Wednesday 22 May 2024 12:20 PM IST

‘ചേട്ടൻ അങ്ങനെയൊക്കെ ചെയ്തെന്നു മോൾ എന്തേ ആദ്യം ഇവിടെ വന്നു പറഞ്ഞില്ല?’: ഞെട്ടിച്ച് മറുപടി: നൽകണം ഈ പാഠങ്ങളും

Shyama

Sub Editor

kids-lesson

അടുത്ത വീട്ടിലെ ചേട്ടന്റെ കയ്യിൽ കടിച്ചിട്ടാണു വന്നതെന്നു പറഞ്ഞ കുട്ടിയോടു സ്കൂൾ കൗൺസലർ വിശദമായി സംസാരിച്ചു. അ പ്പോഴാണു കുറച്ചു നാളുകളായി അയാൾ ഇടയ്ക്കിടെ കുട്ടിയെ അടുത്തു വിളിച്ചിരുത്തുമെന്നും മോശം ചിത്രങ്ങൾ ഫോണിൽ കാണിക്കുമെന്നും കുട്ടിയുടെ ശരീരത്തെക്കുറിച്ചു സംസാരിക്കാറുണ്ടെന്നും അവൾ വെളിപ്പെടുത്തിയത്.

‘ഇതൊക്കെ എന്തുകൊണ്ടു മോൾ ആദ്യം തന്നെ ഇവിടെ വന്നു പറഞ്ഞില്ല?’ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. ‘അതിന് ബാഡ് ടച് ചെയ്തില്ലല്ലോ. ബാഡ് ടച് ചെയ്താലല്ലേ ഒരാൾ ബാഡ് ആകൂ...?’

ആറുവയസ്സുകാരിയുടെ ആ മറുപടിയിൽ നിന്നാണു ഗുഡ് ടച്– ബാഡ് ടച് പാഠങ്ങളിൽ മാത്രമൊതുക്കാതെ സേഫ് ആൻഡ് അൺസേഫ് ബിഹേവിയർ എന്നതു കൂടി ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയത്.

എപ്പോൾ മുതല്‍ പറയണം?

കാണുന്ന ദൃശ്യങ്ങൾ തലച്ചോറിൽ ശേഖരിച്ചു വയ്ക്കാനുള്ള കഴിവു വികസിക്കുന്നതു മൂന്നു വയസ്സു മുതലാണ്. സ്വാഭാവികമായി മൂന്നു വയസ്സു മുതൽ തന്നെ ആരോഗ്യകരവും അനാരോഗ്യകരവുമായ പെരുമാറ്റങ്ങളെക്കുറിച്ചു കുട്ടികളോടു പറഞ്ഞു തുടങ്ങാം.

അതിനു മുൻപു പറഞ്ഞു കൊടുത്താലും കൃത്യമായി ആ അറിവു ശേഖരിച്ചു വയ്ക്കാൻ കുട്ടിക്കു ബുദ്ധിമുട്ടു വ ന്നേക്കാം. മാത്രമല്ല കുട്ടികൾ വീടു വിട്ടു കിൻഡർഗാർട്ടനിലോ പ്ലേ സ്കൂളിലോ ഒക്കെ പോകുന്നതും മൂന്നു വയസ്സു മുതലാണ്. അതുകൊണ്ട് ഈ പ്രായത്തിൽ കുട്ടികളോട് ഇ ത്തരം കാര്യങ്ങൾ സംസാരിച്ചു തുടങ്ങാം.

സ്പർശനം മാത്രമാണോ അപകടം?

കുട്ടികളോട് ആദ്യം അതിരുകളെ കുറിച്ചു സംസാരിക്കുമ്പോൾ സ്പർശനം എന്നതിനു പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഓർമയുടെയും വൈകാരിക വികസനത്തിന്റെയും ഏറ്റവും പ്രധാന മാർഗം സ്പർശനമാണ്. മാതാപിതാക്കളുടെ സ്പർശനം കൂടുതൽ അനുഭവിക്കുന്ന കുട്ടികൾക്കു വൈകാരിക– മാനസിക സ്ഥിരത കൂടുതല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെ ന്നു പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

മൂന്നു വയസ്സു പ്രായത്തിലുള്ള കുട്ടിയോട് എല്ലാത്തരം സ്പർശനവും മോശമാണെന്നു പറഞ്ഞു കൊടുത്താൽ അ തും വിപരീത ഫലങ്ങൾ ഉണ്ടാക്കും. സംശയദൃഷ്ടിയിലൂടെ കുട്ടി എല്ലാവരെയും നോക്കാനും ഇടവരാം.

യുണിസെഫ് പറയുന്നതു തല കീഴായ ത്രികോണം എ ന്ന കൺസെപ്റ്റാണ്. അതായത് സ്തനങ്ങളുടെ ഭാഗം, നാഭിയുടെ പരിസരം, നിതംബത്തിന്റെ ഭാഗം ഇവിടങ്ങളിൽ ആ രെയും സ്പർശിക്കാൻ അനുവദിക്കാതിരിക്കുക എന്നുലളിതമായി പറയാം. ‌

അത്തരത്തിലുള്ള സ്പർശനമുണ്ടായാൽ നേരിടാനുള്ള സ്വഭാവദൃഢത പരിശീലനം നൽകുകയാണ് അടുത്ത പടി. ‘നോ’, ‘സാധ്യമല്ല’, ‘എനിക്കത് ഇഷ്ടമല്ല’ എന്നൊക്കെ ഉറച്ചു പറയാനുള്ള കഴിവു കുട്ടിയിൽ വളർത്തണം. ഈ ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ ശക്തിയായി കൈ തട്ടിമാറ്റി പ്രതികരിക്കണമെന്നും പറയുക. ഇങ്ങനെ ചെയ്താൽ അക്രമം പ്രവർത്തിക്കുന്നവർ അത് ആവർത്തിക്കാൻ മടിക്കുമെന്നും മറ്റുള്ളവരിലേക്ക് ഇത്തരം ആക്രമണം വളരാതിരിക്കുമെന്നും പറയാം.

സ്പർശിക്കാതെ തന്നെ ഒരാൾക്കു മറ്റൊരാളോടു മോശമായി പെരുമാറാൻ സാധിക്കും. അത്തരം തിരിച്ചറിവിൽ നിന്നാണു ‘സുരക്ഷിതവും അല്ലാത്തതുമായ പെരുമാറ്റം’ എ ന്ന പാഠം കുട്ടികളെ പരിശീലിപ്പിക്കണമെന്ന ആശയം വരുന്നത്. പലപ്പോഴും കുട്ടികളെ തൊടാതെ തന്നെ കുട്ടിയോടു ചിരിച്ചു സംസാരിച്ച്, അവരുടെ മനസ്സിൽ സവിശേഷ സ്ഥാനമുണ്ടാക്കിയെടുത്ത്, ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കൊടുത്ത്, സൗഹൃദം സ്ഥാപിച്ച് പതിയെ പതിയെയാണു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുക. ഇതിനെ സെക്‌ഷ്വൽ ഗ്രൂമിങ് എന്നാണു പറയുന്നത്. ഈ ഘട്ടത്തിൽ തടയാനായാൽ അത്രയും നല്ലത്. അല്ലാത്ത പക്ഷം താനുമായി സൗഹൃദത്തിലുള്ള, സമ്മാനങ്ങൾ വാങ്ങി തരുന്ന ഒരാൾ അനാരോഗ്യകരമായ സ്പർശനം നടത്തുമ്പോൾ കുട്ടിയുടെ മനസ്സിൽ ആശയക്കുഴപ്പങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

എന്താണു സുരക്ഷിതമല്ലാത്ത പെരുമാറ്റം?

കുട്ടിയുടെ താൽപര്യം സംരക്ഷിക്കപ്പെടാത്ത ദുരുദ്ദേശപരമായ ഏതൊരു ആശയവിനിമയവും സുരക്ഷിതമല്ലാത്ത പെരുമാറ്റമാണ്. മോശം പെരുമാറ്റം തുടക്കത്തിൽ ഒരുപക്ഷേ, കുട്ടിക്കു തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല. അപരിചിതരുമായി ഇടപഴകേണ്ടി വരുമ്പോൾ കഴിവതും മാതാപിതാക്കളുടെ സാന്നിധ്യത്തിലായാൽ നന്ന്.

മാതാപിതാക്കളുടെ അറിവും സമ്മതവുമില്ലാതെ മറ്റുള്ളവരിൽ നിന്നു സമ്മാനങ്ങൾ കൈപ്പറ്റുന്നത്, മറ്റുള്ളവരുടെ ഫോണിൽ കളിക്കുന്നത്, മറ്റൊരാളുമായി യാത്ര ചെയ്യുന്നതും താമസിക്കുന്നതും ഒക്കെ തെറ്റാണെന്നും സുരക്ഷിതമല്ലെന്നും കുട്ടിയോടു പറയണം.

ദൂരയാത്രയ്ക്കു പോകേണ്ടി വന്നാൽ, മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ ബന്ധുക്കളുടെ കൂടെ വിടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരാളുടെ കൂടെ പോകാൻ കുട്ടി എതിർപ്പു പ്രകടിപ്പിച്ചാൽ അതു ഗൗരവമായി കണക്കാക്കണം. ആ വ്യക്തിക്കൊപ്പം പോകാൻ കുട്ടിയെ ഒരുകാരണവശാലും നിർബന്ധിക്കരുത്.

അതുപോലെ കടകളിലോ മറ്റിടങ്ങളിലോ ഉള്ളവരോടു കുട്ടി ഇടപഴകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെങ്കിൽ കുട്ടിക്കു ബുദ്ധിമുട്ടുണ്ടെന്നു മനസ്സിലാക്കുക. അ വരെ നിർബന്ധിച്ചു സംസാരിപ്പിക്കേണ്ടതില്ല. കഴിവതും സമപ്രായക്കാരുമായി ഇടപഴകാൻ പ്രോത്സാഹിപ്പിക്കാം. അപ്പോഴും തുടക്കത്തിലെങ്കിലും മുതിർന്ന വ്യക്തിയുടെ മേൽനോട്ടമുണ്ടെങ്കിൽ നന്ന്.

1615333138

കുട്ടിച്ചോദ്യങ്ങള്‍ എങ്ങനെ നേരിടാം?

പലപ്പോഴും കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന പ്രവണത മാതാപിതാക്കൾക്കുണ്ട്. ഞാന്‍ എങ്ങനെയുണ്ടായി? ഞാനും ആൺകുട്ടികളും ത മ്മിൽ എന്താ വ്യത്യാസം? എന്നു തുടങ്ങി പലതും കുട്ടിക ൾ ചോദിക്കാം. ഉത്തരം നൽകാതെ മാതാപിതാക്കൾ ഒഴിഞ്ഞു മാറിയാൽ പലപ്പോഴും കുട്ടികളിൽ കൗതുകം വർധിക്കുകയും ഉത്തരം കണ്ടുപിടിക്കാനായി അവർ മറ്റു മാർഗങ്ങൾ തേടുകയും ചെയ്തെന്നു വരാം.

അതു മറ്റു കുട്ടികളോടു ചോദിക്കുന്നതാകാം, സെർച് എൻജിൻ വഴി പരതുന്നതോ, ചാറ്റ് ജിപിടി ഉപയോഗിക്കുന്നതോ ഒക്കെ ആകാം. ഇതു പലപ്പോഴും തെറ്റായ വിവരങ്ങളിലേക്കു നയിക്കാം. അതുകൊണ്ടു കുട്ടി എന്തു ചോദ്യം ചോദിച്ചാലും അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കാതെ, ഒഴിഞ്ഞു മാറാതെ ഉത്തരം പറയുക.

എല്ലാ കാര്യങ്ങളും കുട്ടിക്കു പറഞ്ഞാൽ മനസ്സിലാക ണമെന്നില്ല, എങ്കിലും അവർക്ക് ഉത്തരങ്ങൾ വേണം. ഉദാഹരണത്തിന് ഞാനെങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ലൈംഗികബന്ധം മൂലം എന്നു പറഞ്ഞാൽ കുട്ടിക്ക് അതു മനസ്സിലാകണമെന്നില്ല. അതുകൊണ്ടു പ്രായത്തിനനുസരിച്ചു വേണം ഉത്തരം പറയാൻ. ‘അച്ഛന്റെ ശരീരത്തിലെ ഒരു കോശവും അമ്മയുടെ ശരീരത്തിലെ കോശവുമായി സമ്മേളിച്ചാണുണ്ടായതെ’ന്ന മട്ടിൽ ഉത്തരം നൽകാം.

തനിച്ചു നിൽക്കാൻ എങ്ങനെ ഒരുക്കും?

മാതാപിതാക്കളില്ലാതെ ഒറ്റയ്ക്കു നിൽക്കേണ്ടി വരുമ്പോ ൾ വീട്ടിൽ വരുന്നവരുമായി എങ്ങനെ ഇടപഴകണമെന്നു കുട്ടിക്കു മുൻകൂട്ടി പറഞ്ഞുകൊടുക്കാം. തനിച്ചുള്ള സമയത്ത് ആരെങ്കിലും വന്നാൽ കതക് തുറക്കരുതെന്നാണ് ആ ദ്യം പറയേണ്ടത്. മുൻപിലുള്ള ജനാല തുറന്നോ ഫോണിലൂടെയോ മാത്രം പുറത്തു നിൽക്കുന്ന ആളോട് ആശയവിനിമയം നടത്തിയാൽ മതിയാകും എന്നു പറയാം.

പൊതു സ്ഥലത്തു വച്ച് ആളുകൾ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്താൽ അതു തിരികെ ചെയ്യാം. എ ന്നാൽ അവർ തരുന്ന സമ്മാനങ്ങളോ ഭക്ഷ്യവസ്തുക്കളോ വാങ്ങരുതെന്നു തീർത്തും പറയുക. അവർക്കൊപ്പം പോ യി ഭക്ഷണം കഴിക്കുകയോ യാത്ര പോകുകയോ ചെയ്യരുത് എന്നു കൂടി ഓർമിപ്പിക്കാം.

വീട്ടിൽ കൊണ്ടുവിടാം എന്നൊക്കെ പറഞ്ഞു മുതിർന്നവർ വാഹനത്തിലേക്കു കുട്ടിയെ ക്ഷണിച്ചേക്കാം. അത്തരം ക്ഷണം തീർത്തും അവഗണിക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക. അല്ലെങ്കിൽ അച്ഛനെയോ അമ്മയെയോ വിളിച്ച് ഉറപ്പു വരുത്തിയിട്ടു മാത്രം പോകുക എന്നും പറയാം. എന്തെങ്കിലും തരത്തിലുള്ള സമ്മർദം വന്നാൽ പോലും അതിനെ അതിജീവിക്കാനുള്ള അസർട്ടീവ്നെസ് ട്രെയിനിങ് കുട്ടിക്കു നൽകാം. അതായതു നമ്മുടെ അവകാശങ്ങൾ എന്തെന്നു വ്യക്തമായി മനസ്സിലാക്കി മറുവശത്തുള്ളയാളിന്റെ അവകാശങ്ങളും പരിഗണിച്ച ശേഷം സ്വന്തമായ തീരുമാനമെടുക്കാനുള്ള കഴിവ്.

മറ്റാരെങ്കിലും അവരുടെ ഇഷ്ടങ്ങൾ നമ്മളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ‘എനിക്കിത് ഇഷ്ടമല്ല, എനിക്കിതു വേണ്ട’ എന്ന് ഉറച്ച സ്വരത്തിൽ വ്യക്തമായി പറയാനുള്ള കഴിവാണ് ആർജിക്കേണ്ടത്. അത് ചെറുപ്രായം മുതലേ കുട്ടികളെ പഠിപ്പിക്കണം.

പലരും കുട്ടികളിൽ നിന്നു പൂർണമായ അനുസരണ ശീ ലം പ്രതീക്ഷിച്ചാണു വളർത്തുന്നത്. മുതിർന്നവർ‍ പറയുന്നതെന്തും കേൾക്കണം, എതിർക്കരുത്, അനിഷ്ടം രേഖപ്പെടുത്താൻ പാടില്ല എന്നൊക്കെയാണു വയ്പ്. എന്നാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പരസ്പര ബ ഹുമാനത്തോടെ അനിഷ്ടം പറയാൻ സാധിക്കുന്നതാണു ആരോഗ്യകരമായ വളർച്ച എന്നറിയുക.

സ്ക്രീനിനും വേണ്ടേ അതിർവരമ്പുകൾ?

കുട്ടികൾക്കുള്ള പരിപാടികൾ എന്നു പറഞ്ഞിറങ്ങുന്ന ചി ല പരിപാടികളിൽ പോലും ഒളിഞ്ഞും തെളിഞ്ഞും പലതരം അക്രമചിന്തകൾ കലരുന്നതു കാണാം. അതുകൊണ്ട് ആരോഗ്യകരമായ ദൃശ്യമാധ്യമക്കാഴ്ചയെ കുറിച്ചും കുട്ടി കളെ ചെറുപ്പത്തിൽ തന്നെ ബോധവൽക്കരിക്കണം.

മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള ദൃശ്യമാധ്യമോപയോഗവും ആരോഗ്യകരമല്ല. ഇങ്ങനെ കാണുന്ന കാര്യങ്ങളൊന്നും അവരുടെ തലച്ചോറിൽ പതിയുകയോ ഭാവിയിൽ ഉപകാരപ്പെടുകയോ ഇല്ല. മൂന്നുവയസ്സു മുതൽ എട്ടു വയസ്സു വരെയുള്ള കുട്ടികൾക്ക് പരമാവധി ഒരു മണിക്കൂറാണ് ദൃശ്യമാധ്യമ സമയം. ആ സമയത്തു തന്നെ കാർട്ടൂണുകൾ, ഗെയിമുകൾ മുതലായ ചടുലമായ ദൃശ്യങ്ങൾ ഉൾപ്പെടുന്നവ ദിവസേന 30 മിനിറ്റിൽ കൂടാൻ പാടില്ല. ഒരുപാടു നേരം ഇത്തരം ചടുലമായ കാര്യങ്ങൾ കണ്ടതിനു ശേഷം പുസ്തകം വായിക്കേണ്ടി വരുമ്പോഴും മറ്റും അവർക്കു ശ്രദ്ധ കിട്ടാതെ ബുദ്ധിമുട്ടാം. അവരുടെ തലച്ചോറ് അതിവേഗമുള്ള ആ ദൃശ്യങ്ങളോടു സമരസപ്പെട്ടതു കൊണ്ടു തന്നെ ഇഴഞ്ഞു നീങ്ങുന്ന അക്ഷരങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് വന്നേക്കാം.

എട്ടു വയസ്സു മുതൽ പത്തൊൻപതു വയസ്സു വരെ ഒരു ദിവസം രണ്ട് മണിക്കൂറാണു ദൃശ്യമാധ്യമ സമയം. ഇതിൽ പാഠ്യ ആവശ്യങ്ങളും ഉൾപ്പെടും. അതിൽ കൂടുതൽ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതു തലച്ചോറിന്റെ ഇരുവശങ്ങൾ തമ്മിലുള്ള ഏകോപനം കുറയാനും ശ്രദ്ധക്കുറവിനും ഏകാഗ്രതയില്ലായ്മയ്ക്കും പഠനത്തിൽ താൽപര്യക്കുറവു വരാനും വികൃതിയിലേക്കും എടുത്തുചാട്ടത്തിലേക്കും ദേഷ്യത്തിലേക്കും ഒക്കെ നയിക്കും.

2184679411

ദൃശ്യമാധ്യമങ്ങൾ കുട്ടിക്കു പരിചയപ്പെടുത്തുമ്പോഴേ അവയുടെ നിയന്ത്രണവും പഠിപ്പിക്കുക. കൂടുതൽ സമയം കായികവ്യായാമങ്ങളിൽ ഏർപ്പെടാൻ പ്രാത്സാഹിപ്പിക്കാം. അതേപോലെ എന്താണു കുട്ടി കാണേണ്ടതെന്നതും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ചടുലമായ വേഗതയിലുള്ള ഓൺലൈൻ ഗെയിമുകളും കാർട്ടൂണുകളും കുട്ടിക്ക് അനുവദിച്ച മൊത്തം ദൃശ്യമാധ്യമ സമയത്തിന്റെ പകുതി മാത്രമേ ആകാവൂ. കഴിവതും അര മണിക്കൂർ മാത്രമാക്കുക.

രാത്രി വൈകിയുള്ള ദൃശ്യമാധ്യമ ഉപയോഗം ഒഴിവാക്കാം. അതു കുട്ടികളുടെ ഉറക്കക്രമത്തെ തടസ്സപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളിൽ പോലും കുട്ടികളുടെ അക്കൗണ്ടുകൾ മാതാപിതാക്കളുടെ നിരീക്ഷണത്തിലാകുന്നതാണു നല്ലത്. സാമൂഹിക മാധ്യമത്തിൽ വരുന്ന കാര്യങ്ങളെ കുറിച്ചു വീട്ടിൽ ചർച്ച ചെയ്യുന്നതു നല്ലതാണ്.

ലഹരിയെ കുറിച്ചോ മറ്റോ സാഹസിക പരിവേഷത്തി ൽ ആരെങ്കിലും വിഡിയോ ചെയ്തിട്ടുണ്ടെങ്കിൽ കുട്ടിക്ക് അതു നിഷേധിക്കുന്നതിനു പകരം തുറന്നു ചർച്ച ചെയ്യാം. ഇതു വഴി കുട്ടിക്ക് അതിന്റെ ഗുണ–ദോഷ വശങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ക്രിട്ടിക്കൽ തിങ്കിങ് ഉണ്ടായി വരും.

ശ്യാമ

വിവരങ്ങൾക്കു കടപ്പാട്:

ഡോ. അരുൺ ബി. നായർ

പ്രഫസർ ഓഫ് സൈക്യാട്രി,

മെഡിക്കൽ കോളജ്, തിരുവനന്തപുരം.