കോഴിക്കോട് പന്തീരങ്കാവ് നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ മകള്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് പിതാവ്. ഏറെ പ്രതീക്ഷകളുമായി വരനെ കൈപിടിച്ചേല്‍പ്പിച്ച മകളെ കാണാനെത്തിയ വീട്ടുകാര്‍ക്ക് മുന്നിലേക്ക് അവളെത്തിയത് നടക്കാന്‍ പോലും ശേഷിയില്ലാതെ. വിവാഹശേഷം ശരീരമാസകലം മര്‍ദനമേറ്റ് പാടുകളുമായാണ് മകളെ വീട്ടുകാര്‍ കാണുന്നത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കേബിളിട്ട് മുറുക്കി, ബെല്‍റ്റ് കൊണ്ട് അടിച്ചു. ചുണ്ട് വലിച്ചു മുറിച്ചെന്നും പിതാവ് പറയുന്നു.
അടുക്കള കാണല്‍ ചടങ്ങിനായി കുടുംബസമേതം മകളുടെ ഭര്‍തൃവിട്ടിലെത്തിയപ്പോഴാണ് ക്രൂരതയുടെ വിവരം വീട്ടുകാര്‍ അറിയുന്നത്. ‘വീട്ടിലെത്തി കുറേനേരം കാത്ത് നിന്നിട്ടും മകള്‍ വന്നില്ല. മകളെവിടെ എന്ന് ചോദിച്ചപ്പോള്‍ വസ്ത്രം മാറുകയാണ് എന്ന് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം അവശയായി പതിയെ നടന്നുവരുന്ന മകളെയാണ് കണ്ടത്. കണ്ടപ്പോള്‍ എന്‍റെ മകളാണോ ഇതെന്ന് തോന്നിപ്പോയി. നെറ്റി മുഴച്ചിരുന്നു, നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. വരന്‍റെ അമ്മയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ബാത്റൂമില്‍ വീണെന്നും ആശുപത്രിയില്‍ കൊണ്ടുപോയെന്നുമാണ് പറഞ്ഞതെന്നും പിതാവ്.
പിന്നീട് വിശദമായി വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവിച്ച ക്രൂരമര്‍ദനം പെണ്‍കുട്ടി വീട്ടുകാരോട് തുറന്ന് പറയുന്നുത്. കഴുത്തില്‍ കേബിളിട്ട് മുറുക്കി, ബെല്‍റ്റ് കൊണ്ട് അടിച്ചു. ചുണ്ട് വലിച്ചു മുറിച്ചുകയും നെറ്റിയില്‍ കൈകൊണ്ട് ഇടിക്കുകയും ചെയ്തു. മെയ് അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലുമായുള്ള വിവാഹം. സംഭവത്തില്‍ പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)നെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു.