Tuesday 21 January 2025 10:31 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ചാറ്റ് ചെയ്യാൻ പറ്റൂല വാവേ..’; തീരാവേദനയായി ഷാരോണ്‍, ‘നിഷ്കളങ്കത’ കലർത്തി ഗ്രീഷ്മയുടെ വാട്സാപ് സന്ദേശങ്ങള്‍

sharon-greeshma44tghjii

കഷായത്തിൽ കളനാശിനി കലർത്തി ഷാരോണിനു നൽകിയ ശേഷം നിഷ്കളങ്കത അഭിനയിച്ചാണ് അവസാനം വരെ ഗ്രീഷ്മ വാട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഷാരോണിന്റെ ബന്ധുക്കൾ പുറത്തു വിട്ടിരുന്നു. കഷായം കുടിച്ചു ഛർദിച്ച് അവശനായി വീട്ടിൽനിന്ന് പോയ ഷാരോണിനു തൊട്ടുപിന്നാലെ ഗ്രീഷ്മ വാട്സാപ്പിൽ അയച്ച ചില സന്ദേശങ്ങളും മറുപടിയും ഇങ്ങനെ:

2022 ഒക്ടോബർ 14 രാവിലെ 11.37 മുതൽ

ഗ്രീഷ്മ : സോറി ഇച്ചായാ. ഇത് നോർമലാണ്. ആദ്യം വൊമിറ്റ് (ഛർദി) ഒക്കെ ഞാനും ചെയ്തു. പക്ഷേ, ഞാൻ അത് കയ്പിന്റെ എന്നാണു വിചാരിച്ചെ. സോറി. ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല. ഞാൻ ഓർത്തില്ല, നിങ്ങൾക്കു വൊമിറ്റിങ് ഉള്ളതല്ലേ. സോറി..

ഉച്ചയ്ക്കു 12.06 മുതൽ:

ഷാരോൺ : ഗ്രീൻ കളറിൽ വൊമിറ്റ് ചെയ്തു പോണെ. 

ഗ്രീഷ്മ : ആ ജൂസ് കുടിച്ചോണ്ട് ആയിരിക്കോ? 

ഗ്രീഷ്മ : (പച്ചക്കളറിൽ ഛർദിച്ചതിനെക്കുറിച്ച്) അത് കഷായം ആ കളർ. അതുകൊണ്ടാവും. ഞാൻ കാരണമല്ലേ. ഇനി വീട്ടിൽ അറിയുമ്പോ. ഞാൻ കാരണം. നിങ്ങൾ ഒരു കാര്യം ചെയ്യ്. മെഡിക്കൽ സ്റ്റോറിൽനിന്ന് വൊമിറ്റിങ് ടാബ്‌ലറ്റ്സ് വാങ്ങൂ. അപ്പോ ഓക്കെ ആവും. സോറി ഇച്ചായാ.

ഉച്ചയ്ക്ക് 12.22 മുതൽ

ഷാരോൺ : ഞാൻ ഉറങ്ങട്ടാ വാവേ? 

ഗ്രീഷ്മ : എനിക്ക് വയ്യ. ഉറങ്ങിക്കോ. 

ഷാരോൺ: (എനിക്ക് വയ്യ എന്നു പറഞ്ഞതിനെ കുറിച്ച്) എന്തോന്നു വയ്യ? 

ഗ്രീഷ്മ : അല്ല സമാധാനം ഇല്ല. 

ഷാരോൺ : എനിക്ക് ഒന്നുമില്ല. 

ഗ്രീഷ്മ : ശരി. ഉറങ്ങിക്കോ. 

ഷാരോൺ : കഷായം നെയിം (പേര്) എന്തോന്ന്? 

ഗ്രീഷ്മ : എന്തോ? അത് ഉണ്ടാക്കുന്നത് ചോദിച്ച് പറയാം... 

ഷാരോൺ: നിനക്ക് മരുന്നു തന്ന അവിടെനിന്നു വിളിച്ചു ചോദിക്ക്... നിന്റെ അമ്മ ഒന്നും കാണാതെ...

വൈകിട്ട് 5.31 മുതൽ

ഷാരോൺ : എന്റെ മോഷൻ ബ്ലാക്ക് ആയിട്ടാ പോണേ. 

ഗ്രീഷ്മ : അത് (ജൂസ്) കുടിച്ച ഓട്ടോ ചേട്ടനും വയ്യാന്ന്. ഇവിടെ അമ്മയെ കൊണ്ടുവിട്ട ഓട്ടോ ചേട്ടനു ഞാൻ അതാണു കൊടുത്തത്. ആ ചേട്ടനു വയ്യാന്നു മാമൻ പറഞ്ഞു കുറച്ചു മുന്നെ. 

ഷാരോൺ: എനിക്ക് ചാറ്റ് ചെയ്യാൻ പറ്റൂല വാവേ. 

ഗ്രീഷ്മ : ഇച്ചായൻ ആൾ ഉണ്ടെന്നു പറഞ്ഞോണ്ട് ആണ് ഞാൻ മെസേജ് ചെയ്യാത്തെ. ശരി ശരി. 

ഷാരോൺ : അറിയാം. 

ഗ്രീഷ്മ : ശരി ഇച്ചായാ. റെസ്റ്റ് എടുക്ക്. ഞാൻ കാരണം 

ഷാരോൺ : ഇപ്പോ വീടെത്തി. 

ഗ്രീഷ്മ : അഡ്മിറ്റ് ആക്കിയാ? ഏതു ഹോസ്പിറ്റൽ? 

ഷാരോൺ : പാറശാല ഗവ. 

ഗ്രീഷ്മ : നിങ്ങൾക്ക് ഓക്കെ ആയോ ആരോഗ്യം? 

ഷാരോൺ കഴിച്ച കഷായം ഏതാണെന്ന് അന്വേഷിച്ച സുഹൃത്തിന് ‌ഗ്രീഷ്മ അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞത് :

‘ആ മരുന്നില്ലടാ.. ആ മരുന്ന് അവസാനമായിട്ട് തീർന്നു കാണും.. തീർത്താണ് ഞാൻ ഇച്ചായനു കൊടുത്തത്... അത് ഇച്ചായനും അറിയാം... അവസാനത്തെ ദിവസമായിരുന്നു... അതു കഴിക്കേണ്ട ലാസ്റ്റ് ഡേ ആയിരുന്നു. അതിനു ശേഷം എനിക്ക് പ്രിസ്ക്രൈബ് ചെയ്തിട്ടില്ല... അത് എന്റെ കയ്യിൽ ഇല്ല. ഞാനാരു കാര്യം ചോദിക്കട്ടാ... നീ എന്താ ഉദ്ദേശിക്കുന്നത്...? ഞാനെന്തേലും ചെയ്തുവെന്നാണോ? നീ ഒന്ന് ഓർത്തു നോക്ക്... ഒന്നാലോചിച്ച് നോക്ക്... എന്തായാലും കുഴപ്പമില്ലെന്നൊക്കെ പറയുന്നതു കേക്കുമ്പം എനിക്കു തന്നെ എന്തോ പോലെ തോന്നുന്നു. എടാ ഞാൻ കഴിച്ച സാധനത്തിനെയാണ് ഞാൻ കൊടുത്തത്... അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ... ഞാനൊന്നും അതില് കലർത്തിയിട്ടൊന്നും ഇല്ല... എനിക്കയാളെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാ...?’

Tags:
  • Spotlight