Thursday 20 June 2024 12:03 PM IST : By സ്വന്തം ലേഖകൻ

പ്രണയ വിവാഹം, രണ്ടു വർഷമായി വേർപിരിഞ്ഞ് താമസം; വിവാഹമോചനത്തിന് തയാറാകാത്തത് പ്രകോപിപ്പിച്ചു! ഭാര്യയെ കൊലപ്പെടുത്തി മനോജ്

raji-demise

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. പുരവിമല സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മടങ്ങും വഴിയാണ് മനോജ് രാജിയെ കുത്തിവീഴ്ത്തിയത്.

പ്രണയ വിവാഹിതരായ മനോജും രാജിയും രണ്ടു വർഷമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു രാജി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇവരില്‍ ഒരു കുട്ടി രാജിയുടെ കൂടെയും രണ്ടാമത്തെ കുട്ടി മനോജിന്റെ കൂടെയുമാണ് താമസം. രാജി വിവാഹമോചനത്തിന് തയാറാകാതിരുന്നതാണ് മനോജിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നു വാങ്ങി മടങ്ങുകയായിരുന്നു രാജി. കത്തിയുമായി കാത്തു നിന്ന മനോജ് രാജിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജി കുട ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖത്തും കഴുത്തിലും കുത്തേറ്റു. ഓടിക്കൂടിയ നാട്ടുകാർ രാജിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സാധാരണ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാറു‍ള്ള രാജി ഇന്നലെ മഴയായതിനാല്‍ ആശുപത്രിയിലേക്കു നടന്നു പോകുകയായിരുന്നു. മനോജിന്റെ വീടിനു മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോകേണ്ടത്. രാജി പോകുന്നത് മനോജ് കണ്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

രാജി തിരികെ വന്നപ്പോൾ തമ്മില്‍ സംസാരിച്ചു. തുടർന്നാണ് മനോജ് കത്തിയെടുത്ത് കുത്തിയത്. ആക്രമണത്തിനിടെ മനോജിന്റെ കയ്യിലും പരുക്കേറ്റു. ഇയാളെ പിന്നീട് നെയ്യാർഡാം പൊലീസ് പിടികൂടി. തിരക്കേറിയ റോഡിൽ നടന്ന അരുംകൊല നാടിനെ നടുക്കി. അമ്പൂരി മായം ഈരൂരിക്കൽ വീട്ടിൽ കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മേരിക്കുട്ടിയുടെയും ഏകമകളാണ് രാജി. 39 വയസ്സായിരുന്നു. മനോജിന് 50 വയസ്സുണ്ട്.

Tags:
  • Spotlight