Saturday 04 April 2020 12:27 PM IST : By Shyama

ദുബായിൽ കോവിഡ് പരിചരണത്തിന് യന്ത്രമനുഷ്യൻ; ആ റോബോട്ടുകളുടെ തലച്ചോർ മലയാളിയുടേത് !

robot-malayalee54t7yyyh

ദുബായിൽ കോവിഡ്19 ഐസൊലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ റോബോട്ടുകളെ ഇറക്കിയ വിവരം നിങ്ങളിൽ പലരും വായിച്ചു കാണും, എന്നാൽ അതിന് പിന്നിലെ ബുദ്ധികേന്ദ്രം ഒരു മലയാളിയാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

അതെ ഇപ്പോൾ ദുബായിലെ കോവിഡ്19 പരിചരണ കേന്ദ്രത്തിൽ ഇറക്കിയ റോബോട്ടുകൾക്കു പിന്നിൽ അലിറിസ അബ്ദുൾ ഗഫൂർ എന്ന കോഴിക്കോട്ടെ ബാലുശേരിക്കാരനാണ്! കഴിഞ്ഞ ഒന്നര വർഷത്തോളമായി ദുബായിലെ ഇന്നവേഷൻ ഫ്ലോർ എന്ന കമ്പനിയുടെ പാർടനറും ചീഫ് റോബോട്ടിക്സ് ഓഫീസറുമാണ് അലിറിസ അബ്ദുൽ ഗഫൂർ. ചൈനയിൽ കോവിഡ് രോഗപരിചരണത്തിനുപയോഗിച്ച റോബോട്ടുകളും ഇറങ്ങിയത് ഇതേ അലിറിസയുടെ നിർദേശം സ്വീകരിച്ചിട്ട് തന്നെയാണ്.

ഞാനിപ്പോൾ റെഡിയാണ്

കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്വന്തമായി നിർമിക്കുന്ന മൾട്ടിപർപ്പസ് ഡ്രോണുകളെ കുറിച്ചൊരു ലേഖനം കൊടുക്കാൻ വനിതയിൽ നിന്ന് വിളിച്ചപ്പോൾ അന്ന് അലിറിസ പറഞ്ഞൊരു വാചകമുണ്ട് "ഞാൻ റെഡിയായിട്ടില്ല, ഇത് തുടക്കം മാത്രമായിട്ടുള്ളൂ, റെഡിയാകുമ്പോൾ അങ്ങോടു വിളിക്കാം.' എങ്ങിനെയെങ്കിലും ഒന്ന് പ്രശസ്തി കിട്ടിയാൽ മതി എന്ന് കരുതി കുറേപ്പേർ വശപ്പെട്ടു നടക്കുന്ന കാലത്ത് ഇങ്ങനൊരാൾ പറഞ്ഞത് ചില്ലറയൊന്നുമല്ല അത്ഭുതപ്പെടുത്തിയത്! അതിന് ശേഷം മാസങ്ങൾ കഴിഞ്ഞ് ആ ചെറുപ്പക്കാരൻ തിരികെ വിളിച്ചു 'ഞാൻ റെഡിയാണെന്ന് തോന്നുന്നു എന്ന് പറഞ്ഞു. അന്ന് വനിതയുടെ യൂത്ത്പ്പറമ്പ് എന്ന കോളത്തിൽ അലിറിസയുടെ ഡ്രോണുകളെ കുറിച്ച് ലേഖനവും വന്നു.വർഷങ്ങൾക്ക് ശേഷം അലിറിസയെ ഇക്കാര്യം ഓർമപ്പെടുത്തിയപ്പോൾ അയാൾ പറഞ്ഞു "ഞാൻ ഇപ്പോൾ നൂറു ശതമാനം റെഡിയാണ്. എന്റെ സ്വപ്നമാണ് കണ്മുന്നിൽ യാഥാർഥ്യമായിരിക്കുന്നത്" ആ വാക്കുകളിൽ നിശയദാർഢ്യത്തിന്റെ കരുത്ത്. നാട്ടിലുള്ള 'ഫ്ലൂ അപ്പ്‌' എന്ന സ്വന്തം കമ്പനി ഇപ്പോൾ ദുബൈയിലെ ഇന്നവേഷൻ ഫ്ലോർ എന്ന കമ്പനിയുമായി ചേർന്നു. മിഡിൽ ഈസ്റ്റ്‌, നോർത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പ്രവർത്തനം.

"2014 തൊട്ട് റോബോട്ടിക്സ് ആണ് ഞാൻ ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യത്തെ റോബോട്ടിക് കാർ ഷോറൂം മാനേജർ റോബോട്ട് ഞങ്ങളാണ് ചെയ്തത്, 2018ൽ. അതിന് ശേഷം പിന്നെ യു. എ. ഇ. യിലെ പ്രൊജക്റ്റുകളാണ് ചെയ്യ്യുന്നത്. ഭക്ഷണശാലകളിലെ സർവീസ് റോബോട്ട്സ്, ഫ്രണ്ട് ഓഫീസ് റോബോട്സ്, ഹെൽത്ത്‌ കെയർ റോബോട്സ് അങ്ങിനെ റോബോട്ടിക്ക്സ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ മിക്ക കാര്യങ്ങളും ഞങ്ങൾ ചെയ്യ്യുന്നുണ്ട്. അതിനു പുറമെ ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി എന്നിവയിലുള്ള പല പ്രൊജക്റ്റുകളും ഇവിടെ ഗവണ്മെന്റിനായി ചെയ്യുന്നുണ്ട്. ഇതല്ലാതെ ജി.ഐ.എസ്. സംവിധാനം കൊണ്ടുള്ള മാപ്പിംഗ് ചെയ്യുന്നു.എന്റെ പാർട്ണർ ഇബ്രാഹിം അൽ ഒബൈദ്ലി യഹ്സാറ്റിന്റെ ബഹിരാകാശനിരീക്ഷണ ഏജൻസി വൈസ് പ്രസിഡന്റ്‌ ആണ്. അവർക്ക് വേണ്ട സാറ്റലൈറ്റ് സംബന്ധമായ ആവശ്യങ്ങൾക്കുള്ള ജോലികളും ഞങ്ങൾ ചെയ്യുന്നുണ്ട്. റോബോട്ടുകളുടെ സോഫ്റ്റ്‌വെയർ ആണ് ഞങ്ങളുടെ കമ്പനിയുടെ ഫോക്കസ്. സോഫ്റ്റ്‌വെയർ ഡെവലപ്പമെന്റ്, ഹാർഡ്‌വെയർ നിർമാണം തുടങ്ങി പല കാര്യങ്ങൾക്കായി ലോകമൊട്ടുക്ക് ഞങ്ങളുടെ കമ്പനിക്കായി മുന്നൂറിലധികം വ്യക്തികളും പല കമ്പനികളും നിലവിൽ ജോലി ചെയ്യുന്നു. കമ്പനിയുടെ ചീഫ് റോബോട്ടിക്സ് ഓഫീസറാണ് ഞാൻ.എന്റെ വീഡിയോ തന്നെ ആയിരുന്നു അത്.’’

വനിതയ്ക്ക് തന്ന ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ സമയം 2014മുതൽ ഞാൻ എല്ലാവർഷവും ഇവിടുത്തെ ടെക് മീറ്റുകൾക്ക് വരാറുണ്ടായിരുന്നു. അതുവഴിയുള്ള ബിസ്സിനെസ്സ് ആയിരുന്നു ചെയ്തിരുന്നത്. അക്കാലത്ത് സൗത്ത് ആഫ്രിക്കയിലൊക്കെ ക്ലയന്റ്സ് ആയിരുന്നു അധികവും. അങ്ങിനെയിരിക്കെ ലോകത്തെ ഏറ്റവും വലിയൊരു എ.ഐ.കോർപ്പറേറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി വന്നു. അതിലൊരു പവലിയനിൽ ഞാൻ ചെയ്യുന്ന പോലൊരു റോബോട്ട് നിൽക്കുന്നു, അനക്കമൊന്നുമില്ല. ഞാൻ അതിന്റെ ആൾക്കാരോട് പോയി ഇതെന്താ അനങ്ങാത്തതെന്ന് ചോദിച്ചു ആ സമയത്ത് ഇപ്പോഴുള്ള എന്റെ പാർട്ണർ വന്നിട്ട് ഒരു വീഡിയോ കാണിച്ചിട്ട് ഇയാൾക്ക് മാത്രമേ ഇപ്പോൾ ഇത് പ്രവർത്തിപ്പിക്കാനാകൂ എന്ന് പറഞ്ഞൊരു വീഡിയോ കാണിച്ചു. അത് എന്റെ വീഡിയോ ആയിരുന്നു!! എന്നെ മനസിലാക്കിയിട്ട് തന്നെയാണ് പുള്ളി അത് ചെയ്തത്. അവർ എന്നെക്കാണാൻ ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു എന്നും പറഞ്ഞു. അതിനിടയ്ക്കാണ് ഈ പരിപാടി വന്നത്, അവിടുത്തെ ഒരു ഭരണാധികാരി അന്ന് വരുന്നുണ്ട് അദ്ദേഹത്തിന് കാണാനായി വെച്ചതാണിത് എന്നും പറഞ്ഞു. ഭാഗ്യത്തിന് അന്ന് എന്റെ പോക്കറ്റിൽ ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള പെൻഡ്രൈവ് ഉണ്ടായിരുന്നു. അത് ഇൻസ്റ്റാൾ ചെയ്തതോടെ റോബോർട്ട് പ്രവർത്തിക്കാൻ തുടങ്ങി. അന്ന് അവിടുത്തെ മീഡിയയിലെ പ്രധാന വാർത്ത ഇതായിരുന്നു. 'പോരുന്നോ എന്റെ കൂടെ' എന്ന് സിനിമയിൽ ലാൽ ചോദിച്ചപോലെയെയാണ് എന്റെ പാർട്ണർ വഴി എനിക്ക് ഓഫർ വന്നത് അങ്ങിനെ എന്റെ ഉപ്പയുമായൊക്കെ ചർച്ച ചെയ്തിട്ട് ഈ കമ്പനിയുമായി ചേർന്നു.

അഭിമാനം ഓരോ ദിവസവും

robot-malayalee344

Covid19 സംശയമുള്ള രോഗികൾക്ക് പ്രതേകിച്ചു വിദേശത്ത് നിന്ന് വന്ന് ഐസൊലേഷൻ കഴിയുന്നവർക്കാണ് ഇപ്പോ പ്രധാനമായും ഈ സൗകര്യം ചെയ്യ്യുന്നത്. ഞങ്ങൾ ദുബായ് ഗ്ലോബൽ എക്സ്പോയക്ക് വേണ്ടി റോബോട്സിനെ നിർമിക്കുന്നത് ഇവിടുത്തെ ഗവണ്മെന്റിനു അറിയാമായിരുന്നു. ചൈന ഞങ്ങളുമായി കൺസൾട്ട് ചെയ്തിറക്കിയ വീഡിയോ ഇവിടെ വൈറൽ ആയിരുന്നു അങ്ങിനെയാണ് ഈ പ്രൊജക്റ്റ്‌ വരുന്നത്.ഈ പ്രൊജക്റ്റിനുള്ള റിസ്ക് കുറച്ചു കൂടുതലായിരുന്നു കാരണം കോവിഡ്19 ഉള്ള ഇടത്തേക്ക് പോയിട്ടാണ് ഇത് ചെയ്യേണ്ടത്. ഐസൊലേഷൻ വാർഡ് ആക്കും മുൻപേ റോബോട്സിനെ അവിടെ വെക്കണം പിന്നീട് ആളുകൾക്ക് ഇവയെ പറ്റി പറഞ്ഞു കൊടുക്കാനും നമ്മൾ തന്നെ പോകണം. ആ റിസ്ക് എടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. നാട്ടിൽ മാതാപിതാക്കളായ അബ്ദുൽ ഗഫൂറും റസിയയും ഭാര്യ റഹ്‌ഫയും ഒന്നര വയസുള്ള മകൾ ഐസ്സയുമുണ്ട്. ഇപ്പോഴുള്ള ഈ പ്രതിസന്ധികളൊക്കെ കഴിഞ്ഞയുടനെ നാട്ടിൽ വരണമെന്നാണ്."

Tags:
  • Spotlight