‘തെറ്റായ വിവരം ഷെയർ ചെയ്യാൻ ഇഷ്ടം പോലെ ആളുകളുണ്ട്, ശരി ഷെയർ ചെയ്യാൻ ആളില്ല’.- തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി, ഉരുൾപൊട്ടൽ ബാധിതരായ സ്ത്രീകളെ സംബന്ധിച്ച് അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിന് ഇരയായ റിജോ പോളിന്റെ വാക്കുകളാണിത്. റിജോയുടെ വ്യാജൻ കമന്റുകൾ ഇടുമ്പോഴും കൽപറ്റ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ രാപകലില്ലാതെ സേവനം ചെയ്യുകയാണ് റിജോ.
അങ്കമാലി സ്വദേശിയായ റിജോ ബിസിനസ് സംബന്ധമായി വർഷങ്ങളായി വയനാട്ടിലാണ്. ഉരുൾപൊട്ടലുണ്ടായതിന് അടുത്ത ദിവസമാണു സംഭവങ്ങളുടെ തുടക്കം. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾക്കു താഴെ റിജോയുടെ വ്യാജ പ്രൊഫൈലിൽ നിന്ന്, ഇരകളായ സ്ത്രീകൾക്കെതിരെ അശ്ലീല സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. ചോദ്യം ചെയ്തവരോട് ഇയാൾ മോശമായി സംസാരിക്കുകയും റിജോയുടെ ഫോൺനമ്പർ അടക്കം എല്ലാവർക്കും അയയ്ക്കുകയും ചെയ്തു.
റിജോ അല്ല പ്രതിയെന്നു മനസ്സിലാക്കിയ കലക്ടർ, ജില്ലാ ജഡ്ജി എന്നിവരുടെ നിർദേശ പ്രകാരം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിജോ നിരപരാധിയാണെന്നും അശ്ലീല സന്ദേശങ്ങൾ വ്യാജ അക്കൗണ്ടിൽ നിന്നാണെന്നു കണ്ടെത്തിയിട്ടും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇതു പ്രചരിക്കുന്നുണ്ട്. റിജോയ്ക്കെതിരെ തെറ്റായ പോസ്റ്റ് പ്രചരിപ്പിച്ച പലരും തിരുത്താൻ തയാറായിട്ടുമില്ല. വീട്ടുകാരും നാട്ടുകാരും ക്യാംപിലുള്ളരും വാസ്തവമറിഞ്ഞു കൂടെ നിൽക്കുന്നതാണ് റിജോയുടെ ആത്മവിശ്വാസം.