Thursday 06 February 2025 11:09 AM IST : By സ്വന്തം ലേഖകൻ

‘മരിക്കുന്നതിനു മുൻപ് ഒരു വട്ടമെങ്കിലും സ്വന്തം കൂരയിൽ അന്തിയുറങ്ങണം’: കണ്ണീരോടെ ഗോപാലൻ- ശാരദ ദമ്പതികൾ

couples-old

‘അനാഥാലയങ്ങളിലും പരിചയക്കാരുടെ വീടുകളിലും അന്തിയുറങ്ങി മടുത്തു. മരിക്കുന്നതിനു മുൻപ് ഒരുവട്ടമെങ്കിലും സ്വന്തം കൂരയിൽ അന്തിയുറങ്ങണം’ – ഭാര്യ ശാരദയെ (78) ചേർത്തു പിടിച്ച് എം.കെ. ഗോപാലൻ (95) പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. തൊടുപുഴ മുട്ടം തോട്ടുകര മേച്ചറയിൽ ഗോപാലന് ബ്ലോക്കിൽ നിന്ന് അനുവദിച്ചു കിട്ടിയ ആദ്യത്തെ വീടിന് കരം ഇല്ലാതിരുന്നിട്ടും കരം അടയ്ക്കാത്തതിൽ ജപ്തി നോട്ടിസ് വന്നു. അതോടെ കോടതി കയറിയിറങ്ങാൻ തുടങ്ങിയ ഗോപാലന് ഒടുവിൽ വീട് വിൽക്കേണ്ടി വന്നു. തുടർന്ന് മുട്ടം പഞ്ചായത്ത് റോഡിൽ ഒരു പെട്ടിക്കട വാങ്ങി കച്ചവടം ചെയ്തു.

അതിനകത്തു തന്നെയായിരുന്നു താമസവും. 2012ൽ കട ഒഴിപ്പിച്ചതോടെ ഗോപാലനും ഭാര്യയും വഴിയാധാരമായി. ഇപ്പോൾ അഭയം കിട്ടുന്ന ഇടങ്ങളിൽ അന്തിയുറങ്ങുകയാണ് ഈ ദമ്പതികൾ. തോട്ടുകരയിലെ പരിചയക്കാരുടെ വീട്ടിലാണ് കഴിഞ്ഞ 5 മാസമായി താമസം. മൂന്നു മക്കൾ ഉണ്ടെങ്കിലും ആരും ഇവരെ താമസിപ്പിക്കാൻ തയാറല്ല.

സ്ഥലവും വീടും വേണമെന്ന ആവശ്യവുമായി താലൂക്ക്തല അദാലത്തിൽ എത്തിയ ദമ്പതികളുടെ പരാതി പരിഗണിച്ച മന്ത്രി വി.എൻ. വാസവൻ ഇവർക്കു ലൈഫ് മിഷൻ പട്ടികയിൽ പ്രഥമ പരിഗണന നൽകാൻ സർക്കാരിനു നിർദേശം നൽകി. മന്ത്രിയുടെ വാക്കിൽ വീടു കിട്ടുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.

Tags:
  • Spotlight