ എന്നോടുള്ള എതിർപ്പുമൂലം ഓടാൻ തയാറാകാതെ ട്രാക്കിൽ നിന്നു വിട്ടുപോയി. പേസ് റണ്ണർമാരും ഉണ്ടായിരുന്നില്ല. എട്ടു ട്രാക്കിലായി ആകെ ഞാൻ മാത്രം. പ്രതിസന്ധികളിൽ കുലുങ്ങില്ലെങ്കിലും അന്ന് ഒത്തിരി സങ്കടം വന്നു. ഗ്രൗണ്ടിലിറങ്ങിയാൽ ഓടാതെ ‍ഞാൻ തിരിച്ചു കയറാറില്ല. അന്നത്തെ ചീഫ് ഗസ്റ്റിനു കാണാനായി ഗ്രൗണ്ടിൽ വെറുതേ ഓടി ഞാൻ റൂമിൽ തിരിച്ചു വന്നു. മകൻ അന്ന് ചെറിയ കുട്ടിയാണ്. റൂമിൽ വന്നു ശ്രീനിയേട്ടനോട് പറഞ്ഞു.‘എനിക്ക് എത്രയും പെട്ടെന്നു ഇവിടെ നിന്നു പോകണം.’ ആശ്വസിപ്പിക്കലുകൾക്കൊന്നും െചവി കൊടുത്തില്ല. ടിക്കറ്റ് റദ്ദാക്കി അന്നു തന്നെ ഞങ്ങൾ തിരിച്ചു പോന്നു.

‘ഏഷ്യയിലെ മികച്ച താരം’ എന്ന വിശേഷണം അത്ര എ ളുപ്പത്തിൽ ഉണ്ടാക്കിയതല്ല. 1985 ലെ ജക്കാർത്ത ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമടക്കം ആറു മെഡലുകളായിരുന്നു. ഇത് ഇപ്പോഴും റെക്കോർഡാണ്.

ചെറുപ്പത്തിൽ എനിക്കു ടോൺസിലൈറ്റിസിന്റെ പ്രശ്നമുണ്ടായിരുന്നു. ടോൺസിൽ സർജറി ചെയ്തു നീക്കിയതാണ്. അങ്ങനെയാണ് ശബ്ദം പരുപരുത്തതായത്. ഞാൻ ആണാണെന്നു ചിന്തിക്കുകയും കളിയാക്കുകയും ചെയ്തവരുണ്ടായിരുന്നു. മകനുണ്ടായതോടെയാണ് കളിയാക്കലിന് അവസാനമുണ്ടായത്.

മകൻ വിഗ്‌നേഷ് ഉജ്വൽ ഡോക്ടറാണ്. സ്പോർട്സ് മെഡിസിനിലാണ് സ്പെഷലൈസേഷൻ. ഫുട്ബോളായിരുന്നു കൂടുതൽ താൽപര്യം. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അത്‍ലറ്റിക് ദേശീയ ക്യാംപിൽ ടീം ഡോക്ടറായാണ് നിയമനം ലഭിച്ചിട്ടുള്ളത്. ഇപ്പോൾ എന്റെയും ശ്രീനിയേട്ടന്റെയും ഒപ്പം ഉഷാ സ്കൂളിലാണ് ജോലി ചെയ്തു വരുന്നത്.

ഞങ്ങളുടെ കുലദൈവം ഗണപതിയാണ്. അതുകൊണ്ടാണ് മകന് ആ പേരിട്ടത്. അവനു കല്യാണമാലോചിച്ചു തുടങ്ങിയിട്ടുണ്ട്.’’ ഉഷയുടെ മുഖത്ത് വീണ്ടും ചിരി.

ഇതായിരുന്നു എന്റെ സ്വപ്നം

‘സ്പോർട്സ് അല്ലാതെ മറ്റൊരു ഇഷ്ടവും ഇല്ലേ, സിനിമ പോലും കാണാറില്ലേ’ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. മിൽഖാ സിങ്ങിന്റെ ബയോപിക് ‘ഭാഗ് മിൽഖാ ഭാ ഗ്’ ആണ് ഇഷ്ടത്തോടെ കണ്ട സിനിമ. പിന്നെ ‘ചക്ദേ ഇന്ത്യ’യും കണ്ടിട്ടുണ്ട്. ഭക്തിഗാനങ്ങളും മെലഡി പാട്ടുകളും ഇഷ്ടമാണ്. സ്പോർട്സിനോളം വലിയ മറ്റൊരിഷ്ടമുണ്ട്. അത് വീടു വൃത്തിയാക്കലാണ്. വീടും പരിസരവും ഭംഗിയോടെയും ചിട്ടയോടെയും സൂക്ഷിക്കുക. അതിനു വേണ്ടി എത്ര സമയം വേണമെങ്കിലും ചെലവഴിക്കും.

ഈ 58ാം വയസ്സിലും സ്പോർട്സിൽ നിന്നു റിട്ടയർ ചെയ്യരുത് എന്നാണ് ആഗ്രഹം. സ്പോർട്സിൽ നിന്നു വിരമിച്ച ശേഷം രണ്ടായിരത്തിലാണ് ‘ഉഷ സ്കൂൾ ഓഫ് അത്‌ലക്റ്റിക്സി’നു തുടക്കമിടുന്നത്. ആദ്യം കൊയിലാണ്ടിയിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു അക്കാദമി തുടങ്ങിയത്. ആദ്യ ബാച്ചിൽ 12 കുട്ടികളാണുണ്ടായിരുന്നത്. പിന്നീട് കിനാലൂരിലേക്ക് സ്വന്തമായി കെട്ടിടം വച്ചു മാറി.

കായികരംഗത്ത് ശോഭിക്കാൻ അവസരമില്ലാത്ത പിന്നാക്കവസ്ഥയിലുള്ള കുട്ടികളുണ്ട്. അവർക്ക് കഴിവും പരിശ്രമവും കൊണ്ട് ഒളിംപിക്സിൽ വരെ എത്താൻ വേദിയൊരുക്കുക എന്നതാണ് അത്യാധുനിക സൗകര്യങ്ങളുള്ള

അക്കാദമി കൊണ്ടുദ്ദേശിക്കുന്നത്.

കൃത്യമായ യോഗ്യതകൾ ഉള്ളവരെയാണ് അക്കാദമിയിലേക്കു എടുക്കുന്നത്. ചുരുങ്ങിയത് നാലു വർഷത്തോളം പരിശീലനം നൽകി നിരീക്ഷിച്ചാണ് യോജിച്ച മത്സരയിനം തീരുമാനിക്കുന്നത്.സ്പോർട്സ് ഡോക്ടർ, ഫിസിയോ തെറപിസ്റ്റ്, കോച്ച് തുടങ്ങി അവർക്ക് ആവശ്യമായ പ്രഫഷനൽസ് എല്ലാവരുമുണ്ട്.

2002 ൽ അക്കാദമിയിൽ എത്തിച്ചേർന്ന അത്‍ലീറ്റ് ടിന്റു ലൂക്ക, 2018ൽ റെയിൽവേയിൽ ഓഫിസർ റാങ്കിലുള്ള ജോലിയോടു കൂടിയാണ് അക്കാദമിയിൽ നിന്നു പോകുന്നത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ കയ്യിലേക്ക് ഒരു ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് വച്ചു കൊടുത്തു. ടിന്റു അതുവരെ നേടിയ നേട്ടങ്ങളുടെ ആകെ തുക ആ പാസ്ബുക്കിലുണ്ടായിരുന്നു.

അക്കാദമിയുടെ തുടക്കകാലത്ത് ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. പെർഫോമൻസ് നല്ലതായപ്പോഴാണ് സ്പോൺസർഷിപ്പ് ലഭിച്ചു തുടങ്ങിയത്. ഓരോ ഘട്ടത്തിൽ ആവശ്യമായ സഹായങ്ങൾ ഗവൺമെന്റും നല്‍കിയിട്ടുണ്ട്. ഇന്നു 25 കുട്ടികളുണ്ട്. കൂടുതലും കേരളത്തിനു പുറത്തുള്ളവരാണ്.

എനിക്കു കിട്ടാതെ പോയ ഒളിംപിക് മെഡൽ അക്കാദമിയിലെ എന്റെ കുട്ടികൾക്കു കിട്ടണം. 2012 ൽ ടിന്റു നേടേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതു വഴുതി പോയി. അന്ന് അവളുടെ കൂടെ ഓടിയവരെല്ലാം ഉത്തേജകമരുന്നു വിവാദത്തിലും മറ്റുമായി വിലക്കു നേരിടേണ്ടി വന്നവരാണ്.

2028 ൽ ലൊസാഞ്ചലസിൽ വച്ചാണ് ഒളിംപിക്സ് വരുന്നത്. 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന് എനിക്ക് ഒളിംപിക് മെഡൽ നഷ്ടപ്പെട്ട അതേ നഗരം. അവിടെ എന്റെ കുട്ടികൾ മെഡൽ നേടും.

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ : അരുൺ പയ്യടിമീത്തൽ

കടപ്പാട്: വനിത ആർക്കൈവ്സ് (2023ൽ പ്രസിദ്ധീകരിച്ച ലേഖനം)