Thursday 13 March 2025 02:39 PM IST

‘മാസങ്ങൾ കഴിഞ്ഞു പോകവേ ആ സത്യമറിഞ്ഞു... വിദഗ്ധ പരിശോധനയിൽ തെളിഞ്ഞു ആ വലിയ പരീക്ഷണം’: ഷൈനിയുടെ തണൽ

Chaithra Lakshmi

Sub Editor

shyni-14

കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ മതി നേഹയ്ക്കും നിധിയ്ക്കും. വീട്ടിലെത്തുമ്പോൾ അമ്മ സ്നേഹത്തോടെ ചേർത്തണച്ചാൽ ഇരുവരും ആഹ്ലാദപ്പൂത്തിരിയാകും. ഓട്ടിസം ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ പത്തൊൻപതു വയസ്സുള്ള ഈ പെൺകുട്ടികൾക്കു കരുത്തേകി അമ്മ ഷൈനി ഗോപാൽ ഒപ്പമുണ്ട്. നിധിയുടെയും നേഹയുടെയും മാത്രമല്ല, ഭിന്നശേഷിയുള്ള അനേകം കുട്ടികളുടെ വഴികാട്ടിയാണു ഷൈനി.

ഓട്ടിസമുള്ള മക്കൾക്കു വേണ്ടി െഎടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് ബോർഡ് സർട്ടിഫൈഡ് ബിഹേവിയർ അനലിസ്റ്റാണ് (ബിസിബിഎ). യുഎഇയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡയറക്ടറായ ഷൈനി ‘പേരന്റ് ടു പ്രഫഷനൽ’ എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിലൊരാൾ കൂടിയാണ്.

അന്നു മനസ്സ് പറഞ്ഞു; സമയമായില്ല

മാഹിയാണു സ്വന്തം നാട്. അച്ഛൻ േഗാപാൽ ഊട്ടിയിൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടു പഠിച്ചതെല്ലാം ഊട്ടിയിലാണ്. പഠനത്തിനു ശേഷം െഎടി രംഗത്ത് ഉദ്യോഗസ്ഥയായി. 2003 ൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഉണ്ണിക്കൃഷ്ണനുമായി വിവാഹം. ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാനൊരുങ്ങുന്നുവെന്നറിഞ്ഞപ്പോൾ അതിരില്ലാത്ത സന്തോഷമായിരുന്നു. 2005 ഫെബ്രുവരിയിൽ അവരെത്തി. ജീവിതത്തിലെ നിധിയായെത്തിയ കുഞ്ഞുങ്ങൾക്കു നിധിെയന്നും നേഹയെന്നും പേരിട്ടു. എപ്പോഴും സന്തോഷം മാത്രമുള്ള നിമിഷങ്ങൾ.

മാസങ്ങൾ പോകവേ കുഞ്ഞുങ്ങൾക്കു വേണ്ടത്ര വളർച്ചാ വികാസമില്ലേയെന്നു സംശയം. ഇരട്ടക്കുട്ടികളല്ലേ. അവർ പഠിച്ചോളും എന്നെല്ലാം അടുപ്പമുള്ളവർ ആശ്വസിപ്പിച്ചപ്പോഴും ആധി അടങ്ങിയില്ല. അങ്ങനെ കുഞ്ഞുങ്ങളെയുമായി െബംഗളൂരുവിലെ നിംഹാൻസിലെത്തി. വിദഗ്ധ പരിശോധനയിൽ കുഞ്ഞുങ്ങൾക്കു വളർച്ചക്കുറവും ഓട്ടിസവുമുണ്ടെന്നു കണ്ടെത്തി.

എല്ലാ അച്ഛനമ്മമാരെയും പോലെ ഞങ്ങളും തരിച്ചു പോയ നിമിഷം. തീർത്തും അപരിചിതമായ ലോകമാണു മുന്നിൽ. യഥാർഥത്തിൽ അതുവരെയുളള ജീവിതത്തിനിടയിൽ ഇങ്ങനെയുള്ള കുട്ടികളെ അധികം കണ്ടിട്ടു പോലുമില്ല. എല്ലാം പുതിയ അനുഭവങ്ങൾ.

നിസ്സഹായരാകുന്ന നിമിഷങ്ങളിൽ മനുഷ്യർക്കുണ്ടാകുന്ന ധൈര്യം ഞങ്ങൾക്കും ലഭിച്ചു. കൂടുതൽ ഭേദപ്പെട്ട അവസ്ഥയിലേക്കു കുഞ്ഞുങ്ങളെ കൊണ്ടു വരണം. അതു മാത്രമായിരുന്നൂ മനസ്സിൽ. അതോടെ ദുബായിലെ ജോലി രാജി വച്ചു. മൈസൂർ, ബെംഗളൂരു, തിരുവനന്തപുരം ഇങ്ങനെ ആശുപത്രികൾ കയറിയിറങ്ങി. തെറപ്പിക്ക് പിന്നാലെ തെറപ്പി. അന്നത്തെ ജീവിതം അങ്ങനെയായിരുന്നു.

ആ സമയത്ത് അടുപ്പമുള്ള ചിലർ ‘കുട്ടികളുടെ സൈക്കോളജിയിൽ കോഴ്സ് ചെയ്തു കൂേട’ എന്നു ചോദിച്ചു. ഞാൻ ആലോചിച്ചു, എങ്കിലും ‘സമയമായില്ല’ എന്നാണു മനസ്സ് നൽകിയ ഉത്തരം. പിന്തിരിഞ്ഞു നോക്കുമ്പോൾ ആ തീരുമാനം നൂറുശതമാനം ശരിയാണെന്നു തോന്നാറുണ്ട്.

തിരുവനന്തപുരത്തെ ഒരു സ്കൂളിൽ അഡ്മിഷൻ ലഭിച്ചെങ്കിലും ആ അന്തരീക്ഷമല്ല മക്കൾക്കു വേണ്ടതെന്നു ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ യുഎഇയിലെത്തി സ്പെഷൽ സ്കൂളിൽ കുട്ടികളെ ചേർത്തു.

ഏതു ജോലി നൽകും ഈ സന്തോഷം?െ

എടി മേഖലയിലെ േജാലിയുപേക്ഷിച്ച് എട്ടു വർഷം ക ഴിഞ്ഞാണു ഞാൻ സൈക്കോളജി പ്രഫഷനായി സ്വീകരിക്കാമെന്നു തീരുമാനിച്ചത്. അപ്ലൈഡ് ബിഹേവിയർ അനലിസിസ് (എബിഎ) തെറപ്പിയാണു മക്കൾക്കു ഗുണം ചെയ്തത്. അതുകൊണ്ട് ആ മേഖല തിരഞ്ഞെടുത്തു. ആദ്യം റജിസ്‌റ്റേഡ് ബിഹേവിയർ െടക്നീഷനായി (ആർബിടി). അഞ്ചു വർഷത്തിനു ശേഷം സൂപ്പർവൈസറി ലെവലിലേക്കെത്താൻ പഠിച്ചു. എംഎസ്‌സി സൈക്കോളജിയും പൂർത്തിയാക്കി. ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി ബോർഡ് സർട്ടിഫൈഡ് ബിഹേവിയർ അനലിസ്റ്റ് (ബിസിബിഎ) ആയി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് കുട്ടികളുടെ അവസ്ഥ എന്തെന്നു കണ്ടെത്തുക. തുടർന്നു കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തി ഗുണപരമായ ജീവിതം നയിക്കാൻ സഹായിക്കുന്ന പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തുകയാണു ബിഹേവിയർ അനലിസ്റ്റിന്റെ ചുമതല. ചില കുട്ടികൾക്കു നടക്കുക എന്ന ലക്ഷ്യമാണു നൽകുന്നതെങ്കിൽ ചിലർക്കു കൃത്യമായി കൈകൾ കൂട്ടിയടിക്കുക എന്ന ലക്ഷ്യമാകും നൽകുക. ഓരോ കുട്ടിയിലും ചെറിയ മാറ്റമുണ്ടാകുമ്പോൾ പോലും മനസ്സിലുണ്ടാകുന്ന അളവില്ലാത്ത സംതൃപ്തിയാണ് യഥാർഥ പ്രതിഫലം.

shyni-2

ഇത് അവരുടെയും ലോകം

ഈ കുഞ്ഞുങ്ങൾക്കു നമുക്കില്ലാത്ത ചില സ്വഭാവപ്രത്യേകതകളുണ്ടെന്നു മനസ്സിലാക്കിയാൽ അവരോട് എപ്പോഴും ‘അരുത് ’ പറയേണ്ട കാര്യമില്ലെന്നു നാം തിരിച്ചറിയും. ചില പ്രത്യേകതകൾ പഠനത്തിനും കാര്യങ്ങൾ മനസ്സിലാക്കുന്നതിനും തടസ്സമുണ്ടാക്കുന്നുവെങ്കിൽ അതു മറികടക്കാൻ അവരെ സഹായിക്കാം. ഈ പ്രഫഷനിലെത്തിയ ശേഷം ഞാൻ പഠിച്ചതാണിത്.‌

ഈ ലോകം ന്യൂറോഡൈേവർജന്റ് (മസ്തിഷ്കപരമായ വ്യതിയാനങ്ങൾ ഉള്ളവർ) ആയവരുടെയും കൂടിയാണ്. നമ്മളെപ്പോലെ തന്നെ ഇവിടെ ജീവിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ട്. അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതും അവരെ മാറ്റി നിർത്തുന്നതും അനീതിയാണ്.

നിധിയും നേഹയും ഗ്ലോബൽ ഡെവലപ്മെന്റൽ ഡിലേ, ഓട്ടിസം ഇവയുയർത്തുന്ന വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും എപ്പോഴും സന്തോഷമുള്ള കുട്ടികളാണ്. കുഞ്ഞുകുഞ്ഞു വേദനയൊന്നും അവർക്കു വേദനയല്ല. സങ്കടമുള്ളപ്പോൾ വല്ലായ്മയോടെ ഇരുന്നാലും കുറച്ചു കഴിയുമ്പോൾ മറക്കും. ആ കരുത്താണു ഞാൻ കണ്ടു പഠിച്ചത്. അവർ ഓേരാ നാഴികക്കല്ല് പിന്നിടുമ്പോഴും യഥാർഥത്തിൽ ഞാനാണു പഠിക്കുന്നത്. എന്റെ കുട്ടികൾ എന്നെയല്ല, യഥാർഥത്തിൽ ഞാൻ അവരെയാണ് ആശ്രയിക്കുന്നത്.

എബിഎ തെറപ്പി പിന്തുടരുന്നതിനൊപ്പം അവർ സ്പെഷൽ സ്കൂളിൽ നൈപുണ്യ പരിശീലനം നേടുന്നുണ്ട്. ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും പരിശീലനമേകുന്നു. കുറേ കാര്യങ്ങൾ അവർ സ്വയം ചെയ്യും. ചില കാര്യങ്ങളിൽ അവർക്കു സഹായം ആവശ്യമുണ്ട്.

ഞങ്ങൾ മക്കളെ എല്ലായിടത്തും കൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്. സിനിമയ്ക്ക് പോയാൽ അവിടെ ഇരിക്കാനും റസ്റ്ററൻറിൽ പോയാൽ കുറച്ചു നേരം കാത്തിരിക്കാനും പരിശീലിപ്പിക്കുകയാണു വേണ്ടത്.

ന്യൂറോഡൈേവർജന്റ് ആയ കുട്ടികളുള്ള മാതാപിതാക്കൾക്കു തുടക്കത്തിൽ ഈ അവസ്ഥ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇന്ന വയസ്സിൽ സ്കൂളിൽ േപാകണം ഇന്ന വയസ്സിൽ പഠനം പൂർത്തിയാക്കണം എന്നതെല്ലാം യഥാർഥത്തിൽ മിത്ത് ആണ്. ഇന്ന് ഏത് അവസ്ഥയിലാണോ നാളെ അതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലെത്താൻ അവരെ സഹായിക്കുക . അതിൽ ശ്രദ്ധയർപ്പിച്ചാൽ കൃത്യമായ വഴിയിലേക്കു നമുക്കെത്താനാകും.

എല്ലാ മാതാപിതാക്കളും കുട്ടികൾക്കു പറഞ്ഞു നൽകണം വെല്ലുവിളികൾ നേരിടുമ്പോഴും സന്തോഷത്തോടെ കഴിയുന്ന ന്യൂറോഡൈേവർജന്റ് കുട്ടികളെക്കുറിച്ച്. അവരെയും ചേർത്തു നിർത്തണമെന്നു വരുംതലമുറ പഠിക്കേണ്ടതുണ്ട്. ന്യൂറോഡൈവർജന്റ് കുട്ടികളുള്ള മാതാപിതാക്കളെ കൗതുകത്തോടെ നോക്കാതിരിക്കാനും ശ്രദ്ധിക്കണം. ഒരു പുഞ്ചിരി നൽകിയാൽ മതിയാകും. യുവർ ചൈൽഡ് ഈസ് സോ അഡോറബിൾ എന്നു പറയാം. ആ മാതാപിതാക്കൾക്ക് ഒറ്റപ്പെടൽ എന്ന അവസ്ഥയുണ്ടാകരുത്.

എന്നെങ്കിലും യാഥാർഥ്യമാകുമെന്നു വിശ്വസിക്കുന്ന സ്വപ്നമുണ്ട്. ഭിന്നശേഷിയുള്ള കുട്ടികൾക്കു മികച്ച സേവനം ഉറപ്പു നൽകുന്ന കമ്യൂണിറ്റി രൂപീകരിക്കണം. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും പ്രൊഡക്ടീവാകാനും അവർക്ക് അവകാശമുണ്ടല്ലോ.

വേറൊരു മോഹം കൂടിയുണ്ട്. കുറച്ചു കാലം കഴിയുമ്പോൾ സ്വതന്ത്രമായി േജാലി ചെയ്യണം. അങ്ങനെയാകുമ്പോൾ ഞാൻ ജോലി ചെയ്യുമ്പോഴും മക്കൾ ഒപ്പമുണ്ടാകുമല്ലോ. ഞാൻ പറഞ്ഞില്ലേ... അവരാണ് എന്റെ തണൽ...

ചൈത്രാലക്ഷ്മി