Friday 20 April 2018 02:59 PM IST

കൈകാലുകളില്ലാത്ത ഷിഹാബിന് ഇനി ഷഹന ഫാത്തിമ കൂട്ടാകും! അപൂർവമായൊരു പ്രണയ സാഫല്യത്തിന്റെ കഥ

Tency Jacob

Sub Editor

shihab-m1

വൈകല്യത്തെ തോൽപ്പിച്ച് ജീവിതത്തിൽ ആത്മവിശ്വാസം നിറച്ചു മുന്നോട്ടു പോകുന്ന ഷിഹാബുദ്ദീന് ജീവിതസഖിയായി ഷഹാന ഫാത്തിമ. കൈകാലുകൾ ഇല്ലാത്ത ഷിഹാബിന്റെ ഖൽബിലേക്ക് കടന്നു വന്ന ഷഹാനയുടെ പ്രണയത്തിന് വീട്ടുകാർ കൂടി പച്ചക്കൊടി കാട്ടുകയായിരുന്നു. കഴിഞ്ഞ മേയിൽ ‘വനിത’ ഷിഹാബുദ്ധീന്റെ ജീവിതം പ്രസിദ്ധീകരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചു ചോദിക്കുമ്പോൾ ഷഹാനയ്ക്ക് നൂറു നാവ്.

‘ഇക്കയുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാനും ഇക്കയ്ക്കു കൂട്ടാവാനും എനിക്കു പറ്റും.’– വാക്കുകളിൽ ആത്മവിശ്വാസം. ജീവിതത്തിൽ ഒരിക്കൽ പോലും വിവാഹം സ്വപ്നം കാണാതിരുന്ന തനിക്ക് ഷഹാനയാണ് പ്രണയം സമ്മാനിച്ചതെന്ന് ഷിഹാബ് പറയുന്നു. ‘ഒറ്റമുറിയിലെ ഇരുട്ടിൽ ഒറ്റപ്പെട്ടപ്പഴോ പുറത്തിറങ്ങി വെളിച്ചം കാണാൻ തീരുമാനിച്ചപ്പോഴോ ഇങ്ങനെയൊരു സ്വപ്നം എന്നിലുണ്ടായിരുന്നില്ല. ഫാത്തിമയുടെ ഈ വാക്കുകളാണ് എന്റെ സ്വപ്നങ്ങൾക്ക് ചിറകു തുന്നിയത്. കോട്ടയം മറ്റക്കരയിലാണ് ഷഹാന ഫാത്തിമയുടെ വീട്. ഡിഗ്രി ഒന്നാം വർഷമാണ്. ഇനി ഇവിടെ ഏതെങ്കിലും കോളജിൽ നോക്കണം.’’ ഷിഹാബ് ഉത്തരവാദിത്വമുള്ള വീട്ടുകാരനായിരിക്കുന്നു.

‘ഷഹാന എന്റെ പ്രോഗ്രാംസ് കണ്ട് വിളിച്ചു അഭിനന്ദിക്കാറുണ്ടായിരുന്നു. കുറച്ചുനേരം ഫോണിൽ സംസാരിക്കും. അത്രതന്നെ. പിന്നെ ചില സ്േറ്റജ് ഷോസ് കാണാൻ വന്നു. അപ്പോൾ നേരിട്ടു സംസാരിച്ചു. ഒരു ദിവസം ഷഹാനയാണ് നേരിട്ടു പറയുന്നത്. ഇഷ്ടമാണെന്ന്... പിന്നീട് ഷഹാനയുടെ വീട്ടുകാരും പറഞ്ഞു ‘ മോൾക്ക് വിവാഹം കഴിക്കണമെന്നുണ്ടെന്ന്’. കുറച്ചുനാൾ പരസ്പരം സംസാരിച്ച് ഷഹാന ഇക്കാര്യത്തിൽ സീരിയസാണ് എന്നുറപ്പു വന്നപ്പോളാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏപ്രിൽ പതിനഞ്ചിനായിരുന്നു നിക്കാഹ്.‌

shihab-wife3

വീടിനുള്ളിൽ എല്ലാം ചെയ്തു തരാൻ ഉമ്മയും സഹോദരങ്ങളുമുണ്ടായിരുന്നു. കോളജിൽ ചേരാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തുമ്പോൾ നിഴലുപോലെ കൂടെ അനിയനുണ്ടായിരുന്നതുകൊണ്ട് പേടിയുണ്ടായിരുന്നില്ല. ബാത്ത്റൂമിൽ കൊണ്ടുപോകുന്നതും ക്ലാസ്സിലേക്കു കൊണ്ടു പോകുന്നതുമെല്ലാം അനിയനായിരുന്നു. പിന്നെ കൂട്ടുകാർ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. എവിടേക്ക് കൊണ്ടുപോകാനും ഭക്ഷണം വാരിത്തരാനും എല്ലാം മത്സരമായിരുന്നു. അതിൽ ആൺ പെൺ വേർതിരിവുണ്ടായിരുന്നില്ല. എല്ലാവരുമുണ്ട് എന്നാലും നമ്മുടേതെന്നൊരാൾ അതൊരു ഭാഗ്യം തന്നെയല്ലേ.– ഷിഹാബിന്റെ വാക്കുകളിൽ പ്രതീക്ഷയുടെ പുതുമധുരം.

ശാരീരിക പരിമിതികൾക്കു മുന്നിൽ മുട്ട് മടക്കാതെ വിധിയെ വെല്ലുവിളിച്ച് സമൂഹത്തിന് മുന്നിൽ പുതിയ ചരിത്രം രചിച്ച സിപി ഷിഹാബ് മലപ്പുറം പൂകോട്ടൂർ സ്വദേശിയാണ്. സ്വപ്‌നങ്ങളും പരിശ്രമിക്കാനുള്ള മനസ്സും മാത്രം മതി ജീവിതത്തിൽ ഉന്നതങ്ങളിലെത്താൻ എന്ന് തെളിയിച്ച വ്യക്തിത്വമാണ് ഷിഹാബുദ്ധീൻ പൂകോട്ടൂർ. ജന്മനാ തന്നെ കൈകാലുകൾ ഇല്ലാത്ത ഷിഹാബ് ചിത്രരചനയിലും, സംഗീതോപകരണങ്ങളിലും, കായിക വിനോദങ്ങളിലും, മാത്രമല്ല നൃത്തരംഗത്തും അഭിനയ രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒപ്പം നിരവധി മോട്ടിവേഷ്ണൽ ക്ലാസ്സുകളും ഷിഹാബ് കൈകാര്യം ചെയ്യുന്നു. 2012 ൽ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ചിത്രകാരനുള്ള സംഗമിത്രയുടെ പുരസ്‌കാരവും ഷിഹാബിനെ തേടിയെത്തി. മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ഷിഹാബ് സുപരിചിതനാണ്.

shihab-wife2