Wednesday 30 August 2023 03:09 PM IST

‘എഴുതുമ്പോൾ അക്ഷരങ്ങൾ വലുതായിപ്പോകുന്ന അവസ്ഥ, ഒടുവിൽ കണ്ണിലെ വെളിച്ചം കെടുത്തി വിധി’: റോജിത്ത്... ദി റിയൽ യോദ്ധ

Rakhy Raz

Sub Editor

rojith

കിക്ക് ബോക്സിങ് കേന്ദ്രത്തിന്റെ കവാടം കടക്കുമ്പോൾ ചിരിയോടെ മുന്നോട്ടു വന്നു കൈ പിടിച്ചു റോജിത്ത്. മുഖത്തേക്കു നോക്കി പുഞ്ചിരിച്ചതു കണ്ട് അന്ധാളിച്ചു. ഇനി റോജിത്തിനു ചെറുതായെങ്കിലും കാഴ്ചയുണ്ടാകുമോ? റോജിത്തിന്റെ മാസ്റ്റർ പറഞ്ഞത് കാഴ്ച തീരെയില്ലെന്നാണല്ലോ. ‘‘ആലോചിക്കണ്ട അവനു കാഴ്ച ഒട്ടുമേയില്ല. പക്ഷേ, കാതുകൾക്കു മൂർച്ചയുണ്ട്. മനസ്സിനും.’’ റോജിത്തിന്റെ കരാട്ടേ/കിക്ക് ബോക്സിങ് മാസ്റ്റർ സിബിൻ ഇസ്മയി ൽ പുഞ്ചിരിയോടെ പറഞ്ഞു

‘‘വാതിൽ പടിയിലെ ചവിട്ടടി ശബ്ദം ശ്രദ്ധിച്ചു. വരുമെന്ന് അറിയാമായിരുന്നല്ലോ. അതുകൊണ്ടു വനിതയി ൽ നിന്നുള്ളയാളാണ് എന്നുറപ്പിച്ചു.’’ റോജിത്ത് പ്രസരിപ്പോടെ പറഞ്ഞു.

ഇതാണ് റോജിത്ത് രാധാകൃഷ്ണൻ. അന്ധതയെ മ റികടന്ന് ‘യോദ്ധ’ ആകാൻ ഒരുങ്ങുന്ന ചെറുപ്പക്കാരൻ. ആലുവ യുസി കോളജിലെ മൂന്നാം വർഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥി.

ഓതിരം

‘ഈ കുട്ടി ഏതു നേരവും ഇടിപ്പടം കാണലാണല്ലോ’. അ തായിരുന്നു കുഞ്ഞുറോജിത്തിനെക്കുറിച്ചുള്ള വീട്ടുകാരുടെ പരാതി. ‘‘നാലഞ്ചു വയസ്സു മുതൽ ആക്‌ഷൻ സിനിമകൾ ആയിരുന്നു ഇഷ്ട വിനോദം. ഒരു കഥയും ഇല്ലാത്ത ഇടിപ്പടങ്ങൾ വരെ കാണും, ആക്‌ഷൻ സീനിനു വേണ്ടി മാത്രം. ചേട്ടനെ ആറേഴു വയസ്സുള്ളപ്പോൾ കാരാട്ടെ പഠിക്കാൻ ചേർത്തു. ആരോഗ്യാവസ്ഥ മോശമായതിനാൽ എന്നെ വിട്ടില്ല. കണ്ണുകൾക്കു കാഴ്ചക്കുറവ് അഞ്ചാം വയസ്സിൽ തുടങ്ങിയിരുന്നു.

സ്കൂളിലെ ടീച്ചേഴ്സ് ആണ് അതു കണ്ടെത്തി വീട്ടിൽ അറിയിക്കുന്നത്. ദൂരെയിരുന്നാൽ വായിക്കാനോ എഴുതാനോ പറ്റില്ല, എഴുതുമ്പോൾ അക്ഷരങ്ങൾ വലുതായിപ്പോകുമായിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ റെറ്റിന ഡിറ്റാച്മെന്റ് എന്ന അവസ്ഥയാണ് എന്നു പറഞ്ഞു. രണ്ടു കണ്ണുകളുടെയും കാഴ്ച ഏറക്കുറെ നഷ്ടമായപ്പോഴാണു മദ്രാസിലെ ശങ്കരാ ഹോസ്പിറ്റലിൽ പോയി ശസ്ത്രക്രിയ ചെയ്തത്. കാഴ്ച തിരികെ ലഭിച്ചു. വായിക്കുകയും എഴുതുകയും നടക്കുകയും സൈക്കിൾ ചവിട്ടുകയും ചെയ്യാൻ കഴിഞ്ഞിരുന്നു. തിരികെ കിട്ടിയ കാഴ്ച നഷ്ടപ്പെടുമോ എന്ന ഭയത്താൽ അച്ഛനും അമ്മയ്ക്കും വീടിനകത്തു പോലും ഓടിക്കളിക്കാൻ സമ്മതിക്കില്ലായിരുന്നു.

അച്ഛൻ എ.ആർ.രാധാകൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ജമുന വീട്ടമ്മ. പത്തനംതിട്ടയാണു സ്വദേശം. ചേട്ടൻ രോഹിത് രാധാകൃഷ്ണൻ സിവിൽ എൻജിനിയറിങ് കഴിഞ്ഞു കൊല്ലത്തു കൺസ്ട്രക്‌ഷൻ രംഗത്തുജോലി ചെയ്യുകയാണ്.’’

കടകം

മദ്രാസിലെ ഹോസ്പിറ്റലിൽ നിന്നും സൗകര്യാർഥം ചികിത്സ കൊച്ചിയിലെ പ്രമുഖ ഐ ഹോസ്പിറ്റലിലേക്ക് മാറ്റി. കാഴ്ച വ്യതിചലനങ്ങളില്ലാതെ മുന്നോട്ടു പോകുന്നുണ്ടായിരുന്നു. പക്ഷേ, കണ്ണടയുടെ പവർ കൂടിക്കൊണ്ടിരുന്നു. എങ്കിലും ഏതെങ്കിലും ആയോധനകല (മാർഷൽ ആർട്സ്) പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായി.

പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാക്കാലമായപ്പോൾ കാഴ്ച വ ല്ലാതെ കുറയുന്നതായി അനുഭവപ്പെട്ടു. ലേസർ ചികിത്സ ചെയ്തു. എന്നാൽ കാഴ്ച ഗണ്യമായി കുറഞ്ഞു.

കാഴ്ച കുറയുന്നതു കണക്കാക്കാതെ കരാട്ടെ പഠിക്കുന്ന സുഹൃത്തുക്കളോടൊക്കെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുമായിരുന്നു. പല മാഷ്മാരോടും എന്നെ പഠിപ്പിക്കുമോ എന്നു ചോദിച്ചു. കാഴ്ചയില്ലാത്ത ഒരാളെ പഠിപ്പിക്കാനാകില്ല എന്ന നിലപാടാണ് എല്ലാവരും എടുത്തത്. എല്ലാ മാർഷൽ ആർട്സിലും അന്ധരായവർക്കു പരിശീലിക്കാനായുള്ള പദ്ധതികൾ ഉണ്ട്. ഇതു പലർക്കും അറിയില്ല. പ്രത്യേകിച്ചു കേരളത്തിൽ.

rojith-56 റോജിത്ത് രാധാകൃഷ്ണൻ മാസ്റ്റർ സിബിൻ ഇസ്മയിലിനൊപ്പം

ഒഴിവ്

കാഴ്ച കുറയുംതോറും വീട്ടിലെ സങ്കടങ്ങൾ കൂടിവന്നു.അച്ഛനമ്മമാരുടെ വിഷമവും അപകടമുണ്ടാകാതിരിക്കാൻ വേണ്ടിയാണെങ്കിൽ പോലും അവരുടെ അധിക കരുതൽ ആത്മവിശ്വാസം കുറയ്ക്കുമായിരുന്നു. ദുർവിധി എന്റെ മനസ്സ് തകർക്കുന്നുണ്ട്. അതെനിക്കു താങ്ങാനാകുന്നില്ല. അതിനൊപ്പം വീട്ടുകാരെക്കൂടി സമാധാനിപ്പിക്കാൻ എനിക്കാകില്ലായിരുന്നു. അതിൽ നിന്നു രക്ഷപെടാനാണു ദൂരെയുള്ള കോളജിൽ പഠിക്കാൻ നിശ്ചയിച്ചത്. ഈ ആഗ്രഹം സാധിച്ചുതരികയല്ലാതെ മറ്റൊന്നും വീട്ടുകാര്‍ക്കു ചെയ്യാനുണ്ടായിരുന്നില്ല.

ആഗ്രഹിച്ചതുപോലെ യുസിയിൽ അഡ്മിഷൻ കിട്ടി. ക്ലാസ് തുടങ്ങാൻ നേരം കോവിഡ് എത്തി. അതോടെ ഓൺലൈൻ ക്ലാസ്സായി. ജൂണിൽ ഒന്നാം വർഷ ബിരുദപഠനം തുടങ്ങി. ഓഗസ്റ്റ് മാസം ആയപ്പോൾ കാഴ്ച പൂർണമായും നഷ്ടമായി. ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർ പറഞ്ഞു.

നേരിട്ടുള്ള ക്ലാസ് 2021 ലാണ് ആരംഭിച്ചത്. ഹോസ്റ്റലിൽ നിന്നു പഠനം തുടങ്ങി. ധാരാളം സൗഹൃദങ്ങൾ ലഭിച്ചു. അവരാണ് എല്ലാ കാര്യത്തിലും സഹായിക്കുന്നത്. ആ ദ്യ വർഷ പരീക്ഷ സ്ക്രൈബിനെ വച്ച് എഴുതി നല്ല നിലയിൽ പാസ്സായി. ഇലക്‌ഷനിൽ മത്സരിച്ചു. കോളജ് യൂണിയൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

കടകത്തിലൊഴിവ്

കൈപിടിച്ചു നടത്തുന്നവർ ഏറെയുണ്ടെങ്കിലും തടയാനും കണ്ടുപിടിക്കാനും ആകില്ല എന്ന ഉറപ്പിൽ ശാരീരിക ഉപദ്രവങ്ങളേൽപിക്കുന്നവർ ചുറ്റുമുണ്ടായിരുന്നു. ഇത്തരക്കാരെ തടയാൻ പഠിക്കണം എന്നു ചിന്തിച്ചു തുടങ്ങി. ആ സമയത്താണു കോളജിൽ ‘നിർഭയം’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കോളജ് യൂണിയന്റെ പ്രോഗ്രാമായിരുന്നു നിർഭയം. സംഘാടകനായി ഞാനും ഉണ്ട്.

വ്യക്തി സുരക്ഷ എന്ന വിഷയത്തിൽ ക്ലാസ് എടുക്കാനായാണ് സിബിൻ ഇസ്മയിൽ എന്ന കരാട്ടേ മാസ്റ്റർ കോളജിലെത്തുന്നത്. അന്നു ഞാൻ രണ്ടാം വർഷ ബിരുദത്തിനു പഠിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞു പോകും മുൻപ് മാസ്റ്ററുടെ നമ്പർ വാങ്ങി. ഇടയ്ക്കിടെ വിളിച്ചു ശല്യം ചെയ്തു തുടങ്ങി, ‘എന്നെക്കൂടി പഠിപ്പിക്കാമോ’ എന്നു ചോദിച്ച്. മാഷ് എനിക്കു വേണ്ടി ഇന്റർനെറ്റിൽ തിരഞ്ഞ് ബ്ലൈൻഡ് മാർഷൽ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ചു. അവിടെ അഡ്മിഷനായി ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഒടുവിൽ മാഷ് തന്നെ പഠിപ്പിക്കാം എന്നേറ്റു. ‘നീ വാ നമുക്ക് നോക്കാം.’ എന്ന് മാഷ്ടെ നാവിൽ നിന്നു വന്ന ദിവസം ഞാൻ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല.’’

rojith-1

പിന്നശോകനും

ആത്മവിശ്വാസമുള്ള ശക്തനായ യഥാർത്ഥ റോജിത്തിനെ അഥവാ റോജിത്തിന്റെ ഉള്ളിലെ അശോകനെ പുറത്തെടുത്തത് സിബിൻ ഇസ്മയിൽ എന്ന കരാട്ടേ മാസ്റ്റർ ആണ്. ‘‘പഠിപ്പിക്കാം എന്നേറ്റെങ്കിലും റോജിത്തിന്റെ തീരുമാനം ഉറച്ചതാണ് എന്ന വിശ്വാസം എനിക്കുണ്ടായിരുന്നില്ല. ബുദ്ധിമുട്ടുകൾ വരുമ്പോൾ പിന്മാറും എന്നാണു കരുതിയത്. കോളജിൽ നിന്നും രണ്ടു രണ്ടര കിലോമീറ്റർ അകലെയുള്ള എന്റെ കരാട്ടേ ട്രെയിനിങ് ക്ലബ് ആയ ആലുവ ഫൈറ്റ് ക്ലബ്ബിൽ എത്തുക എന്നതു തന്നെ റോജിത്തിന് ബുദ്ധിമുട്ടായിരിക്കുമല്ലോ. ആദ്യ ദിവസം റോജിത്തിനെ ക്ലബ്ബിലേക്കു കൊണ്ടു വന്നതു കൂട്ടുകാരനാണ്. പിന്നെ, രണ്ടാഴ്ച കഴിഞ്ഞാണു റോജിത്ത് വീണ്ടും വരുന്നത്. എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ ദിവസം റോജിത്ത് തനിയെ ആണു വന്നത്. കരാട്ടെയിൽ ക്യോകുഷിൻ ശൈലിയും കിക്ക് ബോക്സിങ്ങുമാണു ഞാൻ പഠിപ്പിക്കുന്നത്. ഇതു പോലൊരാളെ ഞാനിതുവരെ പരിശീലിപ്പിച്ചിട്ടില്ല.

യുട്യൂബ് നോക്കിയെങ്കിലും കാര്യമായ ഫലം കിട്ടിയില്ല. ഇന്റർനാഷനൽ ലെവലിൽ മാത്രമേ ഇത്തരം ട്രെയിനിങ്ങിനെക്കുറിച്ച് എന്തെങ്കിലും വിവരമെങ്കിലുമുള്ളൂ. അതിനാൽ റോജിത്തിനായി പ്രത്യേക പരിശീലന ശൈലികൾ ആവിഷ്കരിച്ചു.

ക്ലബ്ബിലെത്തിയ റോജിത്തിന്റെ പ്രകടനം എന്നെ അതിശയിപ്പിച്ചു. ആദ്യം പ്രത്യേക പരിശീലനം നൽകിയിരുന്നെങ്കിലും പിന്നീടു മറ്റെല്ലാവരെയും പോലെ പരിശീലിപ്പിച്ചു തുടങ്ങി.ശബ്ദം നിരീക്ഷിച്ച് ആളുകളുടെ നില എവിടെ എന്നു നിർണയിക്കാനും മുഖത്തു നോക്കി സംസാരിക്കാനും റോജിത്തിനു കഴിയുന്നുണ്ട്. ആ കഴിവു റോജിത്ത് നേടിയത് ബ്ലൈൻഡ് ഫുട്ബോൾ പരിശീലനത്തിലൂടെയാണ്. ആ ക ഴിവിനെ വികസിപ്പിക്കാൻ കിക്ക് ബോക്സിങ് പരിശീലനം സഹായകമായി.’’ സിബിൻ നിരീക്ഷിക്കുന്നു.

‘‘ബ്ലൈൻഡ് ഫുട്ബോൾ പരിശീലനം നേടിയെങ്കിലും ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. കളിക്കാൻ ഏഴു പേർ മതിയാകും. എക്സ്ട്രാ ആയാണ് ഇപ്പോഴത്തെ നില. ഫുട്ബോളിനെക്കാൾ ഇഷ്ടം കിക്ക് ബോക്സിങ്ങിൽ കഴിവു തെളിയിക്കാനാണ്.’’ റോജിത്ത് പറയുന്നു.

‘‘ക്യോകുഷിൻ കരാട്ടേ ജാപ്പനീസ് ട്രഡീഷനൽ മാർഷൽ ആർട്ടാണ്. കരാട്ടെയിലെ ഏറ്റവും ശക്തമായ, യാതൊരു വിധ സുരക്ഷാ ഉപാധികളും ഉപയോഗിക്കാത്ത പ യറ്റു രീതിയാണ് ക്യോകുഷിൻ. സ്വയരക്ഷയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റോജിത്ത് പരിശീലിക്കുന്ന കെ വൺ കിക്ക് ബോക്സിങ് 1993 മുതൽ പ്രചാരം ലഭിച്ച ജാപ്പനീസ് കിക്ക് ബോക്സിങ് ശൈലിയാണ്.

കിക്ക് ബോക്സിങ് വളരെയധികം സ്റ്റാമിന വേണ്ട കായിക ഇനമാണ്. രണ്ടിലും മുന്നേറാൻ റോജിത്തിനു കഴിയുന്നുണ്ട്. ക്യോകുഷിനിലും കിക്ക് ബോക്സിങ്ങിലും ചാംപ്യൻഷിപ്പാണ് റോജിത്തിനു ലക്ഷ്യം. അതു റോജിത്ത് നേടിയെടുക്കും എന്ന ഉറപ്പുണ്ട് എനിക്ക്.’’ റോജിത്തിനെ പഠിപ്പിച്ചു തുടങ്ങിയ ശേഷം ഇത്തരത്തിൽ പരിമിതികൾ ഉള്ള,കരാട്ടെ പഠിക്കാൻ ആഗ്രഹിക്കുന്ന ആരെയും ശിഷ്യനാക്കാൻ തയാറാണ് എന്നും സിബിൻ പറയുന്നു.

ദൃഢനിശ്ചയം കൈമുതലാക്കിയ ഈ ഗുരുവും ശിഷ്യനും ശ്രമിക്കുന്നതു കേരളത്തിനായി പുതിയ ചരിത്രമെഴുതാനാണ്. ഞാൻ പിന്നിലുണ്ട് എന്നു സിബിൻ ധൈര്യമാകുമ്പോൾ ‘ഞാൻ നേടിയെടുക്കും’ എന്ന ഉൾക്കാഴ്ചയുടെ തീപ്പൊരി റോജിത്ത് എന്ന ഇരുപതുകാരന്റെ കണ്ണുകളിൽ കാഴ്ചയേക്കാൾ തെളിച്ചത്തോടെ തിളങ്ങുന്നു...

രാഖി റാസ്

ഫോട്ടോ : സരുൺ മാത്യു