Thursday 05 September 2024 10:59 AM IST : By സ്വന്തം ലേഖകൻ

‘എന്നെ രക്ഷപ്പെടുത്തല്ലേ, ‍ഞാൻ മരിക്കാൻ വേണ്ടി തീ വച്ചതാണ്’: കത്തിയമരുമ്പോഴും മണികണ്ഠൻ പറഞ്ഞു: മക്കളെ രക്ഷിച്ചത് നാട്ടുകാർ

purangu-home പുറങ്ങ് പുളിക്കക്കടവ് എറാട്ട് മണികണ്ഠന്റെ വീട്ടിലെ ഫർണിച്ചർ കത്തിനശിച്ച നിലയിൽ.

അയൽവാസികളുടെ സമയോചിതമായ ഇടപെടലിൽ പുറങ്ങിലെ വീടിനുള്ളിലെ അഗ്‍നിബാധയിൽ കുടുങ്ങിയ 2 പേരുടെ ജീവൻ രക്ഷപ്പെടുത്താനായി. പുറങ്ങ് പുളിക്കകടവ് എറാട്ട് മണികണ്ഠന്റെ വീടിനുള്ളിലെ അഗ്‍നി ബാധയിൽ നിന്നാണ് മക്കളായ നന്ദന, അനിരുദ്ധൻ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഗുരുതരമായ പൊള്ളലേറ്റതിനെ തുടർന്ന് കുടുംബനാഥൻ മണികണ്ഠൻ, മാതാവ് സരസ്വതി, ഭാര്യ റീന എന്നിവർ മണിക്കൂറുകൾക്കുള്ളിൽ മരിച്ചിരുന്നു.. 

മണികണ്ഠന്റെ സമീപത്തെ സജീവിന്റെ വീട്ടിലെ പാൽ കാച്ചൽ ചടങ്ങിനു വേണ്ടി സജീവും കുടുംബവും ഒന്നരയോടെ ഉറക്കമുണർന്നപ്പോഴാണ് തൊട്ടടുത്തുള്ള വീട്ടിൽനിന്ന് തീ പടരുന്നതും കാണുന്നത്. വീട്ടിനുള്ളിൽ നിന്ന് നിലവിളി ശബ്ദവും കരിഞ്ഞ മണവും വന്നതോടെ നാട്ടുകാർ ഓടിക്കൂടി വീടിന്റെ വാതിൽ തുറന്ന്  5 പേരെയും പുറത്തെത്തിക്കുകയും തീ അണയ്ക്കുകയും ചെയ്തു. മരിച്ച 3 പേരുടെ ദേഹം മുഴുവനും പൊള്ളലേറ്റിരുന്നു.

വീട്ടിനുള്ളിൽ കുടുങ്ങിയ മക്കളെ കൃത്യ സമയത്ത് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊള്ളലേറ്റ മണികണ്ഠനെ രക്ഷപ്പെടുത്തിനിടെ എന്നെ രക്ഷപ്പെടുത്തല്ലേ ‍ഞാൻ മരിക്കാൻ വേണ്ടി തീ വച്ചതാണെന്ന് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. വീടിന് തീ പിടിച്ചതാകാമെന്നാണ് നാട്ടുകാരും പൊലീസും കരുതിയെങ്കിലും പെട്രോൾ ഒഴിച്ചാണ് വീടിനുള്ളിൽ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.  2 ആഴ്ച മുൻപാണ് മകൾ നന്ദനയുടെ വിവാഹം ഉറപ്പിച്ചത്.