വേദനകളുടെ തീച്ചുളയിലും പ്രകാശിക്കുന്നൊരു അമ്മ. മൈക്രോസഫാലി രോഗം ബാധിച്ച മകളെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേർത്തു നിർത്തുന്ന ഷീജയെന്ന അമ്മയുടെ കഥ ഹൃദയം തൊടുന്നതാണ്. തിരുവനന്തപുരം പേയാദ് സ്വദേശിയായ ഷീജയുടെയും മകൾ സാന്ദ്രയുടെയും കഥ ഒരിറ്റു കണ്ണുനീരോടെയല്ലാതെ കേട്ടിരിക്കാനാകില്ല. ജന്മംനൽകിയ കുഞ്ഞിന് വൈകല്യം ഉണ്ടായതിന്റെ പേരിൽ കൂടെ നിൽക്കേണ്ട ഭർത്താവു പോലും ഒരുഘട്ടത്തിൽ ഉപേക്ഷിച്ചു. സ്നേഹ സാന്ത്വനങ്ങൾ കൊണ്ട് ചേർത്തു നിർത്തേണ്ട ബന്ധുക്കളുടെ നാവില്‍ നിന്നു പോലും കുത്തുവാക്കുകൾ കൂരമ്പുപോലെയെത്തി. വനിത ഓൺലൈനോട് ആ കഥ പറയാനിരിക്കുമ്പോൾ ഷീജയുടെ മിഴികൾ ഈറനണിയുന്നുണ്ടായിരുന്നു.
ഒരു ഘട്ടത്തിൽ ഡോക്ടർപോലും മരിക്കുമെന്നു വിധിയെഴുതിയ കുഞ്ഞാണ് ഇന്ന് ഷീജ നിധിപോലെ ചേർത്തിരുത്തുന്ന സാന്ദ്രക്കുട്ടി. പ്രസവ സമയത്തുണ്ടായ സങ്കീർണതകളാണ് കുഞ്ഞിനെ മൈക്രോസഫാലി രോഗത്തിൽ കൊണ്ടെത്തിച്ചതെന്ന് ഷീജ പറയുന്നു.
‘മരിക്കാൻ സാധ്യതയുള്ള കുഞ്ഞുങ്ങളുടെ ഗണത്തിലായിരുന്നു എന്റെ കുഞ്ഞ്. വെള്ളത്തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിലാക്കി കൊണ്ടു പോകുന്ന കുഞ്ഞു ദേഹങ്ങളെ ലേബർ റൂമിൽ ഞാൻ അന്നു കണ്ടു. ലേബർ റൂമിന് പുറത്തുണ്ടായിരുന്ന എന്റെ ബന്ധുക്കളോടും ബക്കറ്റ് വാങ്ങി വയ്ക്കാൻ നഴ്സുമാർ പറയുന്നുണ്ടായിരുന്നു. പക്ഷേ വിധിയെ തോൽപിച്ച് എന്റെ കുഞ്ഞ് പിറവിയെടുത്തു. പിഴവുകളും വൈകല്യങ്ങളും ഏറെയുണ്ടെങ്കിലും അവളെനിക്ക് നിധിയാണ്.’– ഷീജയുടെ വാക്കുകൾ.
‘അവിടുന്നങ്ങോട്ട് ഒരു പോരാട്ടം തന്നെയായിരുന്നു. കുഞ്ഞിനെ നോക്കാന്‍ കഴിയില്ലന്ന് പറഞ്ഞ് ഭർത്താവ് പോയി. എല്ലാം പറഞ്ഞ് അവസാനിപ്പിച്ചൊരു മ്യൂച്വൽ ഡിവോഴ്സ്. ബന്ധുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു സഹതാപവും കുത്തുവാക്കുകളും. പ്രായമായ പെൺകുഞ്ഞിനെ ഈ അവസ്ഥയിൽ എങ്ങനെ നോക്കുമെന്ന് കുത്തുവാക്കുകൾ. പെണ്ണായത് കഷ്ടമായിപ്പോയല്ലേ എന്നു പറഞ്ഞവരും ഏറെ. ചിലർ മന്ദബുദ്ധിയുടെ അമ്മയെന്ന് വിളിച്ചു, കല്യാണങ്ങൾക്ക് വരേണ്ടെന്ന് ബന്ധുക്കൾ വിവാഹങ്ങൾക്ക് പോലും ക്ഷണിക്കാതെ ബന്ധുക്കളുടെ അവഗണന തുടർന്നു. കുഞ്ഞിനേയും ഒക്കത്തേറ്റി പോകുമ്പോൾ കണ്ണിൽചോരയില്ലാതെ പെരുമാറിയവരും ഏറെ. ബസില്‍ പോകുമ്പോള്‍ പലപ്പോഴും സീറ്റു പോലും ലഭിക്കാറില്ല. ആണുങ്ങൾ എഴുന്നേറ്റ് തന്നാലും സ്ത്രീകൾ ഇരുന്നയിടത്തു നിന്നും അനങ്ങില്ല. നിങ്ങൾക്ക് ഇരിക്കാൻ വേണ്ടിയുള്ള അടവാണല്ലേ എന്നൊക്കെ ചിലർ ചോദിച്ചിട്ടുണ്ട്. ആ പരീക്ഷണങ്ങളെയെല്ലാം ഞാൻ അവഗണിക്കാൻ പഠിച്ചിരിക്കുന്നു. സ്നേഹസാന്ദ്രമെന്ന പേരില്‍ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി നിൽക്കുന്നതു പോലും എന്റെ മകളിലൂടെ ഞാൻ പഠിച്ച ജീവിത പാഠങ്ങളിൽ നിന്നാണ്.’– ഷീജയുടെ വാക്കുകൾ.
അഭിമുഖത്തിന്റെ പൂർണരൂപം വിഡിയോ രൂപത്തിൽ: