ആ ഒറ്റ നിമിഷം! ഷമീന മറ്റൊന്നും ചിന്തിച്ചില്ല. സർവശക്തിയുമെടുത്ത് അയാളെ ജീവിതത്തിലേക്കു വലിച്ചു കയറ്റി. ഒപ്പം ഒന്നുമറിയാത്ത എത്രയോ പേരുടെ ജീവനും കാത്തു. ഇന്നലെ രാവിലെ കുറ്റ്യാടി ടൗൺ ജംക്‌ഷനിലാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെംബറും മഹിളാ കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റുമായ കെ.കെ. ഷമീന രക്ഷകയായി അവതരിച്ചത്.
കോഴിക്കോട്ടുനിന്നു തൊട്ടിൽപാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കുറ്റ്യാടി ടൗൺ ജംക്‌ഷനിലെ വളവിൽ എത്തിയപ്പോൾ ഡോർ തുറന്ന് ഡ്രൈവർ പുറത്തേക്ക് വീഴുകയായിരുന്നു. ഇത് കണ്ട ബസിലെ യാത്രക്കാരിയായ ഷമീന സീറ്റിൽ നിന്നു ചാടി എഴുന്നേറ്റ് പെട്ടെന്ന് ഡ്രൈവറെ വലിച്ചു കയറ്റി. ബസ് അപകടത്തിൽപെടാതെ യാത്രക്കാരെയും അതുവഴി രക്ഷപ്പെടുത്തി.
കുറ്റ്യാടി –തൊട്ടിൽപാലം റോഡിന്റെ ശോച്യാവസ്ഥയാണ് അപകടത്തിനു കാരണം. ബസും മറ്റു വാഹനങ്ങളും റോഡിലെ കുണ്ടിലും കുഴിയിലും ചാടുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. തകർന്നു കിടക്കുന്ന റോഡിലെ കുഴി നികത്താൻ പൊതുമരാമത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. വലിയൊരു അപകടത്തിൽ നിന്നു യാത്രക്കാരെയും ബസ് ഡ്രൈവറെയും രക്ഷപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് മെംബറെ കുറ്റ്യാടി, കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ അഭിനന്ദിച്ചു.