Saturday 16 November 2024 11:37 AM IST

ഈ ഫോട്ടോയിൽ കാണുന്ന സന്ദീപ് വാര്യരെ അറിയാമോ? 150 കിലോയിൽ നിന്ന് 87 കിലോയിലെത്തിയ ചികിത്സ ഇതാണ്: ഞെട്ടിച്ച ആ പഴയ മാറ്റം

V.G. Nakul

Senior Content Editor, Vanitha Online

s1

ചാനൽ ചർച്ചകളിൽ ച് വീറോടെ വാദിക്കുന്ന മെലിഞ്ഞു സുന്ദരനായ സന്ദീപ് വാര്യരെ ലോകം അറിയും. എന്നാൽ ചിത്രത്തിൽ കാണും പോലും ‘തടിച്ചൊരു’ ഭൂതകാലം സന്ദീപിന് ഉള്ളത് അറിയാവുന്നത് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രം. ചാനലുകളിലും സോഷ്യൽ മീഡിയയിലും താരമാകും മുൻപേ 150 കിലോ തൂക്കത്തിൽ ഒരു സന്ദീപ് വാര്യരുണ്ടായിരുന്നു. ഡയറ്റിങ്ങും വ്യായാമവുമൊക്കെയായി തടിയെ ഓടിക്കുന്നവർക്കിടയിൽ പക്ഷേ സന്ദീപ് കൂട്ടുപിടിച്ചത് വൈദ്യശാസ്ത്രത്തെ ആയിരുന്നു. 2020ൽ വനിതയോടു പങ്കുവച്ച ആ കഥ ‘വനിത ഓൺലൈൻ’ വായനക്കാർക്കായി ഒരിക്കൽ കൂടി...

––––

‘ജനിച്ചപ്പോഴേ നല്ല തൂക്കമുള്ള കുട്ടിയായിരുന്നു ഞാൻ എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ചെറുപ്പത്തിലേ നന്നായി ഭക്ഷണം കഴിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ നല്ല തടിയായി. ഇടയ്ക്ക് ചെറിയ ഡയറ്റ് പിടിക്കും. വിടും. തടി തിരിച്ചു വരും. വീണ്ടും ഡയറ്റ് പിടിക്കും. വിടും... അങ്ങനെയായിരുന്നു അടുത്തകാലം വരെ പൊയ്ക്കൊണ്ടിരുന്നത്.

ഇടയ്ക്ക് കുറച്ച് കാലം ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിൽ കഴിഞ്ഞിരുന്നപ്പോൾ തടി വീണ്ടും കൂടി. അവിടുത്തെ ഭക്ഷണ രീതി വ്യത്യസ്തമാണല്ലോ. മാത്രമല്ല വർക്കൗട്ടിനും സമയം തീരെ കിട്ടില്ല. അപ്പോഴൊക്കെയും തടി കുറയ്ക്കണമെന്ന് എനിക്കു വലിയ താൽപര്യമുണ്ടായിരുന്നു. വ്യായാമം ചെയ്താലും ഡയറ്റ് ചെയ്താലും അതിനൊക്കെ ഒരു പരിധിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം മറ്റു വഴിക്കു തിരിഞ്ഞു’’.

സ്വയം കണ്ടെത്തിയ വഴി

ആ സയത്താണ് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടർ ഇസ്മയിലിനെ കാണുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സർജറി ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അങ്ങനെ 2017 ൽ ഞാൻ സർജറിക്ക് വിധേയനായി. കീ ഹോൾ സർജറിയായിരുന്നു. കോംപ്ലിക്കേറ്റഡ് ഒന്നും അല്ല. ശസ്ത്രക്രിയക്കു ശേഷം അഞ്ചു ദിവസത്തെ വിശ്രമം.

ഞാൻ സ്വയം അന്വേഷിച്ച്, പഠിച്ച് ഈ ചികിത്സ തിരഞ്ഞെടുക്കുകയായിരുന്നു. സർജറി ചെയ്യാൻ ഉറപ്പിച്ചാണ് ഡോക്ടറെ കാണാൻ പോയത്.

ഈ സർജറിക്ക് സാധാരണഗതിയിൽ മറ്റ് പാർശ്വഫലങ്ങളില്ല. രണ്ടായിരത്തോളം മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സർജറി ചെയ്തയാളാണ് ഡോ. ഇസ്മയിൽ. ഏകദേശം രണ്ടേകാൽ ലക്ഷം രൂപയാണ് ചെലവ്.

s5

എന്താണ് മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സർജറി ?

മിനി ഗ്യാസ്റ്റിക്ക് ബൈപാസ് ആമാശയത്തിന്റെ അളവ് കുറയ്ക്കുന്ന സർജറിയാണ്. അതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയും. ഓയിലി ഫുഡ് ശരീരത്തിൽ പിടിക്കുകയുമില്ല. സ്വാഭാവികമായ ശരീരത്തില്‍ മാറ്റം വരുത്തുകയല്ലേ എന്നു പലരും ചോദിക്കും. ആ ധാരണ തെറ്റാണ്. ശരീരത്തിലെ അസ്വാഭികമായ ഒരു സംവിധാനത്തെ സ്വാഭാവികമാക്കുകയാണ് ഈ സർജറിയുടെ ലക്ഷ്യം.

തടിയുള്ള ആളുകളോട് ‘കുറച്ച് ഭക്ഷണം കഴിച്ചാൽ പോരേ’ എന്നു പലരും ചോദിക്കും. പക്ഷേ അവരുടെ പ്രശ്നം കളിയാക്കുന്നവർ മനസ്സിലാക്കില്ല. അയാൾ എത്ര കുറച്ച് ഭക്ഷണം കഴിച്ചാലും അയാളുടെ ആമാശയം വളരെ വലുതായിരിക്കും. കുറച്ച് ഭാഗം നിറയും. ബാക്കി നിറയാതെ കിടക്കും. അപ്പോൾ അയാൾക്ക് ഒരിക്കലും വിശപ്പ് മാറില്ല. അതിനാൽ ‘നിനക്ക് കുറച്ച് ഭക്ഷണം കഴിച്ചൂടേ’ എന്നു ചോദിക്കുന്നത് അയാളെ ദ്രോഹിക്കുന്നതു പോലെയാണ്. അങ്ങനെയുള്ള ആമാശയത്തെ തിരിച്ച് സ്വാഭാവികതയിലേക്ക് എത്തിക്കുകയാണ് മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സർജറി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗായകൻ അദ്നാൻ സാമി തുടങ്ങിയ പ്രമുഖ വ്യക്തികൾ ഈ സർജറിക്ക് വിധേയരായതാണ്.

സർജറി മാത്രം പോര

സർജറി ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. സർജറി ഒരു സഹായം മാത്രമാണ്. ബാക്കി നമ്മൾ തന്നെ വർക്കൗട്ട് ചെയ്ത് ശരിയാക്കണം. സർജറിക്ക് ശേഷം ഞാൻ പെരിന്തൽമണ്ണയിലെ ഒരു ജിമ്മില്‍ ചേർന്നു. ഡാനി എന്ന പേഴ്സണൽ ട്രെയിനറെ വച്ചു. ഒന്നര വർഷം കഠിനമായി വർക്കൗട്ട് ചെയ്തു. വളരെ പെട്ടെന്ന് ഫലം കിട്ടി. അറുപത് കിലോയിലധികം കുറച്ചു. 150കിലോയിൽ നിന്ന് 87 കിലോയിലേക്കെത്തി. ലോക്ക് ഡൗൺ കാലത്ത് വർക്കൗട്ട് മുടങ്ങിയതു കൊണ്ട് കുറച്ച് തടി കൂടി, ഇപ്പോൾ 90 ൽ എത്തി. ജിം തുറന്നാൽ വീണ്ടും വർക്കൗട്ട് തുടങ്ങും.‌‌ ഡയറ്റ് കാര്യമായില്ല. പ്രോട്ടീൻ റിച്ച് ഫുഡ് ആണ് കൂടുതൽ കഴിക്കുന്നത്. ഇനിയും ശ്രമിച്ചാൽ ഇനിയും കുറയ്ക്കാം. ഇത്ര മതി എന്ന തീരുമാനത്തിലാണ് ഞാൻ.

s6

മേക്ക് ഓവർ

തടി പെട്ടെന്ന് കുറച്ചാൽ ആളുകൾക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും എന്ന് അറിയാവുന്നതിനാൽ ഞാൻ സോഷ്യൽ മീഡിയയിൽ സർജറി ചെയ്യുന്നു എന്നു വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു. മറച്ചു വച്ചതേയില്ല. അന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിലായിരുന്നു. ഇത്ര ആളുകള്‍ അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതിനാൽ എന്റെ മാറ്റങ്ങൾ അതാത് സമയത്ത് പങ്കുവച്ചിരുന്നു. അതുകൊണ്ട് എന്റെ രൂപമാറ്റം വളരെക്കുറച്ച് ആളുകൾക്ക് മാത്രമാണ് അത്ഭുതം. എന്റെ നാട്ടുകാർക്ക് അതിൽ അതിശയം തോന്നിയിരുന്നില്ല. അവർക്ക് എന്റെ മാറ്റത്തെക്കുറിച്ച് അറിയാമായിരുന്നു. വർക്കൗട്ട് വിഡിയോയും ഓരോ ഘട്ടത്തെയും മാറ്റങ്ങളുമൊക്കെ അതാത് സമയത്ത് അപ്ഡേറ്റ് ചെയ്തിരുന്നു.

തിരക്കും വർക്കൗട്ടും

തിരക്കിനിടെ പലപ്പോഴും വർക്കൗട്ടിന് സമയം കിട്ടാറില്ല. സംസ്ഥാന ചുമതല വന്നതിനു ശേഷം തിരക്ക് കൂടി. ജിമ്മിൽ കൃത്യമായി പോകാനാകില്ല. യാത്രകളാണ് കൂടുതൽ. എനിക്ക് ജിമ്മിലെ വർക്കൗട്ടാണ് കംഫർട്ട്. അതിനേ ഗുണമുള്ളൂ. നടക്കാൻ പോക്കൊന്നും താൽപര്യമില്ല. മടിയാണ്. ട്രെയിനറെ വച്ച്, അവരുടെ നിർദേശം അനുസരിച്ച് മുന്നോട്ട് പോയാൽ നല്ല റിസൾട്ട് ഉണ്ടാക്കാം. സർജറി കൊണ്ടു മാത്രം ഗുണമില്ല, വർക്കൗട്ടും വേണം.

തടി കുറയുമ്പോൾ നമ്മൾ ഒരു പുതിയ മനുഷ്യനായതായി തോന്നും. പുതിയൊരു ജീവിതം കിട്ടുകയാണ്. മാനസികമായും ആത്മവിശ്വാസം കൂടും. മറ്റൊന്ന് അസുഖങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്താം എന്നതാണ്. ബി.പി കംപ്ലീറ്റ് നോർമൽ ആയി.