Monday 20 November 2023 12:40 PM IST : By സ്വന്തം ലേഖകൻ

അവളെ തൊട്ടാൽ കൈ സാനിറ്റൈസ്, ചെയ്യണമെന്നും ഭക്ഷണം തരില്ലെന്നും പറയുന്നവരേ... നിങ്ങൾ എന്തു ഭാവിച്ചാണ്: മിസ്‍രിയക്ക് വേണം നീതി

shadiya-

ഒരു ഡിസേബിൾഡ് പെൺകുട്ടി അവളുടെ നിത്യജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കാനുള്ള മനസ് എത്രപേർക്കുണ്ടാകും. പുരോഗമം കൊട്ടിഘോഷിക്കുന്ന പ്രബുദ്ധ കേരളീയർ ചിലപ്പോഴെങ്കിലും ആ ചോദ്യത്തിനു മുന്നിൽ തലകുനിക്കുന്നതു നാം കാണാറുണ്ട്. ആർദ്രതയുടെ കരുണയുടെ സഹാനുഭൂതിയുടെ തരിമ്പു പോലുമില്ലാത്ത കുറച്ചു പേർ നഫീസത്തുൽ മിസ്രിയ എന്ന പെൺകുട്ടിയോട് കാട്ടിയതും അത്തരമൊരു വിവേചനമാണ്. അംഗപരിമിതയായ നഫീസയോട് അവളുടെ ഹോസ്റ്റൽ അധികൃതർ കാട്ടിയ നിരുത്തരവാദപരവും നിർദയവുമായ പെരുമാറ്റത്തെക്കുറിച്ച് ഷാദിയ പി.കെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. അസഹിഷ്ണുക്കളായ ഒരുകൂട്ടം പേർക്കിടയിൽ ജീവിക്കേണ്ടി വന്ന മിസ്രിയയുെട അനുഭവം കണ്ണുതുറപ്പിക്കുന്നതാണ്. ഫെയ്സ്ബുക്കിലാണ് ഷാദിയ കുറിപ്പ് പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

ഒരു ഡിസേബിൾഡ് പെൺകുട്ടിക്ക് ബ്രണ്ണൻ കോളെജ് ഹോസ്റ്റലിൽ നേരിട്ടുകൊണ്ടിരിക്കുന്ന മോശം അനുഭവത്തെ കുറിച്ചാണ് ഈ കുറിപ്പ് ( സമ്മതപ്രകാരം എഴുതുന്നത് )

ഹോസ്റ്റലിലെ റൂംമേറ്റിൽ നിന്നാണ് നഫീസത്തുൽ മിസ്രിയ എന്ന ഡിസേബിൾഡ് പെൺകുട്ടിക്ക് മോശം അനുഭവങ്ങൾ നിരന്തരം നേരിടേണ്ടി വരുന്നത്.

നിനക്കും നിന്റെ വീട്ടുകാർക്കും മാനസികമാണെന്നും പാരന്റ്സിന് മാനസികമാവുന്നത് ഡിസേബിൾഡായ നീ ഉള്ളതുകൊണ്ടാണെന്നും പറയുന്ന റുംമേറ്റിന് മിസ്രിയയെ കാണുമ്പോൾ അറപ്പും കലിയും വരുന്നെത്രെ, വീക്കെന്റിൽ വീട്ടിൽ പോക്കൂടെ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന അസഹിഷ്ണുതയോടെയുള്ള ചോദ്യം മാത്രമല്ല, നിന്നെ കരയിച്ച് ഇവിടെ നിന്ന് ചവിട്ടി പുറത്താക്കുമെന്നും കൊല്ലുമെന്നും റൂം മേറ്റായ കുട്ടി ഭീഷണിപ്പെടുത്തുന്നു.

മൂന്ന് വർഷം ഇതേ ഹോസ്റ്റലിൽ നിന്ന് തന്നെ പഠിച്ച് ഡിഗ്രി പൂർത്തിയാക്കി പി.ജി. പഠനത്തിന് ബ്രണ്ണനിൽ തന്നെ ചേർന്നിരിക്കുകയാണ് മിസ്രിയ. ക്രച്ചസ് ഉപയോഗിച്ച് മാത്രം നടക്കുന്ന മിസ്രിയ ഒത്തിരി മുൻധാരണകളെ പൊളിച്ചടുക്കിയാണ് പഠനം തുടരുന്നത്. ഇതിനിടെയാണ് സീനിയേഴ്സിൽ നിന്ന് ഇങ്ങനെയൊരനുഭവം.

ഒരു ഡിസേബിൾഡ് കുട്ടി പഠിക്കാനെത്തുമ്പോൾ ഹോസ്റ്റൽ സൗകര്യം ഒരുക്കേണ്ടത് സാമാന്യ മര്യാദയുള്ള കോളജാണ് പക്ഷേ പഠനം തുടങ്ങി പത്തു ദിവസങ്ങൾക്കു ശേഷവും താമസസൗകര്യം നൽകാനാവാത്തതിനാൽ പഠനം മുടക്കി വീട്ടിലിരിക്കേണ്ട അവസ്ഥ മിസ്രിയക്കുണ്ടായി , തുടർന്ന് ഹോസ്റ്റൽ ഓഫീസിലും ഹോസ്റ്റൽറെപ്പിനെയും മാറി മാറി വിളിച്ചതിന്റെ ഫലമായി ഓണാവധി കഴിഞ്ഞുള്ള തിങ്കളാഴ്ച്ച വന്നോളാൻ അറിയിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ എത്തിയ മിസ്രിയയെ ഗൈഡ് ചെയ്യാനോ സഹായിക്കാനോ ആരും തന്നെ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല.

ഹോസ്റ്റൽറപ്പിന്റെ റൂമിൽ സാധനങ്ങൾ വച്ച് കോളേജിൽ പോയി വൈകിട്ട് മിസിരിയ തിരിച്ചു വന്നിട്ടും അവൾക്ക് റൂം ലഭ്യമായില്ല , തുടർന്ന് വെയിറ്റിംഗ് റൂമിലെ ബെഞ്ചിൽ വൈകീട്ട് ഏഴു മണിവരെ ഇരിക്കേണ്ട അവസ്ഥ അവർക്ക് ഉണ്ടായി. പിന്നീട് ഒരു റൂമിലേക്കും അക്കോമഡേറ്റ് ചെയ്യാൻ ഹോസ്റ്റൽ അന്തേവാസികൾ തയ്യാറായില്ല അതിനെ തുടർന്ന് കോളേജ് അധികാരികളെ അറിയിച്ചപ്പോൾ ഏതെങ്കിലും റൂമിൽ കയറിക്കോളാനുള്ള അനുമതി ലഭിച്ചു. പക്ഷേ കഴിഞ്ഞ മൂന്ന് വർഷവും താമസിച്ച ടോയ്‍ലറ്റിന് അരികിലെ റൂമിൽ താമസിക്കാൻ അനുവദിച്ചില്ല , കുട്ടികൾ കൂടുതലാണ് എന്നതായിരുന്നു കാരണം ( നോൺ ഡിസേബിൾഡ് വ്യക്തികളെ റും മാറ്റുന്നത് കൊണ്ട് അവർക്ക് പ്രത്യേകിച്ച് ഒരു നഷ്ടവും വരാനില്ലായിരുന്നു എന്ന് ഓർക്കുക ) തുടർന്ന് ഇപ്പോൾ താമസിച്ചുകൊണ്ടിരിക്കുന്ന റൂമിൽ നിന്നാണ് ഇത്തരം മാനസിക പീഡനങ്ങൾ കൂടി ലഭിക്കുന്നത്.

ഒരു ഡിസേബിൾഡ് കുട്ടിയോട് അവളുടെ സൗകര്യങ്ങൾ നോക്കാതെ ഏതെങ്കിലും ഒരു റൂമിൽ താമസിച്ചു കൊള്ളൂ എന്ന് പറയുന്നത്ര ബുദ്ധിശൂന്യരായ അധികാരികൾ പിന്നെ കുട്ടികളുടെ കാര്യം പറയണോ ?

നോൺ ഡിസേബിൾഡ് ആണ് എന്ന ഒരൊറ്റ പ്രവിലേജിന്റെ പുറത്ത് എന്തും വിളിച്ചു പറയാം എന്ന് ഈ കുട്ടികൾക്ക് എങ്ങനെയാണ് തോന്നിയത് ഈ കോളേജ് അധികാരികൾക്ക് എങ്ങനെയാണ് ഇത്രത്തോളം ഇറെസ്പോൺസിബിൾ ആവാൻ സാധിക്കുന്നത്.?!

ശരീരത്തെ കളിയാക്കുകയും വിവിധ രീതിയിൽ ബോഡീ ഷേമിങ് ചെയ്യുക മാത്രമല്ല, നിങ്ങൾക്കും ഇങ്ങനെയൊരു അവസ്ഥ വന്നേക്കാം എന്ന് ഓർമ്മിപ്പിച്ച മിസ്രിയയോട് ഞങ്ങൾക്കൊന്നും ഡിസിബിലിറ്റി വരില്ലെന്നും കൂടി റൂമേറ്റ് ആക്രോശിക്കുമ്പോൾ ഏതറ്റത്തോളമെത്തിയ അഹങ്കാരമാണിത്.?!

ഡിസബിൾ ആയതുകൊണ്ട് കട്ടിലിൽ കിടന്നാൽ പോരെ എന്തൊരു ലക്ഷറി ലൈഫ് ആണ്, അസൂയ തോന്നുന്നെന്ന് പറയുന്ന കുട്ടികൾ ഡിസേബിലിറ്റിയെ കുറിച്ച് എന്താണ് ധരിച്ചു വെച്ചിരിക്കുന്നത്.?! മിസ്രിയയെ തൊട്ടാൽ കൈ സാനിറ്റയ്സ് ചെയ്യണമെന്നും നിനക്ക് ഭക്ഷണം എടുത്തു തരാൻ എനിക്ക് പറ്റില്ലെന്നും പറയുന്ന തീണ്ടലുകാരിക്കുട്ടികളെ നിങ്ങൾ ഇത് എന്തു ഭാവിച്ചാണ് ??

ക്രെച്ചസ് ഉപയോഗിച്ച് നടക്കുന്ന അവൾ റൂം അടിച്ചുവരണമെത്രെ എന്നാലല്ലേ അവർക്ക് ശുദ്ധികലശം നടത്താൻ പറ്റൂ.

15 കൊല്ലത്തോളം വിദ്യാഭ്യാസം കിട്ടിയിട്ടും സാമാന്യം വേണ്ട മനുഷ്യത്വം എന്ന കാര്യം ഉണ്ടായിട്ടില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് ആ കുഞ്ഞുങ്ങൾക്ക് ലഭിച്ചത് എന്താണ് ?

നീ പരാതി നൽകുമെങ്കിൽ പരാതി കൊടുത്തോ പോലീസ് സ്റ്റേഷനിൽ നിനക്ക് കാമുകൻ ഉണ്ടെന്ന് പറഞ്ഞു കൊടുക്കും എന്ന് ഭീഷണിയാണിപ്പോൾ

രണ്ടു കാലിൽ നിവർന്ന് നടക്കുന്നതിന്റെ അഹങ്കാരം ഇത്രയൊക്കെ വേണോ ?

ഇപ്പോൾ വേണമെങ്കിലും ഇല്ലാതായി പോയേക്കാവുന്ന ചെറിയ ഒരു പ്രിവിലേജ് മാത്രമാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് ഓർത്താൽ നന്ന്..!

സ്വഭാവഹത്യ, ഭീഷണിപ്പെടുത്താൽ, ശരീരത്തെയും ഡിസബിലിറ്റിയെയും കളിയാക്കൽ തുടങ്ങി മറ്റ് നോൺ ഡിസേബിൾഡ് കുട്ടികൾക്കൊന്നും അനുഭവിക്കേണ്ടി വരാത്ത പീഡനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്.

താമസ സൗകര്യം ഒരുക്കൂന്നതിൽ അനാസ്ഥ കാണിച്ച കോളെജ് അധികാരികൾക്ക് എതിരെയും നിരന്തരം മാനസികമായി പീഡീപ്പിച്ച വിദ്യാർത്ഥികൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്

#മിസ്രിയക്കൊപ്പം

ചിത്രത്തിൽ ക്രച്ചസ് ഉപയോഗിച്ചു നിൽക്കുന്ന മിസ്രിയയുടെ പടം