Thursday 07 March 2024 09:52 AM IST : By സ്വന്തം ലേഖകൻ

‘സിദ്ധാര്‍ഥനെ സുഹൃത്ത് അക്ഷയ് ചതിച്ചു; പരാതി നല്‍കിയ പെണ്‍കുട്ടിയെ അടക്കം പ്രതിയാക്കണം’; സിദ്ധാര്‍ഥന്റെ അമ്മ

akshay7888

സിദ്ധാര്‍ഥന്റെ മരണത്തില്‍ സുഹൃത്തും എസ്എഫ്ഐ നേതാവുമായ അക്ഷയിനെ പ്രതി ചേര്‍ക്കണമെന്ന് കുടുംബം. അക്ഷയ് ചതിച്ചെന്നും ഇടുക്കിയിലെ പ്ലാന്‍ററുടെ മകനായ ഇയാള്‍ ഉന്നത രാഷ്ട്രീയ സ്വാധീനത്താല്‍ സംരക്ഷിക്കപ്പെടുന്നുവെന്നും അമ്മ ഷീബ പറഞ്ഞു. സിദ്ധാര്‍ഥനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും പ്രതിയാക്കണമെന്നും സിദ്ധാര്‍ഥന്‍റെ അമ്മ. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ കല്പറ്റ ഡിവൈഎസ്പി നെടുമങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

പൂക്കോട് വെറ്റിറിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ഒന്നാം വര്‍ഷ പഠന കാലത്തെ റൂംമേറ്റും എസ് എഫ് ഐയൂണിറ്റ് ഭാരവാഹിയുമായ അക്ഷയിനെക്കുറിച്ചാണ് അമ്മയുടെ വാക്കുകള്‍. ഇടുക്കിയ സ്വദേശിയായ അക്ഷയ് കേസിലെ മുഖ്യപ്രതിയാണെന്നും  സിപിഎം നേതാവ് എം എം മണിയാണ് സംരക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനോടും കുടുംബം അക്ഷയിന്റെ പങ്ക് വെളിപ്പെടുത്തി. 

ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടിലെത്തിയ അന്വേഷണ സംഘം സിദ്ധാര്‍ഥന്റെ മാതാപിതാക്കളായ ജയപ്രകാശ് , ഷീബ, അമ്മാവന്‍ ഷിബു എന്നിവരുടെ മൊഴിയെടുത്തു. അക്ഷയ്, സിദ്ധാര്‍ഥനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി, ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവരെക്കൂടി പ്രതിചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, സിദ്ധാർഥന്റെ വീട്ടിൽ മുഖ്യമന്ത്രി വരേണ്ടതായിരുന്നുവെന്ന് അമ്മാവൻ ഷിബു പറഞ്ഞു. ഇത്ര ദാരുണമായ വിധത്തിൽ ഒരു  വിദ്യാർഥി കൊല്ലപ്പെട്ടതായി കേട്ടിട്ടില്ല.  വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഷിബു പറഞ്ഞു. 

Tags:
  • Spotlight