Wednesday 06 March 2024 03:24 PM IST

വീടുകളിൽ കയറി നരനായാട്ട്, സ്ത്രീകളെ ഉപദ്രവിച്ചു... കാക്കി കൂത്താടിയ ‘തങ്കമണി’: മനഃസാക്ഷി മരവിച്ചു പോയ ആ രാത്രി

V.G. Nakul

Sub- Editor

thankamani

യഥാർത്ഥ സംഭവങ്ങളെ അധികരിച്ച് മലയാളത്തിൽ നിരവധി സിനിമകളുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇനി ഒന്നു കൂടി – ‘തങ്കമണി’.

ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ, പൊലീസിന്റെ നരനായാട്ടിലൂടെ കുപ്രസിദ്ധി നേടിയ ഇടുക്കിയിലെ ‘തങ്കമണി സംഭവം’ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദനാണ് വീണ്ടും ബിഗ് സ്ക്രീനിലെത്തിക്കുന്നത്.

1987ല്‍ പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി സംഭവത്തെ ആസ്പദമാക്കി നിർമിക്കപ്പെട്ട ആദ്യ സിനിമ. റോയല്‍ ഫിലിംസിന്റെ ബാനറില്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമയില്‍ രതീഷ്, ശാരി, ജനാര്‍ദ്ദനന്‍, പ്രതാപ് ചന്ദ്രന്‍, എം.ജി സോമന്‍, കുണ്ടറ ജോണി തുടങ്ങിയവരായിരുന്നു താരനിരയിൽ.

വർഷങ്ങൾക്കു ശേഷം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നു നിർമിച്ച്, ‘തങ്കമണി സംഭവം’ വീണ്ടും സിനിമയാകുമ്പോൾ, പുതിയ കാലത്തിന്റെ സാങ്കേതികത്തികവും ദൃശ്യചാരുതയും ഒത്തിണങ്ങിയ ഒരു സ‍ൃഷ്ടിയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ‘ഉടൽ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രതിഭയറിയിച്ച സംവിധായകനാണ് രതീഷ്. രതീഷിന്റെ രണ്ടാം സിനിമയാണ് ‘തങ്കമണി’.

എന്താണ് തങ്കമണി സംഭവം ?

മൂന്നര പതിറ്റാണ്ട് മുമ്പ് ഇടുക്കിയിലെ കാമാക്ഷി പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തിലാണ് പിൽക്കാലത്ത് ‘തങ്കമണി സംഭവം’ എന്നറിയപ്പെട്ട ചോരക്കഥ അരങ്ങേറിയത്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ, ചരിത്രത്തിൽ മായാത്ത ചോരപ്പാടുകൾ അവശേഷിപ്പിച്ച് കടന്നു പോയ കുറച്ചു ദിവസങ്ങൾ...

അക്കാലത്ത്, കട്ടപ്പന – തങ്കമണി റൂട്ടില്‍, പാറമടയില്‍ നിന്നു തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമായിരുന്നില്ല. അതിനാല്‍ ആ വഴി സര്‍വീസുള്ള മിക്ക ബസുകളും പാറമട കഴിയുമ്പോള്‍ ആളുകളെ ഇറക്കി തിരിച്ചു പോകും. എന്നാല്‍ തങ്കമണി വരെയുള്ള പണമാണ് വാങ്ങുക. ഇതിൽ നാട്ടുകാർക്ക് അമർഷമുണ്ടായിരുന്നുവെങ്കിലും വഴങ്ങുകയേ മാർഗമുള്ളൂ. അങ്ങനെ പോകെ ഒരു ദിവസം. കൃത്യമായി പറഞ്ഞാൽ 1986 ഒക്ടോബര്‍ 21. പതിവ് പോലെ ‘എലൈറ്റ്’ എന്ന സ്വകാര്യ ബസ് പാറമടയില്‍ എത്തി യാത്രക്കാരെ ഇറക്കാനൊരുങ്ങിയപ്പോൾ, ഒരു കോളജ് വിദ്യാര്‍ത്ഥി അതിനെ ചോദ്യം ചെയ്ത്, ബസ് തങ്കമണി വരെ പോകണം എന്നാവശ്യപ്പെട്ടു. വാക്കുതര്‍ക്കത്തിനൊടുവിൽ, ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് ബസ്സില്‍ നിന്നു പുറത്താക്കി. തൊട്ടടുത്ത ദിവസം നാട്ടുകാർ ബസ് തടഞ്ഞു. ബലം പ്രയോഗിച്ച് തങ്കമണിയിലേക്ക് കൊണ്ടു വന്നു. ജീവനക്കാര്‍ മാപ്പ് പറയാതെ ബസ് തിരികെ കൊണ്ടുപോകാന്‍ അനുവധിക്കില്ലെന്ന നിലപാടിലായിരുന്നു അവർ. പ്രകോപിതനായ ബസ് ഉടമ കട്ടപ്പനയില്‍ നിന്നു പൊലീസുമായെത്തി, ബലം പ്രയോഗിച്ച് ബസ് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ജനം തടഞ്ഞു. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമായി. പൊലീസ് ലാത്തിവീശി. ജനങ്ങള്‍ തിരിച്ചു കല്ലെറിഞ്ഞതോടെ പോലീസുകാർ കൂടുതല്‍ പ്രകോപിതരായി.

കാര്യങ്ങൾ കൈവിട്ട് പോകുമെന്നായപ്പോൾ, പഞ്ചായത്ത് പ്രസിഡണ്ട് മാത്യു മത്തായി തേക്കമലയും ഫാ. ജോസ് കോട്ടൂരും അന്ന് പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഐ.സി. തമ്പാനുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യതയില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തമ്പാന്‍ വഴങ്ങിയില്ല. പിറ്റേ ദിവസം സര്‍വ സന്നാഹങ്ങളുമായി തങ്കമണിയിലെത്തിയ തമ്പാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വെടിവയ്പ്പില്‍ കോഴിമല അവറാച്ചന്‍ എന്നയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉടുമ്പയ്ക്കല്‍ മാത്യു എന്നയാള്‍ക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടു. ജനങ്ങള്‍ പരിഭ്രാന്തരായി പലയിടങ്ങളില്‍ സംഘടിക്കാൻ തുടങ്ങിയതോടെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി നിരവധി വാഹനങ്ങളില്‍ നൂറുകണക്കിന് പൊലീസുകാര്‍ വൈകിട്ടോടെ വീണ്ടും തങ്കമണിയില്‍ എത്തി. കണ്ണില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയും പുരുഷൻമാരെ അറസ്റ്റ് ചെയ്ത് കട്ടപ്പനയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. കസ്റ്റഡിയിലായവർ അതിക്രൂരമായ മര്‍ദനങ്ങള്‍ക്കാണത്രേ ഇരയായത്. പൊലീസ് വീടുകളിൽ കയറി നരനായാട്ട് തുടർന്നതോടെ പുരുഷൻമാർ പലയിടങ്ങളിലായി ഒളിച്ചു. ആ അവസരം മുതലാക്കി, സ്ത്രീകളെയും കുട്ടികളെയും തനിച്ചായ വീടുകളില്‍ കയറി പൊലീസുകാര്‍ ഉപദ്രവിച്ചു.  

thankamani

‘തങ്കമണി സംഭവം’ നടക്കുമ്പോൾ 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് 6 മാസം മാത്രമായിരുന്നു ബാക്കി. അതോടെ ‘തങ്കമണി’ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായി. കെ. കരുണാകരന്റെ കീഴിലുള്ള പൊലീസ് സംവിധാനത്തിന്റെ ക്രൂരതകള്‍ക്കെതിരെ സംസ്ഥാനത്തെമ്പാടും വ്യാപക പ്രതിഷേധങ്ങളുണ്ടായി. പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ടെത്തി യു.ഡി.എഫ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചെങ്കിലും തങ്കമണിയുടെ പ്രത്യാഖാതം മറികടക്കാന്‍ കോണ്‍ഗ്രസിനായില്ല. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. എല്‍.ഡി.എഫ് വിജയിച്ച്, 1987 മാര്‍ച്ച് 26 നു ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

വീണ്ടും തങ്കമണി

ബിഗ് ബജറ്റിൽ ആണ് ദിലീപിന്റെ ‘തങ്കമണി’ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി കഴിഞ്ഞു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്കൊപ്പം അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയുടെ ഭാഗമാകുന്നു.

ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടര ഏക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയത്. രാജശേഖരൻ, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളാണ് സിനിമയിലേത്. ഛായാഗ്രഹണം – മനോജ് പിള്ള, എഡിറ്റർ – ശ്യാം ശശിധരൻ.