Friday 17 November 2023 11:51 AM IST : By സ്വന്തം ലേഖകൻ

പാട്ടിനൊപ്പം ആടിയും പാടിയും ക്ലാസ്; ഇങ്ങനെ കണക്ക് പഠിപ്പിച്ചാൽ ആരും മറക്കില്ല! കുട്ടികളുടെ ഹൃദയം കവര്‍ന്ന് ഷെഫീക്ക് മാഷ്

shafeek

പാട്ടു പാടി ചുവടുകൾ വച്ചുള്ള ഷഫീഖ് മാഷിന്റെ ക്ലാസ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. കൊളത്തൂർ കുറുവ എയുപി സ്‌കൂളിലെ അധ്യാപകനായ തുളുവത്ത് ഷഫീഖ് ആണ് വേറിട്ട ക്ലാസ് രീതിയിലൂടെ കുട്ടികളുടെ ഹൃദയം കവരുന്നത്.

ഷഫീഖിന്റെ ക്ലാസ് കണ്ടാൽ സംഗീത ക്ലാസാണോ അതോ നാടക പഠനമോ എന്ന് ആർക്കും ആദ്യം സംശയം തോന്നാം. പാട്ടിന്റെ താളത്തിനൊപ്പിച്ച് ആടിയും പാടിയും മുഴുവൻ കുട്ടികളും ക്ലാസിൽ മുഴുകും. മലയാള പാഠത്തിലെ തുള്ളൽപാട്ട് മുതൽ കണക്കിലെ സൂത്രവാക്യങ്ങളും ചുറ്റളവും വിസ്‌തീർണവും കാണാനുള്ള വഴികൾ വരെ പഠിപ്പിക്കുന്നത് പാട്ടിന്റെ താളമൊപ്പിച്ചു തന്നെ.

ഇങ്ങനെ പഠിപ്പിച്ചാൽ കുട്ടികൾ അതിവേഗം ഓർത്തെടുക്കുമെന്ന് മാത്രമല്ല, അവരുടെ ഹൃദയങ്ങളിലേക്കും കടന്നുചെല്ലാമെന്ന് ഷഫീഖ് പറയുന്നു. ഈ രീതി പരീക്ഷിച്ചതോടെ ഇത്തവണ ഓണപ്പരീക്ഷയിൽ കുട്ടികളെല്ലാം നല്ല നിലവാരമാണ് പുലർത്തിയത്. മറ്റു സ്‌കൂളുകളും ഷഫീഖിനെ അതിഥിയായി ക്ഷണിക്കുന്നുണ്ട്.

ഈ വർഷം ഇതിനകം ഒട്ടേറെ സ്‌കൂളുകളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടകനാകാൻ ഭാഗ്യം ലഭിച്ചെന്ന് ഷഫീഖ് പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുട്ടികൾക്കായുള്ള മറ്റ് നൂറോളം വേദികളിലും ഇതിനകമെത്തി. കോവിഡ് കാലത്ത് നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ പലഹാര നിർമാണത്തിലേർപ്പെട്ടത് മുൻപ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറു വർഷത്തിലേറെയായി ഇവിടെ അധ്യാപകനാണ്. ഇ.കെ. സഫ റസ്‌മയാണ് ഭാര്യ. മകൾ: ഷിമാസ് അയ്‌സൽ. 

Tags:
  • Spotlight
  • Motivational Story