വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309ാം നമ്പർ ട്രാക്കർ സാറ എന്ന പൊലീസ് നായ വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചത്തു. 8 വയസായിരുന്നു. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട, ഗ്വാളിയറിൽ ജനിച്ച സാറ ബിഎസ്എഫിൽ മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. 7 വർഷം മുൻപാണ് കേരള പൊലീസിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്ക്വാഡിൽ എത്തുന്നത്.
3 ഗുഡ് എൻഡ്രി സർവീസ് ലഭിച്ചിട്ടുണ്ട്. ഒട്ടേറെ കേസുകൾ തെളിയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസിലെ പ്രതി അനിൽകുമാറിനെ കണ്ടെത്താൻ കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രതിയുടെ വീട് കണ്ടെത്തിയതോടെ സാറ പൊലീസ് സേനയിലെ താരമായി. തുടർന്ന് ആറ്റിങ്ങൽ കൊലക്കേസ്, വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ അസ്ഥികൂടം കണ്ടെത്തിയ കേസ്, ആറ്റിങ്ങലിലെ ഒരു അക്രമത്തിൽ ആയുധം കണ്ടെത്തിയ കേസ് എന്നിവയിൽ വിലപ്പെട്ട കണ്ടെത്തലുകളാണ് സാറ നടത്തിയത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൃക്കകൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ഇതിന്റെ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. റാങ്ക് ഉണ്ടായിരുന്ന കാലത്ത് ഡിവൈഎസ്പി റാങ്കിലായിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. റൂറൽ എസ്പി കിരൺ നാരായൺ, ആറ്റിങ്ങൽ ഡിവൈഎസ്പി എൻ.മഞ്ജുനാഥ്, വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പൊലീസിന് തീരാ നഷ്ടം
സാറയുടെ വിയോഗം പൊലീസ് സേനയിലും നാട്ടുകാർക്കും നോവായി. പൊലീസ് സേനയിൽ കയറിയതിന് ശേഷം സാറ ആദ്യം തെളിയിച്ച കേസായിരുന്നു പോത്തൻകോട് കൊലപാതകം. കേസിലെ പ്രധാന തെളിവായ രക്തം പുരണ്ട വസ്ത്രവും പ്രതി ഉപയോഗിച്ചെന്ന് സംശയിച്ച വെട്ടുകത്തിയും കണ്ടെടുക്കാൻ 2.5 കിലോമീറ്റർ സാറ മണം പിടിച്ചു സഞ്ചരിച്ചു. ധനേഷ്, മനോജ് എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലയിലായിരുന്നു സാറ. ടെന്നിസ് ബോളിലെ കളിയാണു സാറയുടെ പ്രധാന വിനോദം. സാറയുടെ കുടുംബാംഗങ്ങളും വിവിധ സേനകളിൽ അംഗങ്ങളാണ്. അച്ഛൻ പാർലമെന്റ് സുരക്ഷാ വിഭാഗത്തിൽ ആയിരുന്നു. അമ്മ കശ്മീർ സുരക്ഷാ സ്ക്വാഡിൽ. സാറക്കൊപ്പം ജനിച്ച മറ്റു 2 പേർ കേരള പൊലീസ് ഡോഗ് സ്ക്വാഡിലുണ്ട്.