Thursday 07 October 2021 12:12 PM IST : By സ്വന്തം ലേഖകൻ

‘അച്ചാച്ചനും അമ്മച്ചിക്കും എന്നെ ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം’; ഒന്നാം റാങ്കിന്റെ തിളക്കത്തിൽ സ്വപ്ന നേട്ടവുമായി റോസ്

rose-christy-jossyyy

ആരോഗ്യ സർവകലാശാലയുടെ അവസാന വർഷ എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് പാലക്കാട് പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റോസ് ക്രിസ്റ്റി ജോസിക്ക്. ചങ്ങനാശേരി വട്ടപ്പള്ളി കുത്തുകല്ലുങ്കൽ വീട്ടിൽ പരേതരായ അഡ്വ. ജോസി കെ. അലക്സിന്റെയും മണിമല കൈതപ്പറമ്പിൽ ജെയ്നമ്മ ജോസഫിന്റെയും മകളാണ് 2016 എംബിബിഎസ് ബാച്ച് വിദ്യാർഥിനിയായ റോസ്.

ഒന്നാം വർഷം കെയുഎച്ച്എസ് മൂന്നാം റാങ്കും രണ്ടാം വർഷം ഒന്നാം റാങ്കും മൂന്നാം വർഷം മൂന്നാം റാങ്കും അവസാനവർഷം ഒന്നാം റാങ്കും നേടിയാണു സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. 2009 ലാണു റോസിയുടെ അമ്മ കാൻസർ ബാധിച്ചു മരിക്കുന്നത്. എംബിബിഎസിനു ചേർന്ന വർഷമായിരുന്നു അച്ഛന്റെ മരണം. തുടർന്നു പേരമ്മ ജെസിയമ്മ ജോസഫിനൊപ്പമാണു റോസും സഹോദരങ്ങളായ അലക്സ് ജോസഫും അന്ന ജോസിയും വളർന്നത്.

‘അച്ചാച്ചനും അമ്മച്ചിക്കും എന്നെ ഒരു ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ ചെറുപ്പംതൊട്ടേ എംബിബിഎസ് ആഗ്രഹം എന്നെയും പിടികൂടി. പഠിച്ച് റാങ്ക് വാങ്ങണമെന്ന വാശിയൊന്നും ഇല്ലായിരുന്നു. ദിവസേനയുള്ള പഠിത്തത്തെക്കാൾ പരീക്ഷ അടുക്കുമ്പോൾ ഇരുന്നു പഠിക്കുന്നയാളാണ് ഞാൻ’- ഹൗസ് സർജൻസിക്കു ശേഷം ഉപരിപഠനം ലക്ഷ്യമിടുന്ന റോസ് പറയുന്നു.

Tags:
  • Spotlight
  • Inspirational Story