Thursday 30 May 2024 10:56 AM IST : By സ്വന്തം ലേഖകൻ

ഏഴു സീറ്റുള്ള വാഹനത്തില്‍ നീന്തൽക്കുളം, അപകടമുണ്ടാക്കും വിധം യാത്ര; വ്ലോഗർ സഞ്ജു ടെക്കിക്കും സംഘത്തിനുമെതിരെ കർശന നടപടി

alappuzha-vloger-sanju

ഹിറ്റായി മാറിയ ആവേശം സിനിമയി‍‍ൽ നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ പിന്നിൽ വെള്ളം നിറച്ചാണു നീന്തൽക്കുളം ഒരുക്കിയത്. എന്നാൽ തിരക്കുള്ള റോഡിൽ സഞ്ചരിക്കുന്ന വാഹനത്തിൽ കുളമൊരുക്കി യാത്ര ചെയ്തതാണു വ്ലോഗർ സഞ്ജു ടെക്കിക്കും സംഘത്തിനുമെതിരായ കർശന നടപടിക്കു കാരണം.

എസ്‌യുവി ഗണത്തിലെ ഏഴു സീറ്റുള്ള വാഹനത്തിലാണു നീന്തൽക്കുളം ഒരുക്കിയത്. 16നു നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ 17നാണു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. പകൽ തിരക്കുള്ള സമയത്താണു മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന വിധം വാഹനം ഓടിച്ചത് എന്നതു കുറ്റകൃത്യത്തിന്റെ വ്യാപ്തി കൂട്ടി. 

ഡ്രൈവർ ഒഴികെയുള്ളവർ വെള്ളത്തിൽ ഇരുന്നു കിടന്നും നീന്തിയുമൊക്കെ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. ഇതു ശ്രദ്ധയിൽപെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 22നു കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ വാഹനം കൊല്ലത്തെ വർക്‌ഷോപ്പിലേക്കു മാറ്റിയിരുന്നു. 27ന് കൊല്ലത്തു നിന്നാണു വാഹനം പിടിച്ചെടുത്തത്.

ഇത്തരം വിഡിയോകൾക്കെതിരെ യൂട്യൂബിനു റിപ്പോർട്ട് നൽകുമെന്നും വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു. അതേസമയം യൂട്യൂബിൽ കാഴ്ചക്കാരെ കിട്ടാനുള്ള മത്സരം കടുത്തതോടെ വരുമാനത്തിനായി രസകരമായ ഉള്ളടക്കം കണ്ടെത്തിയതാണെന്നും മറ്റുള്ളവർക്ക് അപകടമുണ്ടാക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നുമാണു സഞ്ജുവിന്റെ വിശദീകരണം. ആറു വകുപ്പുകളാണു സഞ്ജുവിനും കൂട്ടർക്കുമെതിരെ ചുമത്തിയത്. 

പഴയ കേസുകളും പൊക്കുന്നു

നിയമവിരുദ്ധ നടപടികൾക്ക് ഇതിനു മുൻപും സഞ്ജുവിനെതിരെ മോട്ടർ വാഹന വകുപ്പു നടപടിയെടുത്തിട്ടുണ്ട്. ആ കേസുകൾ പരിശോധിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ പറഞ്ഞു. സ്ഥിരമായി നിയമം ലംഘിക്കുന്നെന്നു ബോധ്യപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും. അന്വേഷണത്തിനായി സ്ക്വാഡിനെ നിയോഗിക്കുമെന്നും ആർടിഒ പറഞ്ഞു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെക്കൊണ്ടു വാഹനം ഓടിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു സഞ്ജുവിനു കോടതി 35,000 രൂപ പിഴയും വൈകിട്ടു വരെ കോടതിയിൽ നിൽക്കാനും വിധിച്ചിരുന്നു. വാഹനം മോഡിഫിക്കേഷൻ നടത്തിയതിനും കേസെടുത്തിട്ടുണ്ട്.

Tags:
  • Spotlight