Wednesday 22 May 2024 02:49 PM IST : By Jikku Varghese

റവ.വയലറ്റ് നായക് സിഎൻഐ സഭയുടെ ആദ്യ വനിതാ ബിഷപ്; വനിതാ ബിഷപ്പിനെ നിയമിക്കുന്ന രണ്ടാമത്തെ പ്രമുഖ ക്രൈസ്തവസഭ

rev-violet-nayak-first-woman-bishop-cni-church-cover സിഎൻഐ സഭയുടെ ആദ്യ വനിതാ ബിഷപ്പായി റവ.വയലറ്റ് നായക് സ്ഥാനാരോഹണം ചെയ്യുന്നു; ഫോട്ടോ: ജോസുകുട്ടി പനയ്ക്കൽ

റവ.വയലറ്റ് നായക് ഇന്ത്യയുടെ വനിത ചരിത്രത്തിലെ തിളക്കമുള്ള പേരുകളിൽ ഓന്നായി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിതാ ബിഷപ്പാണ് റവ.വയലറ്റ് നായക്. ഒഡീഷയിലെ ഫുൽബാനി മഹാ ഇടവക ബിഷപ്പായി റവ.വയലറ്റ് നായക് (55) ഇന്നലെ സ്ഥാനമേറ്റു. സിഎസ്ഐ സഭയാണ് ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തത്.

rev-violet-nayak-first-woman-bishop-cni-church-after-ordination സ്ഥാനാരോഹണചടങ്ങിനു ശേഷം മറ്റു ബിഷപ്പുമാരോ‍ടൊപ്പം റവ.വയലറ്റ് നായക് ; ഫോട്ടോ: ജോസുകുട്ടി പനയ്ക്കൽ

ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഒരു പ്രമുഖ ക്രൈസ്‌തവസഭ വനിതാ ബിഷപ്പിനെ നിയോഗിക്കുന്നത്. 2013ൽ സിഎസ്ഐ സഭ ആന്ധ്രയിലെ നന്ദ്യാൽ മഹാ ഇടവക ബിഷപ്പായി ഇ. പുഷ്‌പലളിതയെ നിയമിച്ചിരുന്നു. 1996ൽ ആന്ധ്രയിൽ ഗുഡ് സമരിറ്റൻ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിന്റെ ബിഷപ്പായി ഡോ. അലിവേളി കടാക്ഷമ്മയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ കുറച്ചു പള്ളികളേ ഈ സഭയ്‌ക്കുണ്ടായിരുന്നുള്ളൂ; വിശ്വാസികളും.

2001 മുതൽ ഫുൽബാനി മഹാ ഇടവകയിലെ പുരോഹിതയാണ് റവ.വയലറ്റ് നായക്. സെറാംപുർ സർവകലാശാലയിൽ നിന്ന് ബി.ഡി (ബാച്ചിലർ ഓഫ് ഡിവിനിറ്റി) പൂർത്തിയാക്കി. ഭർത്താവ്: സമീർ സാഹു.

rev-violet-nayak-first-woman-bishop-cni-church-with-husband ബിഷപ്പ് റവ.വയലറ്റ് നായക് ഭർത്താവ് സമീർ സാഹുവിനൊപ്പം; ഫോട്ടോ: ജോസുകുട്ടി പനയ്ക്കൽ

2008–2010ൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്ന ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലാണ് ഫുൽബാനി മഹാ ഇടവക. 23 സംസ്ഥാനങ്ങളിലും 6 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി സിഎൻഐയ്ക്ക് 28 മഹാ ഇടവകകളും 4,500ലധികം ഇടവകകളും 22 ലക്ഷം വിശ്വാസികളുമുണ്ട്. 2,253 പുരോഹിതരിൽ 61 പേർ വനിതകളാണ്.

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് അടക്കം സിഎൻഐ സഭയുടെ കീഴിലാണ്. ഡൽഹിയാണ് ആസ്ഥാനം.

rev-violet-nayak-first-woman-bishop-cni-church-procession-ordination സ്ഥാനാരോഹണ പ്രദക്ഷിണം, ചടങ്ങിനു ശേഷം പള്ളിക്കു മുമ്പിൽ

ഡൽഹിയിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിന് സിഎൻഐ മോഡറേറ്റർ റവ.ബി.കെ. നായക് മുഖ്യകാർമികത്വം വഹിച്ചു. പുണെ ബിഷപ് റവ.ആൻഡ്രൂ ബി റാത്തോഡ്, സിഎൻഐ ജനറൽ സെക്രട്ടറി ഡോ.ഡി.ജെ. അജിത്കുമാർ അടക്കം പങ്കെടുത്തു.