ADVERTISEMENT

അമ്മയുടെയും മകന്റെയും ഹൃദ്യമായ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ജോലിയ്ക്കിടയിലും അമ്മയുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയാണ് മകന്‍. സംഭവം ഇങ്ങനെ; വിമാനത്തിൽ കയറിയ അമ്മ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് പൈലറ്റായ മകനെയാണ്. 

അപ്രതീക്ഷിതമായ കണ്ടുമുട്ടൽ ആയതുകൊണ്ടുതന്നെ സന്തോഷവും അമ്പരപ്പും ഒക്കെ അമ്മയുടെ മുഖത്ത് കാണാം. സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമ്മയുടെ വിഡിയോ കണ്ടത് 10 ലക്ഷത്തിലധികം പേരാണ് കണ്ടത്. മലയാളി പൈലറ്റായ വിമൽ ശശിധരനും അമ്മ ലതയുമാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. അമ്മയ്ക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് കുറച്ചുനാളുകളായി ആഗ്രഹമുണ്ടായിരുന്നുവെന്ന് വിമൽ പറയുന്നു. 

ADVERTISEMENT

'അമ്മയും സഹോദരൻ വിശാലും ദുബായിൽ നിന്നും നാട്ടിലേക്കു പോകാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ദുബായ് ടു കൊച്ചി ഫ്ലൈറ്റ് ആയിരുന്നു അത്. അന്നത്തെ ദിവസം എനിക്ക് വേറൊരു ഫ്ലൈറ്റ് ഡ്യൂട്ടി ആയിരുന്നു. എന്റെ ഷെഡ്യൂൾ കുടുംബത്തിന് അറിയാം. ഞാൻ വേറെ ഏതോ ഫ്ലൈറ്റിലാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് എന്നെ അമ്മ തീരെ പ്രതീക്ഷിച്ചില്ല. ഫ്ലൈറ്റിലെ ഫസ്റ്റ് ഓഫിസർ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് വിഡിയോ എടുക്കാന്‍ സഹായിച്ചത്.' – വിമൽ പറഞ്ഞു.

ഒന്നര മാസത്തിനു ശേഷമാണ് അമ്മയും മകനും തമ്മില്‍ കാണുന്നത്. വിമൽ ബെംഗളൂരുവിലും അച്ഛനും അമ്മയും കൊച്ചിയിലുമാണ് താമസം. ഈ മാസം അവസാനം വീട്ടിലേക്കു പോകാനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അതിനു മുൻപായി കാണാന്‍ ഇങ്ങനെയൊരു അവസരമുണ്ടായി എന്നു വിമൽ പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT