Saturday 21 April 2018 12:16 PM IST

ദൈവത്തിന്റെ വിരൽത്തുമ്പ് പിടിച്ചുനടന്ന കഥ പറഞ്ഞ് ഷിഹാബ്!

Tency Jacob

Sub Editor

shihab-old2 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

സ്വപ്നം കാണാൻപോലും അവകാശമില്ലാത്തവന്റെ സ്വപ്നമാണ് ഏറ്റവും വലിയ സ്വപ്നം’’ ‘കിങ് ആൻഡ് കമ്മീഷണര്‍’ എന്ന സിനിമയില്‍  മമ്മുക്കയുടെ ഡയലോഗായിരുന്നു അത്. ഞാനൊരു മന്ത്രംപോലെ ഉരുക്കഴിക്കുന്ന വാച കം. വീടും ഇരുളും മാത്രമായിരുന്ന കുട്ടിക്കാലത്തെപ്പോഴോ കണ്ട സിനിമയിൽ നിന്നാണ് ആ വാചകം എന്റെയുള്ളിലേക്ക് തിരയടിച്ചെത്തിയത്. പിന്നീടത് എ ന്നെ വിട്ടുപോയതേയില്ല. ആവർത്തിച്ചുരുവിട്ടു ഉരുവിട്ട് ഞാനെന്റെ സ്വപ്നങ്ങളിലേക്കു കയറാനുള്ള ഏണി ദൈവത്തിന്നടുത്തേക്ക് ചാരി വെച്ചു.

മറ്റാർക്കും കിട്ടാത്ത വീട്

പതിനാലാം വയസ്സിൽ നാടുവിട്ടുപോയി ലോകം മുഴുവൻ ചുറ്റി നിക്കാഹിനു പ്രായമായപ്പോൾ തിരിച്ചു വന്നയാളാണ് എന്റെ ഉപ്പ. ലോകം ചുറ്റിയതിന്റെ വിശാലമനസ്സുണ്ട് ഉപ്പ പൂക്കോട്ടൂർ പള്ളിപ്പടിയിൽ അ ബൂബക്കറിന്. വീട്ടിൽത്തന്നെയായിരുന്നു ഉമ്മ മെഹ്ജാബിയുടെ പ്രസവങ്ങളെല്ലാം.  മൂന്നു പെൺകു ട്ടികൾക്കും ഒരാൺകുട്ടിക്കും ശേഷമാണ് ഞാനു ണ്ടാകുന്നത്. പേറെടുക്കാൻ വന്ന ഉമ്മൂമ്മ എന്നെ യെടുത്ത് ഉപ്പയുടെ കൈയിൽ കൊടുത്തു. ഉപ്പയും അമ്പരക്കുകയും വേദനിക്കുകയും ചെയ്തിട്ടുണ്ടാവണം. രണ്ടു കൈയും കാലുമില്ലാതെ മാംസപിണ്ഡം പോലൊരു കുഞ്ഞ്.

കൈകാലുകളില്ലാത്ത ഷിഹാബിന് ഇനി ഷഹന ഫാത്തിമ കൂട്ടാകും! അപൂർവമായൊരു പ്രണയ സാഫല്യത്തിന്റെ കഥ

എഴുപത്തിയഞ്ചു ശതമാനത്തിലധികം ശാരീരിക വൈകല്യങ്ങളോടെയാണ് ഞാൻ ജനിച്ചത്. ഗർഭിണിയായിരുന്നപ്പോൾ ഉമ്മ കഴിച്ച എന്തോ മരുന്നിന്റെ പാർശ്വഫലമാണെന്ന് ഡോക്ടർമാർ പറയും. പക്ഷേ, എനിക്കറിയാം. ഞാനിങ്ങനെ ജനിക്കാനായിരുന്നു അള്ളാഹുവിന്റെ തീരുമാനം. ഒരേ പോലെയുള്ളവരെ സൃഷ്ടിച്ചു മടുത്തപ്പോ ഒന്നു ക്രിയേറ്റീവായി ചെയ്തു നോക്കിയതാവണം.

എന്റെ ഉപ്പൂപ്പ വാപ്പയോടു പറഞ്ഞത്രേ.‘നാലെണ്ണം ഒരേ പോലെയുള്ളത് കിട്ടിയില്ലേ. അഞ്ചാമത്തെയാളെ പുതിയരീതിയിൽ വളർത്താനുള്ള അവസരമായി കണ്ടാ മതി.’
അതു ഉപ്പയെ മാറ്റിമറിച്ച ചിന്തയായിരുന്നു. വീട്ടിലേക്കെത്തുന്ന ബന്ധുക്കൾ എന്നെ കാണുമ്പോൾ ‘ഇവന്റെ കാര്യം എന്താക്കും’ എന്നു ചോദിക്കും. ‘ബാക്കിയുള്ളവരുടെ കാര്യമാ ലോചിച്ചിട്ടാ എനിക്ക് എടങ്ങേറ്. ഇവൻ എങ്ങനെയെങ്കിലും ജീവിച്ചോളും’ എന്നു ഉപ്പ ആ ആവലാതിയെ നിസ്സാരമാക്കും.

എനിക്കു ശേഷം രണ്ടനിയന്മാർ കൂടിയുണ്ടായി. നിസ്ക്കരിക്കാൻ പള്ളിയിൽ പോകുമ്പോഴും യാത്രകൾ പോകുമ്പോഴും ഉപ്പ എന്നെ തോളിൽ കൊണ്ടുനടന്നു. ഞാൻ സ്കൂളിൽ പോണമെന്നു പറഞ്ഞപ്പോൾ ഉപ്പയുടെ മീൻ വണ്ടിയിൽ ഉമ്മ എന്നെ മടിയിലിരുത്തി ദിവസവും സ്കൂളിൽ കൊണ്ടാക്കി. ഉച്ചയ്ക്ക് ചോറു വാരിത്തരാൻ വീണ്ടും വരും. പിന്നെ, നാലുമണി ക്കു തിരിച്ചു കൊണ്ടുപോകാനും. കുറേ കഷ്ടപ്പെട്ടിട്ടുണ്ട് ഉമ്മ. ഇപ്പോഴും വീട്ടിലെത്തിയാൽ എന്നെ കുളിപ്പിക്കലും ബാത്ത്റൂമിൽ കൊണ്ടുപോകലും എല്ലാം ഉമ്മയുടെ ജോലിയാണ്.
കഴിഞ്ഞ വർഷം കൈരളി ടി വിയുടെ ഫീനിക്സ് അവാർഡ് എനിക്കായിരുന്നു. അതു തരാൻ എത്തിയ മമ്മൂക്കയ്ക്ക് ഞാൻ വരച്ചൊരു പടം കൊടുത്തു. അദ്ദേഹം സ്നേഹത്തോടെ എ ന്നെ എടുത്തുയർത്തിയപ്പോൾ ഞാൻ ഒരു ആഗ്രഹം പറഞ്ഞു. ‘എന്റെ വാപ്പയെ സ്േറ്റജിലേക്ക് വിളിക്കണമെന്ന്.’

shihab-old4

വാപ്പ വന്നപ്പോൾ മമ്മുക്ക കെട്ടിപ്പിടിച്ചു. വീട്ടിൽ വന്നപ്പോൾ ഉപ്പയുടെ കമന്റ്. ‘ഞാൻ ഏഴെണ്ണത്തിനെ വളർത്തി. പക്ഷേ, ഇ വനെക്കൊണ്ടാ എനിക്ക് ആ കഷ്ടപ്പാട് മുതലായത്.’ എന്റെ ബാല്യം മുഴുവൻ ചെലവിട്ട ആ ഇരുട്ടുമുറിയിൽത്തന്നെ വേണമെങ്കിൽ അവർക്ക് തള്ളാമായിരുന്നു. പക്ഷേ, അവരെന്റെ ഇല്ലാ കെകൾക്കും കാലുകൾക്കും ചിറകുവെച്ചു തന്നു എന്നെ സ്വപ്നങ്ങളിലേക്ക് പറത്തിവിട്ടു.

വാതിൽ മറവിൽ നിന്ന് വെളിച്ചത്തിലേക്ക്

ആറു വയസ്സുവരെ ഞാൻ എണീക്കുകയോ നടക്കുകയോ ചെയ്തില്ല. വീട്ടിലെ രണ്ടുമുറികളിലൊന്നിൽ ഇരുട്ടിലെ മറ്റൊരിരുട്ടായി ഞാൻ കിടന്നു.  വീട്ടിലുള്ളവരല്ലാതെ അയൽ വീട്ടു കാരും വിരുന്നു വരുന്ന അതിഥികളും ആരും എന്നെ കണ്ടില്ല. മറ്റുള്ളവർ കാണുമ്പോൾ സഹതാപവും നടുക്കവും പ്രകടിപ്പിക്കുന്നതുകൊണ്ടും പുറത്തു കൊണ്ടുപോയാൽ എനിക്കെന്തങ്കിലും അസുഖം വരുമോയെന്ന ഭയവുമാണ് ഉമ്മയേയും വാ പ്പയേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

ഒരിക്കൽ ഉമ്മ ചോറുതന്നു പോയപ്പോൾ വാതിൽ ചേർത്തടയ്ക്കാൻ മറന്നു. ആ വിടവിനിടയിലൂടെ ഞാൻ സഹോദരങ്ങൾ കളിക്കുന്നതും അനിയൻ വാപ്പയുടെ കൈപിടിച്ച് നടക്കാൻ പഠിക്കുന്നതും അനുജത്തി ഉമ്മയുടെ മടിയിലിരുന്നു കൊഞ്ചുന്നതും കണ്ടു. കുഞ്ഞിക്കണ്ണുകളിൽ സങ്കടം കടലായി ഇരമ്പിയിട്ടുണ്ടാവണം. പിന്നീട് ഉമ്മ വന്നപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാനൊരിക്കലും നടക്കില്ലേയെന്ന ചോദ്യത്തിനു ഉമ്മയും കൂടെ കരഞ്ഞു. പിന്നീട് എന്നെ മടിയിലിരുത്തിക്കൊണ്ട് പറഞ്ഞു.‘‘നിനക്കില്ലാത്ത കാലുകൊണ്ട് നീയൊരിക്കൽ നടക്കും. അതു ഉമ്മ കാണും. അന്നായിരിക്കും ഉമ്മ ഏറ്റവും സന്തോഷിക്കുന്നത്.’ അന്നു ഞാനുറപ്പിച്ചു. ‘തീർച്ചയായും ഞാൻ നടക്കും.’

shihab-old3

അത്രനാളും കിടക്കയിൽ കിടന്ന ഞാൻ നിലത്തു കിടക്കാൻ തുടങ്ങി. ആദ്യം കിടന്നുരുളാൻ പഠിച്ചു. പിന്നീട് ഉമ്മ വാതിൽ ചേർത്തടച്ച് ഇല്ലാതാക്കുന്ന വെളിച്ചമില്ലായ്മയിൽ ഞാൻ എഴുന്നേറ്റു നിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഉരുണ്ടു വീണു ദേ ഹം മുറിയുമായിരുന്നു. പതിയെ ബാലൻസു കിട്ടിത്തുടങ്ങി. മുറിയിൽ നന്നായി നടക്കാമെന്നായപ്പോൾ എനിക്കു പുറത്തേക്കിറങ്ങാനായി മോഹം. എല്ലാവരുമുറങ്ങിക്കിടക്കുന്ന രാത്രിയിൽ ചാരിയ വാതിൽ പതിയെ തുറന്നു ഞാൻ നടന്നു. മനുഷ്യരെല്ലാമുറങ്ങുന്ന നേരത്ത് ഉണർന്നിരുന്നു പ്രാർത്ഥിക്കുന്നവനോട്  അള്ളാഹു കൂടുതൽ കരുണ കാണിക്കും.  അതേ, ഞാൻ ദൈവത്തിന്റെ വിരൽത്തുമ്പ് പിടിച്ചു നടക്കാൻ തുടങ്ങി. ഒരു മുറിയിൽനിന്നു വേറൊരു മുറിയിലേക്ക്. ആ വാതിൽ കഴിഞ്ഞു വേറൊന്നിലേക്ക്....

തുറക്കാൻ ധാരാളം വാതിലുകളൊന്നുമില്ലായിരുന്നു എന്റെ ചെറിയ വീട്ടിൽ. രണ്ടു മുറികളും ഊണുമുറിയും അടുക്കളയും അതിൽ ഞങ്ങൾ ഏഴുപേരും. എല്ലാ മുറികളിലും നിരന്നുകിടക്കുന്നവരെ തട്ടിവീഴാതെയാണ് നടക്കാൻ പഠിച്ചത്. ഞാൻ ഇല്ലാകാലുകൊണ്ട് നടക്കുന്നതു കണ്ട് എല്ലാവരും സന്തോഷിച്ചു.

കാഴ്ചകൾ വന്നു വിളിച്ചപ്പോൾ

എന്റെ മുറിയിലെ ഒറ്റ ജനൽ തുറന്നിട്ടു ഞാൻ വെളിച്ചം കാ ണാൻ തുടങ്ങി. എന്റെ സഹോദരങ്ങൾ കളിക്കുന്നത്, അവർ കൂട്ടുകാരൊത്ത് ഓടുന്നത്, ചേച്ചി ടീച്ചറായി സാരിയുടുത്ത് മരങ്ങളെ പഠിപ്പിക്കുന്നത്... അങ്ങനെ ഒരുപാട് കാഴ്ചകൾ. ക ളിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഞാൻ തട്ടിമറിഞ്ഞു വീഴുമോ യെന്നു ഉമ്മ ഭയന്നു. കളിക്കാൻ കഴിയില്ലെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന വാശിയിൽനിന്നു ബ്രഷ് വായിൽപിടിച്ചു വരയ്ക്കാൻ തുടങ്ങി. ആദ്യം കുത്തിവരയായിരുന്നെങ്കിലും പിന്നീടത് ചിത്രങ്ങളായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു അതിൽ ബ്രഷു തിരുകി വരക്കാൻ തു ടങ്ങി. അതു കൈകൾക്ക് വഴങ്ങിത്തുടങ്ങി.

അന്നും ആരെങ്കിലും വീട്ടിൽ വന്നാൽ ഞാൻ വാതിലിനു മറവിലൊളിക്കും. നോട്ടങ്ങളെ നേരിടാൻ വയ്യ. അവരുടെ സ ഹതാപവും ദൈന്യതയും എന്നിൽ അപകർഷത നിറച്ചു. ഞാ ൻ നടന്നു തുടങ്ങുമ്പോഴേക്കും എന്റെ മൂത്ത രണ്ടു ചേച്ചിമാർ കല്യാണം കഴിഞ്ഞുപോയിരുന്നു. എനിക്കു തൊട്ടു മൂത്ത ഷംനയുമായായിരുന്നു എന്റെ കൂട്ട്. ഞങ്ങൾത്തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അവളും അനിയന്മാരും വാ യിക്കുന്നതു കേട്ടു ഞാൻ കിടക്കും. പിന്നെ, അവർ വീട്ടിൽ വെച്ചു പോകുന്ന പുസ്തകങ്ങളെടുത്ത് വായിച്ചു തുടങ്ങി. അങ്ങനെയാണ് സ്കൂളിൽ പോകണമെന്ന് തോന്നിയത്.

ചെറുപ്പത്തിൽ ഞാനൊരു വാശിക്കാരനായിരുന്നുവെന്നു ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. സ്കൂളിൽ പോകണമെന്നു ഞാൻ പറഞ്ഞപ്പോൾ ഉമ്മയ്ക്കും വാപ്പയ്ക്കും അറിയാമായിരുന്നു, ഞാനതു സാധിച്ചെടുത്തേ അടങ്ങിയിരിക്കുള്ളുവെന്നു. അ പ്പോഴെനിക്ക്  പതിമൂന്നു വയസ്സുണ്ട്. അറവങ്കര ഗവൺമെന്റ് ഹൈസ്ക്കൂളിൽ ചേരാനെത്തിയപ്പോൾ അധ്യാപകരെനിക്കൊരു പരീക്ഷയിട്ടു.  ഉത്തരങ്ങളെഴുതുന്നതു കണ്ടപ്പോഴുറ പ്പിച്ചിരിക്കണം അവർക്കൊരു ബാധ്യതയാവില്ലെന്ന്. എട്ടാം ക്ലാസ്സിലേക്കാണ് പ്രവേശനം കിട്ടിയത്. ആദ്യമെല്ലാം ഞാൻ സ്കൂളിലൊരു അദ്ഭുത വസ്തുവായിരുന്നു. പക്ഷേ, ടീച്ചർമാർ  എന്നെ നല്ലപോലെ പ്രോത്സാഹിപ്പിച്ചു.

വീട്ടിലെത്തുമ്പോൾ അനിയന്മാർ ക്രിക്കറ്റു കളിക്കുന്നതു കണ്ടു എനിക്കും കളിക്കണമെന്നു മോഹമായി. അവർ കളി കഴിഞ്ഞുപോകുമ്പോൾ എറിഞ്ഞിട്ട ബാറ്റെടുത്ത് ഞാനും കളിക്കാൻ തുടങ്ങി. ഞാൻ  കളിക്കുന്നതറിഞ്ഞു ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നെയൊരിക്കൽ വിളിച്ചിരുന്നു. പിന്നെ, പിന്നെ ഫുട്ബോളും കളിക്കാൻ തുടങ്ങി. പത്താം ക്ലാസ്സിൽ തൊണ്ണൂറ്റാറു ശതമാനത്തിലധികം മാർക്കോടെ സ്ക്കൂളിലെ ആദ്യ സ്ഥാനക്കാരനായി.  ഫിസിക്സ് ഇഷ്ടവിഷയമായിരുന്നതുകൊണ്ട് പ്ലസ് ടൂവിനു സയൻസു ഗ്രൂപ്പ് എടുത്തു പഠിക്കാനായിരുന്നു താത്പര്യം. പ്രാക്ടിക്കൽ ചെയ്യാൻ ബുദ്ധിമുട്ടാകുമെന്നതുകൊണ്ട് ടീച്ചർമാരടക്കം എ തിർത്തു. പക്ഷേ, വാശി എന്റെ കൂടപ്പിറപ്പായിരുന്നല്ലോ. പ്രാക്ടിക്കൽ ക്ലാസ്സ് കുറച്ചു ബുദ്ധിമുട്ടായിത്തോന്നിയെങ്കിലും എൺപത്തിയഞ്ചു ശതമാനം മാർക്കോടെ വിജയിച്ചു. ഈ വിജ യങ്ങൾ എനിക്കു നൽകിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല.
ഡോക്ടറാകാനായിരുന്നു ആഗ്രഹം. പക്ഷേ, ഇരുപത്തി യഞ്ചു ശതമാനം ശാരീരിക ശേഷിവെച്ച് അതു സാധിക്കില്ല.

കൂട്ടുകാർ ഇല്ലായിരുന്നെങ്കിൽ

shihab-old1

ഞാൻ സ്വപ്നം കാണുകയേ ചെയ്തുള്ളൂ. പ്രാവർത്തികമാക്കി യതെല്ലാം അവരായിരുന്നു. എന്റെ കൂട്ടുകാർ. യാതൊരുപാധികളുമില്ലാതെ എന്നെ സ്നേഹിച്ചവർ. ആദ്യമാദ്യം കൂട്ടുകൂടാൻ മടിയായിരുന്നു. സ്കൂളിൽ പി ടി പിരീഡ് വരുമ്പോൾ ഞാൻ ഗ്രൗണ്ടിലേക്കൊന്നും പോകില്ല. പക്ഷേ, കൂട്ടുകാരെന്നെ എടുത്തുകൊണ്ട് മൈതാനത്തിന്റെ നടുക്കിരുത്തും. എന്നിട്ടു എനിക്കു ചുറ്റും കളിക്കും.  അവരുടെ കൈകളിലിരുന്നാണ് എന്റെ അപകർഷത ഇല്ലാതായത്. ബി എ ഇംഗ്ലീഷിനു ചേർന്നപ്പോൾ പെൺകുട്ടികളായിരുന്നു കൂടുതൽ. ആദ്യമൊക്കെ വലിയ ചമ്മലായിരുന്നു മിണ്ടാൻ. പ ക്ഷേ, അവരതൊന്നും വകവെച്ചില്ല. മൂന്നുകൊല്ലം എനിക്കു ഭക്ഷണം വാരിത്തന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഞാ നെന്റെ ആഗ്രഹങ്ങൾ പറയുമ്പോൾ അവളായിരുന്നു ‘നിനക്കത് പറ്റും’ എന്നു പറഞ്ഞു ധൈര്യപ്പെടുത്തിയത്.

ഇന്നു ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി ജിക്കു പഠിക്കുന്നു. ഹോസ്റ്റലിലാണ് താമസം. പ്ലസ് ടുവിനു പഠിക്കുന്ന അനിയൻ നിഷാദ് കൂടെയുണ്ട്.  അവനാണ് എന്നെ ടോ യ്‌ലെറ്റിൽ കൊണ്ടുപോകുന്നതും കുളിപ്പിക്കുന്നതുമെല്ലാം. ഗോപിനാഥ് മുതുകാട് സാർ എന്നെക്കുറിച്ച് സോഷ്യൽ മീഡിയയിലിട്ടതോടെ ധാരാളം പേർ വിളിച്ചു. ഒരാൾ എനിക്കൊരു ഇലക്ട്രിക് വീൽചെയർ വാങ്ങിത്തന്നു. വീട്ടിൽ സൗകര്യമില്ലാ ത്തതുകൊണ്ട് കൊണ്ടുപോകാൻ പറ്റിയിട്ടില്ല. ഞങ്ങളെപോലു ള്ളവർക്ക് തനിയെ പോകാൻ പറ്റുന്ന ടോയ്‌ലെറ്റുകളുണ്ട്. സൗകര്യങ്ങളുള്ള വീടു പണിയുകയാണെങ്കിൽ ഉമ്മയേയും അനിയനേയും ബുദ്ധിമുട്ടിക്കാതെ കഴിക്കാമായിരുന്നു.  

മികച്ച പെയിന്റിങ്ങിനുള്ള സംഘമിത്രയുടെ പുരസ്ക്കാരം കിട്ടിയത് വലിയ പ്രചോദനമായിരുന്നു. പിന്നെ, വയലിനും പിയാനോയുമെല്ലാം പഠിച്ചു. സ്വന്തമായി ഇപ്പോൾ കേരളത്തിനു പുറത്തുപോയും പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ഡ്രംസ് പഠിക്കണമെന്നതാണ് ഇനിയുള്ള ആഗ്രഹം. പത്താംക്ലാസ്സു ക ഴിഞ്ഞതുമുതൽ ഞാനൊരു മോട്ടിവേഷനൽ സ്പീക്കറാണ്.കൊൽക്കത്തയിലെ ജാദവപുരി യൂനിവേഴ്സിറ്റിയിലും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലുമെല്ലാം ക്ലാസ്സെടുക്കാൻ അവസരങ്ങൾ കിട്ടി. ഇതിൽനിന്നെല്ലാം കിട്ടുന്ന വരുമാനങ്ങൾകൊണ്ട് വീട്ടുകാർക്ക് എന്നെക്കുറിച്ചു ബുദ്ധിമുട്ടേണ്ടി വരുന്നില്ല.

മാജിക്കും മോട്ടിവേഷനൽ സ്പീച്ചും എന്റർടെയിൻമെന്റുമൊക്കെയുള്ള ഒരു ട്രെയിനിങ് അക്കാദമി തുടങ്ങണമെന്നതാണ് ഏറ്റവും വലിയ സ്വപ്നം. പി എച്ച് ഡി എടുത്ത് ഡോക്ടറേ റ്റു നേടണമെന്നതും. എന്നാലെങ്കിലും എനിക്ക് ഡോക്ടർ എ ന്നു പേരിനു മുന്നിൽ ചേർക്കാമല്ലോ. കൃത്രിമ കാലുകളും കൈകളും വച്ചുതരാമെന്നു പറഞ്ഞവരുണ്ട്. ദൈവത്തിനു എനിക്കൊരു കുഞ്ഞു കൈവച്ചു തരാൻ ബുദ്ധിമുട്ടില്ലായിരുന്നു. എന്നിട്ടും എന്തുകൊണ്ടോ തന്നില്ല. അപ്പോൾ അതങ്ങനെ തന്നെയിരിക്കട്ടെ. വീടോ,സ്വത്തോ,ശാരീരി കക്ഷമതയോ ഒന്നുമല്ല നമ്മുടെ ഉയർച്ചയെ അടയാളപ്പെടുത്തുന്നത്. നമ്മുടെ സ്വപ്നങ്ങൾ മാത്രമല്ലേ?