Tuesday 13 June 2023 03:43 PM IST

‘കാൻസറില്‍ മുടി നഷ്ടപ്പെടുന്ന പാവങ്ങളുടെ വേദന വലുതാണ്, അതിനെ വിറ്റ് കാശാക്കരുത്’: മുടി മുറിക്കുന്നത് ആർക്കു വേണ്ടി: പരമ്പര

Binsha Muhammed

hair-donation-santha

മുടിത്തുമ്പു മുറിക്കുമ്പോഴും ഒന്നോ രണ്ടോ കൊഴിഞ്ഞു വീഴുമ്പോഴും പിടയ്ക്കുന്ന മനസുള്ളവരാണ് നമ്മൾ. കാരണം മുടിയെന്നത് ആണിനും പെണ്ണിനും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ്. ഇഷ്ടപ്രകാരം നീട്ടിയും വളർത്തിയും കളര്‍ ചെയ്തും പൊന്നുപോലെ പരിപാലിക്കുന്ന മുടിയിഴകളുടെ കാര്യത്തിൽ ചിലപ്പോഴെങ്കിലും നമ്മൾ വിട്ടുവീഴ്ച ചെയ്യാറുണ്ട്. കാൻസറിന്റെ വേരുകള്‍ ഉള്ളിലാഴ്ന്നിറങ്ങിയപ്പോൾ അരുമയായി കാത്തുസൂക്ഷിച്ച തലമുടിയിഴകൾ നഷ്ടപ്പെട്ടു പോയവർക്കു വേണ്ടിയായിരിക്കും ആ വിട്ടുവീഴ്ച. കീമോ കിരണങ്ങളിൽ വെന്തുരുകി പോയവർക്കു വേണ്ടി മുന്നും പിന്നും നോക്കാതെ ഡൊണേറ്റ് ചെയ്യുന്നത് മഹാനന്മയാണെന്ന കാര്യത്തിലും സംശയമില്ല.

കാൻസർ രോഗികൾക്കു വേണ്ടി മുടി കലക്റ്റ് ചെയ്യുന്നുവെന്ന് പരസ്യപ്പെടുത്തി മുടി കലക്റ്റ് ചെയ്യുന്ന ഫൗണ്ടേഷനുകളും സന്നദ്ധ സംഘടനകളും ഇടനിലക്കാരും ഇന്ന് ആവോളമുണ്ട്. പക്ഷേ ചോദ്യം അതല്ല, നിങ്ങൾ ചെയ്യുന്ന ത്യാഗം, പകുത്തു നൽകുന്ന മുടിയിഴകൾ അത്... കാൻസർ രോഗികളിലേക്ക് തന്നെയാണോ എത്തുന്നത്? ഒരു കാൻസർ രോഗിക്കുള്ള വിഗിന് എങ്കിലും ഉപകാരപ്പെടട്ടേ എന്ന് മനസിലുറപ്പിച്ച് നിങ്ങൾ കൊടുക്കുന്ന മുടി പിന്നെ എങ്ങോട്ടാണ് പോകുന്നത്. ‘വനിത ഓൺലൈൻ’ പങ്കുവച്ച അന്വേഷണ പരമ്പരയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.

കാൻസർ രോഗികളുടെ അവസ്ഥയും വേദനയും ചൂഷണം ചെയ്ത് മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് നമ്മളിൽ നിന്നും മുറിച്ചെടുത്തു കൊണ്ടു പോകുന്ന ആ മുടിയിഴകളുടെ യാത്ര എങ്ങോട്ട്? വനിത ഓൺലൈൻ അന്വേഷണ പരമ്പര തുടരുന്നു ‘മുടി മുറിക്കുന്നത് ആർക്കുവേണ്ടി?.’

വേണം സുതാര്യമായ സംവിധാനം

കാൻസർ രോഗികൾക്ക് ഉൾപ്പെടെ കൈത്താങ്ങായി കഴിഞ്ഞ 23 വർഷത്തോളം സന്നദ്ധ സേവന പാതയിലുള്ള ശാന്താ ജോസ് വനിത ഓൺലൈനോട് സംസാരിക്കുകയാണ്. ശാന്താ ജോസ് നേതൃത്വം നൽകുന്ന ‘ആശ്രയ’ അർഹരായ കാൻസർ രോഗികൾക്ക് കേശദാനം നടത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ശാന്താ ജോസ് പറയുന്നു. കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനെന്ന പേരിൽ മുടി മുറിച്ച് തട്ടിപ്പ് നടത്തുന്നതിനെ അപലപിച്ചു കൊണ്ടാണ് ശാന്താ ജോസ് സംസാരിച്ചത്.

‘കഴിഞ്ഞ 28 വർഷത്തോളമായി ഞങ്ങളുടെ ‘ആശ്രയ’ കാൻസർ രോഗികളുടെ കണ്ണീരൊപ്പാന്‍ രംഗത്തുണ്ട്. ചികിത്സാ വിവരങ്ങൾ കൈമാറാനായി ആരംഭിച്ച എളിയ കൂട്ടായ്മയായിരുന്നു ആശ്രയ. അതിന്ന് ഭക്ഷണം, മരുന്ന്, ജീവനോപാധികൾ തുടങ്ങിയവ നൽകാനായി വർഷം ഒരു കോടി രൂപ ചെലവാക്കുന്ന മഹാപ്രസ്ഥാനമായി വളർന്നതിനു പിന്നിൽ സേവനമനസ്കരായ നിരവധി പേരുടെ അധ്വാനമുണ്ട്.– ആശ്രയയുടെ സ്ഥാപകയും പ്രസിഡന്റുമായ ശാന്താ ജോസ് പറയുന്നു.

ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുഎസിലുള്ള മകളുടെ അടുത്തേക്ക് പോകുമ്പോഴാണ് കേശദാനത്തിന്റെ നന്മയേയും അതിന്റെ സാധ്യതകളേയും കുറിച്ച് അടുത്തറിയുന്നത്. അന്ന് എന്റെ മകളുടെ മകൾ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്യാനൊരുങ്ങിയത് അതിശയമായി തോന്നി. ഒരു അംഗീകൃത ഏജൻസി മുഖാന്തിരമാണ് സുമനസുകൾ ആറ്റുനോറ്റ് പരിപാലിച്ചു പോരുന്ന തങ്ങളുടെ മുടിയിഴകൾ ദാനം ചെയ്യുന്നത്. അതൃ കൃത്യമായി രോഗികളിലേക്കോ ആശുപത്രി ശൃംഖലകളിലേക്കോ എത്തും. അതായത് ദാനം ചെയ്യുന്ന മുടിയിഴകള്‍ ഇടനിലക്കാരില്ലാതെ അർഹരിലേക്ക് എത്തുമെന്ന് ചുരുക്കം.

അന്ന് എന്റെ ചെറുമകളുടെ മുടി കൃത്യമായി ഷേപ്പ് ചെയ്ത് പായ്ക്ക് ചെയ്ത് നാട്ടിലെത്തിച്ചു. ഏറ്റവും അർഹയായ രോഗിയിലേക്ക് എത്തിച്ചു. അന്നുതൊട്ടാണ് കാൻസറിൽ മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടി ദാനം ചെയ്യുന്നതിലെ നന്മയെക്കുറിച്ച് പൊതുജനങ്ങളെ ‘ആശ്രയ’ ബോധ്യപ്പെടുത്തി കൊടുത്തത്. ജനങ്ങൾക്ക് കേശദാനത്തെക്കുറിച്ചുള്ള അബോധവും നൽകിത്തുടങ്ങി. ചൂടുകൂടിയ ആർട്ടിഫിഷ്യൽ വിഗിനു പകരം കാൻസർ രോഗികൾക്ക് പ്രകൃതിദത്തമായ മുടി പ്രോസസ് ചെയ്തെടുക്കുന്നത് പലർക്കും പുതിയ അനുഭവമായിരുന്നു. മാധ്യമങ്ങളൊക്കെ അന്ന് വലിയ പ്രാധാന്യത്തോടെയാണ് കേശദാനത്തെക്കുറിച്ച് അന്ന് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിദേശ രാജ്യങ്ങളിൽ കാൻസർ രോഗികൾക്കുള്ള വിഗോ മുടിയോ കലക്ട് ചെയ്യാൻ സുതാര്യമായ സംവിധാനങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. ഇവിടെയും അതു വേണം. രോഗികളുടെ വേദന കണ്ടാണ് ഓരോ സുമനസുകളും അരുമയെപ്പോലെ വളർത്തിക്കൊണ്ടു വരുന്ന മുടിയിഴകൾ ദാനം ചെയ്യുന്നത്. അത് അർഹരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പു വരുത്തുന്ന സംവിധാനങ്ങള്‍ ഇവിടെയും വേണം. പെട്ടെന്നൊരു നാൾ രോഗം പിടിപ്പെട്ട്, കീമോ കിരണങ്ങളാൽ മുടി നഷ്ടപ്പെട്ട് പോകുന്ന പാവങ്ങളുടെ മനോവേദന പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. അതിനെ ചൂഷണം ചെയ്യരുത്.