ADVERTISEMENT

മഴക്കിടെ പുലർച്ചെ പെട്ടെന്നൊരു ശബ്ദം കേട്ടാണു ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നത്. മകൻ ദീപു വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഏറെ പണിപ്പെട്ട് മകൻ പുറത്തിറങ്ങിയെങ്കിലും ആമവാതം ബാധിച്ച് കിടപ്പിലായ എനിക്ക് ഒന്നും ചെയ്യാനായില്ല. കള്ളിത്തൊടിയിൽ മഴയിൽ ഇടിഞ്ഞുവീണ വീടിനകത്ത് അകപ്പെട്ട കെ. റീനയുടെ വാക്കുകളാണിത്. പുലർച്ചെ 5.30നു പെയ്ത കനത്ത മഴയിലാണ് റീനയുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന നൊടിച്ചിപ്പാറ പറമ്പിലെ വീടിന്റെ മുൻഭാഗം തകർന്നത്. 

ചുമർ ഭിത്തി ഇടിഞ്ഞുവീണു വാതിൽ തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. കഷ്ടപ്പെട്ട് പുറത്തുചാടിയ മകൻ അയൽക്കാരെയും വീട്ടുടമയെയും അറിയിച്ചു. സമീപവാസികൾ ഓടിയെത്തിയെങ്കിലും ശക്തമായ മഴ പെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഇതിനകം വീട്ടുടമ ഫറോക്ക് ചന്ത കുറ്റിയിൽ ആഷിഖും എത്തി. നാട്ടുകാരുടെ സഹായത്തോടെ തകർന്ന ഭിത്തിയുടെ ഭാഗം നീക്കിയാണ് റീനയെ പുറത്തെത്തിച്ചത്. കൗൺസിലർ കെ. വിജിത കുമാരി ഇടപെട്ടു സമീപത്തെ അങ്കണവാടിയിലേക്ക് ഇവരെ മാറ്റി. കോഴിക്കോട് സ്റ്റേഡിയം പരിസരത്തായിരുന്നു കളരിക്കൽ റീനയുടെ വീട്. 

ADVERTISEMENT

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഭർത്താവ് ബാലൻ 9 വർഷം മുൻപ് മരിച്ചു. ഏക മകൻ ദീപുവാണ് കുടുംബം നോക്കുന്നതും റീനയെ പരിചരിക്കുന്നതും. ചെറുപ്പത്തിൽ പോളിയോ ബാധിച്ച് കൈകാലുകൾക്കു സ്വാധീനക്കുറവുള്ള റീന പ്രയാസപ്പെട്ടാണെങ്കിലും വീട്ടിനകത്ത് നടക്കുമായിരുന്നു. 2010 ൽ ചെറുവണ്ണൂർ കോട്ടലാടയിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുമ്പോൾ മുറിയിൽ വീണു കൈ എല്ല് പൊട്ടിയിരുന്നു. ഇപ്പോൾ 14 വർഷമായി പരസഹായമില്ലാതെ നടക്കാൻ പറ്റുന്നില്ല. വീട്ടിൽ കസേരയിലും കട്ടിലിലുമായാണ് ജീവിതം. 30 വർഷത്തിൽ ഏറെയായി വാടക വീട്ടിലാണ് ഇവർ താമസം. 

നാലു വർഷം മുൻപ് ബേപ്പൂരിൽ നിന്നാണു കള്ളിത്തൊടിയിലേക്ക് എത്തിയത്. മാർബിൾ ജോലിക്കാരനായ ദീപു പണിക്കു പോകും മുൻപ് ഭക്ഷണം പാകം ചെയ്തു അടുത്ത് വയ്ക്കും. അതെടുത്തു കഴിക്കാൻ പറ്റുമെങ്കിലും പാത്രം കഴുകാൻ പോലും കഴിയില്ലെന്നു കെ. റീന പറഞ്ഞു. സ്വന്തമായി വീടെന്ന ഇവരുടെ സ്വപ്നം ഇന്നും അകലെയാണ്. ഭൂമി ഇല്ലാത്തതിനാൽ നഗരസഭ അധികൃതരും നിസ്സഹായരാണ്. സുമനസ്കരുടെ കരുണയുണ്ടെങ്കിൽ മാത്രമേ കുടുംബത്തിന്റെ സ്വപ്നം സഫലമാകൂ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT