Wednesday 29 November 2023 12:12 PM IST : By സ്വന്തം ലേഖകൻ

‘വേഷം ചുരിദാർ... വെള്ള ഷാൾ തലയിലൂടെ ഇട്ടിരുന്നു’: സജീവൻ പറയുന്നു... ‘അവരാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല’

abigel-auto-driver ഓട്ടോ ഡ്രൈവർ സജീവൻ, അബിഗേലിനെ തിരിച്ചു കിട്ടിയ വിവരം അറിഞ്ഞപ്പോൾ ഓയൂരിലെ വീട്ടിൽ പ്രാർഥനയിൽ അമ്മ സിജി

എ.ഹേമചന്ദ്രൻ ഡിജിപി ആയിരുന്ന കാലത്തു സ്ഥാപിച്ച സിസിടിവി ക്യാമറകൾ പലയി‍ടങ്ങളിലും കണ്ണടച്ചത് അബിഗേലിനെ തേടിയുള്ള അന്വേഷണം വൈകിപ്പിച്ചു. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരുന്ന സിസിടിവികളെ അന്വേഷണ സംഘത്തിന് ആശ്രയിക്കേണ്ടിവന്നു. ഈ ദൃശ്യങ്ങൾ കിട്ടിയതാകട്ടെ മണിക്കൂറുകൾക്കു ശേഷവും. ഒരു കാറിനെ കേന്ദ്രീകരിച്ചു മാത്രമായിരുന്നു അന്വേഷണം.

കുറ്റകൃത്യം നടത്തുമ്പോൾ യഥാർഥ നമ്പർ പ്ലേറ്റുമായി കുറ്റവാളി സംഘം സഞ്ചരിക്കില്ലെന്നതു മറന്ന് ആ നമ്പരിനു പിന്നാലെ പോയി ഏറെ സമയം കളഞ്ഞു. കൊല്ലം നഗരത്തിലെ പരിശോധന കുറച്ചതു കാരണമാകാം പ്രതികൾ കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. റൂറൽ മേഖലയിലായിരുന്നു ശക്തമായ അന്വേഷണം.

രേഖാചിത്രം വരച്ചത് ദമ്പതികൾ

 അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതിയുടെ ചിത്രം വരച്ചത് അഞ്ചാലുംമൂട് നീരാവിൽ കൊച്ചുപറമ്പിൽ ഷജിത്തും ഭാര്യ സ്മിത എം ബാബുവും. അർധരാത്രിയിലാണു പൊലീസിന്റെ വിളിയെത്തിയത്. 5 മണിക്കൂർ കൊണ്ടു ചിത്രം പൂർത്തിയാക്കി. പാരിപ്പള്ളി കിഴക്കനേലയിലെ കടയുടമ ഗിരിജാകുമാരിയുടെ സഹായത്തോടെയാണു സ്മിതയും ഷംജിത്തും രേഖാചിത്രം വരച്ചത്. പത്തിലേറെ ചിത്രങ്ങൾ വരച്ചതിനു ശേഷമാണു പ്രതിയുടെ മുഖഛായയിലേക്ക് എത്തിയത്. കൊല്ലം എസിപി എ. പ്രദീപ്കുമാർ ആണു രേഖാചിത്രം വരയ്ക്കാനായി ദമ്പതികളെ വിളിച്ചത്. തിരുവനന്തപുരം സി–ഡിറ്റിലെ ആർട്ടിസ്റ്റ് ആയ ഷജിത്തിനും ഭാര്യ ചിത്രകല അധ്യാപികയായ സ്മിതയ്ക്കും 2021 ൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

abigel-foto സ്മിത എം.ബാബുവും ആർ.ബി.ഷജിത്തും

‘അവരാണെന്ന് ഞാൻ അറിഞ്ഞില്ല; ഓട്ടം വിളിച്ചത് ആശ്രാമത്തേക്ക്’

‘ഭക്ഷണം കഴിച്ച ശേഷം സ്റ്റാൻഡിലേക്ക് വരുമ്പോഴാണ് ലിങ്ക് റോഡിൽ വെയിലത്തു നിന്ന് അമ്മയുടെ മകളും ഓട്ടോയ്ക്ക് കൈ കാണിച്ചതെന്ന് ഓട്ടോ ഡ്രൈവർ സജീവൻ. ആശ്രാമത്ത് പോകണം എന്നാണ് പറഞ്ഞ്. ലിങ്ക് റോഡ് അവസാനിക്കാറായപ്പോൾ എങ്ങോട്ട് പോകണമെന്ന് വീണ്ടും ചോദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം വഴി മുന്നോട്ടു പോയി. കുറച്ചു മുന്നോട്ട് പോയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. മൈതാനത്തിനു ചുറ്റും ബാരിക്കേഡ് ആണ്. അവർ നിർത്താൻ പറഞ്ഞ സ്ഥലത്തുകൂടി അകത്തേക്ക് കടക്കാനാകില്ലെന്ന് ഞാൻ പറഞ്ഞു.

ബാറിനു മുന്നിലുള്ള സ്ഥലത്തുകൂടി മൈതാനത്തേക്ക് കടക്കാൻ ഇടമുണ്ട്. അവിടെയാണ് ഓട്ടോ നിർത്തിയത്. കൂലിയായി 40 രൂപ തന്നു. കുഞ്ഞിനു വലിയ ക്ഷീണം ഉണ്ടായിരുന്നു. നിരങ്ങിയാണ് ഓട്ടോയിൽ നിന്നിറങ്ങിയത്. തിരികെ സ്റ്റാൻഡിൽ എത്തി. രണ്ട് ഓട്ടം കഴിഞ്ഞപ്പോഴാണ്, കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നു കിട്ടിയെന്നു വീട്ടിൽ നിന്നു വിളിച്ചത്. അപ്പോഴാണ് തന്റെ ഓട്ടോയിൽ കയറിയത് അവരാണെന്ന് മനസ്സിലാവുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞു. സ്ത്രീ ചുരിദാർ ആണ് ധരിച്ചിരുന്നത്. വെള്ള ഷാൾ തലയിലൂടെ ഇട്ടിരുന്നു. –പനയം സ്വദേശിയായ സജീവൻ പറഞ്ഞു.