Wednesday 07 February 2024 11:39 AM IST

വാഴയിലയിലെ പൊതിച്ചോര്‍ ട്രെൻഡായി... സ്നാക്സ് മുതൽ പായസവും ബിരിയാണിയും വരെ: ഇത് രേഷ്മയുടെ വിജയഗാഥ

Merly M. Eldho

Chief Sub Editor

reshma-food-14

ഒരു സ്പൂൺ ആത്മവിശ്വാസം, രണ്ടു തവി ആത്മാർഥത, ഒരു കൊട്ട നിറയെ സ്നേഹം, പിന്നെ കൈ നിറയെ കൈപ്പുണ്യവും.. ഇവയെല്ലാം കൈമുതലായി ഉണ്ടെങ്കിൽ സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ വരുമാനമുണ്ടാക്കാം എന്നു തെളിയിച്ചവനിതകൾ. അവരുടെ രുചിവിഭവങ്ങളും വിജയരഹസ്യവും പങ്കുവയ്ക്കുന്നു വനിത.

പൊതിച്ചോറിലാണ് എന്റെ തുടക്കം: രേഷ്മ, എറണാകുളം

വാഴയിലയിലെ പൊതിച്ചോര്‍ എന്നു കേള്‍ക്കുമ്പോളേ മലയാളിയുടെ നാവില്‍ കൊതി നിറയും. ഈ മനഃശാസ്ത്രം മനസ്സിലാക്കിയാണ് കൊച്ചി കാക്കനാട്ടുള്ള രേഷ്മ ജോണ്‍സണ്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. 2017 മുതല്‍ രേഷ്മ കിച്ചണ്‍ എന്ന പേരില്‍ രേഷ്മ ഫൂഡ് ബിസിനസില്‍ സജീവമാണ്.

‘‘സുഹൃത്തുക്കളുടെ വീട്ടിലെ പാര്‍ട്ടികള്‍ക്ക് പായസവും ബിരിയാണിയും റൈസും സ്നാക്സും ഉണ്ടാക്കി കൊ ടുക്കാറുണ്ടായിരുന്നു. അവരാണ് ഇതൊരു ബിസിനസായി വളര്‍ത്താന്‍ പ്രേരിപ്പിച്ചത്. പിറ്റേന്നത്തേക്കു തയാറാക്കുന്ന വിഭവങ്ങളുടെ ലിസ്റ്റ് ഞങ്ങളുടെ വില്ല അസോസിയേഷന്റെ വാട്സ് ആപ് ഗ്രൂപ്പില്‍ ഞാന്‍ ഇട്ടു തുടങ്ങി. അതുകണ്ട് പലരും ഓര്‍ഡര്‍ ചെയ്തു. ആഹാരം ഇഷ്ടമായവര്‍ വീടുകളിലെ ഫങ്ഷനുകള്‍ക്കുള്ള ഓര്‍ഡറുകളും നല്‍കി.’’ രേഷ്മ പറയുന്നു. മാതാപിതാക്കളും മക്കളായ ഋത്വികും റോഹനും മറ്റു കുടുംബാംഗങ്ങളുമാണ് രേഷ്മയ്ക്കു പിന്തുണ.

ഓണത്തിനു പായസമുള്‍പ്പെടെയുള്ള കറി കിറ്റ്, ക്രിസ്മസിനും ഈസ്റ്ററിനും സ്പെഷല്‍ കറികള്‍ എന്നിവയും രേഷ്മ കിച്ചണ്‍ വിതരണം ചെയ്യുന്നു. ഒപ്പം ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ ഫൂഡുകളും. ആവശ്യം അനുസരിച്ച് മിനി, ജംബോ, സ്പെഷല്‍ ഇങ്ങനെ മൂന്നുതരത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നുണ്ട്.

‘‘ഫ്രെഷായ ചേരുവകള്‍ കൊണ്ടാണ് ഭക്ഷണം തയാറാക്കുന്നത്. നഷ്ടം വന്നാലും ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു കോംപ്രമൈസുമില്ല.’’ രേഷ്മ.

കരിമീൻ പൊള്ളിച്ചത്

1. കരിമീന്‍ – രണ്ട് ഇടത്തരം

2. മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

നാരങ്ങാനീര്/വിനാഗിരി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍

4. സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

5. ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത്

വെളുത്തുള്ളി – ഒരു കുടം, അരിഞ്ഞത്

പച്ചമുളക് – രണ്ട്–മൂന്ന്, അരിഞ്ഞത്

6. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

ഉലുവാപ്പൊടി – അര ചെറിയ സ്പൂണ്‍

7. തക്കാളി – രണ്ടു ചെറുത്, അരി​ഞ്ഞത്

8. കട്ടിത്തേങ്ങാപ്പാല്‍ – കാല്‍ കപ്പ്

9. കറിവേപ്പില – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മീന്‍ വെട്ടിക്കഴുകി മസാല പുരട്ടി 15 മിനിറ്റ് വ യ്ക്കുക.

∙ പാനില്‍ ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി മീന്‍ തിരിച്ചും മറിച്ചുമിട്ടു വറുത്തു വയ്ക്കണം. അ ധികം മൂത്തു പോകരുത്.

∙ ഇതേ പാനില്‍ ബാക്കി എണ്ണ ചൂടാക്കി സവാള വഴറ്റ ണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു വ ഴറ്റുക.

∙ പച്ചമണം മാറുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റിയ ശേഷം കട്ടിയുള്ള തേങ്ങാപ്പാലൊഴിക്കുക. ഇതു മസാലയില്‍ വഴറ്റിയെടുക്കണം.

∙ വാട്ടിയ വാഴയിലയില്‍ തയാറാക്കിയ മസാല അ ല്‍പം വച്ച ശേഷം മുകളില്‍ മീന്‍വറുത്തതു വയ്ക്കണം. ഇതിന്റെ മുകളില്‍ ബാക്കി മസാല വച്ച ശേഷം കറിവേപ്പില വിതറി ഇല പൊതിഞ്ഞെടുക്കുക.

∙ മീന്‍ വറുത്ത അതേ പാനില്‍ തന്നെ ഇലപ്പൊതി വച്ച് ചെറിയ തീയില്‍ തിരിച്ചും മറിച്ചുമിട്ട് മീന്‍ പൊ ള്ളിച്ചെടുക്കാം.