‘എല്ലായിടത്തും ഞങ്ങൾ ഒന്നിച്ചാണു പോകാറ്. ഞായറാഴ്ച എനിക്കു ചെറിയ പനിക്കോളുണ്ടായിരുന്നു. ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ പോയിട്ടു വരാമെന്നു പറഞ്ഞാണ് സിമി തിങ്കളാഴ്ച രാവിലെ യാത്ര പറഞ്ഞിറങ്ങിയത്–’ നാലാഞ്ചിറ ഉദിയൻകുളങ്ങര കീർത്തിനഗർ അമ്പനാട് ഊളൻവിള വീടിന്റെ മുറ്റത്തിരുന്ന്, വിതുമ്പലടക്കാൻ ശ്രമിച്ച് സിമിയുടെ ഭർത്താവ് ശിവപ്രസാദ് പറഞ്ഞു. ഇടയ്ക്കിടെ കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ടിരുന്നു. അരികെ മകൻ മൂന്നാം ക്ലാസുകാരൻ ശരൺ കൂട്ടുകാരനൊപ്പം കളിക്കുന്നുണ്ട്. ചുറ്റും നിൽക്കുന്ന നാട്ടുകാർക്കും അയൽക്കാർക്കും ശിവപ്രസാദിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥ. ആ സമയം, സിമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന കാത്ത് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ ടേബിളിനു സമീപമായിരുന്നു.
ആര്യശാലയിലെ ഒരു കടയിലാണു ശിവപ്രസാദിനു ജോലി. ‘കല്യാണത്തിനു മുൻപു സിമിക്കു കോവളത്തെ കേറ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയുണ്ടായിരുന്നു. മക്കൾ ജനിച്ച ശേഷം ജോലിക്കു പോകുന്നില്ല. വീട്ടിൽ തയ്യലുണ്ട്. അയൽക്കാരുടെയും ബന്ധുക്കളുടെയും തുണി തയ്ച്ചു കൊടുക്കുന്നതായിരുന്നു ജോലി. തയ്ച്ചു കൊടുക്കാൻ വാങ്ങി വച്ച തുണികൾ മുറിയിലിരിപ്പുണ്ട്–’ ശിവപ്രസാദ് പറഞ്ഞു.
ഞായറാഴ്ച ശംഖുമുഖത്ത് ശിവപ്രസാദിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു ശിവപ്രസാദും സിമിയും മക്കളും. സിമിയുടെ അടുത്ത ബന്ധു മയ്യനാട്ട് മരിച്ചതറിഞ്ഞ് അവിടേക്കു പോകാൻ തയാറെടുക്കുകയായിരുന്നു. പനിയുള്ളതിനാൽ ശിവപ്രസാദ് വരേണ്ടെന്നും കോവളത്തെ വീട്ടിൽനിന്നു സ്കൂട്ടറിലെത്തുന്ന അനുജത്തി സിനിയോടൊപ്പം പോകാമെന്നും സിമിയാണ് പറഞ്ഞത്. തിങ്കളാഴ്ച രാവിലെ ആറിന് യാത്ര പറഞ്ഞ് സിമി മകളെയും കൂട്ടി സിനിയുടെ സ്കൂട്ടറിൽ കയറി യാത്രയായി.
തിരികെ എത്തേണ്ട സമയമായിട്ടും കാണാത്തതിനാൽ ശിവപ്രസാദ് ഫോൺ ചെയ്തപ്പോഴാണ് സ്വകാര്യ ആശുപത്രിയിലെ എമർജൻസി മുറിയിൽനിന്ന് ആരോ ഫോൺ എടുത്ത് അപകട വിവരമറിയിച്ചത്. അപകട സ്ഥലത്തു തന്നെ സിമി മരിച്ചിരുന്നു. സിമിയുടെ മൃതദേഹം ഇന്നലെ ഉച്ച കഴിഞ്ഞ്, ജന്മനാടായ കോവളത്ത് വീടിനു സമീപത്തെ എസ്എൻഡിപി യോഗം വായനശാലയിൽ പൊതുദർശനത്തിന് എത്തിച്ചു. ശേഷം നാലാഞ്ചിറയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.