ADVERTISEMENT

കാനഡയിൽ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ മകൻ കാനഡയിൽ മരിച്ചതറിഞ്ഞ് അമ്മ വീട്ടിൽ ജീവനൊടുക്കി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇഎൻടി സർജൻ ഡോ. മെഹറുന്നീസയാണ്(50)  മകൻ ബിന്യാമിന്റെ(19) മരണവാർത്തയറിഞ്ഞ് ഇന്നലെ രാവിലെ കായംകുളം ചിറക്കടവം സിത്താരയിൽ ജീവനൊടുക്കിയത്. 

കാനഡയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിങ്  വിദ്യാർഥിയായ ബിന്യാമിൻ താമസസ്ഥലത്ത് മരിച്ചതായാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം വീട്ടിൽ അറിയുന്നത്. എന്നാൽ മകൻ രോഗബാധിതനായെന്നാണ് മെഹറുന്നിസയോട് വീട്ടുകാർ പറഞ്ഞത്. പിന്നാലെ ഭർത്താവ് റിട്ട. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഷഫീക്ക് റഹ്മാൻ പാലക്കാട്ട് കരുണ മെഡിക്കൽ കോളജിൽ പഠിക്കുന്ന മകൻ ഫാരിസ് റഹ്മാനെ കൂട്ടിക്കൊണ്ടുവരാൻ അവിടേക്ക് പുറപ്പെട്ടു.  

ADVERTISEMENT

വീട്ടിൽ മെഹറുന്നിസയും ജോലിക്കാരിയും മാത്രമാണുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ വീട്ടിലേക്ക് കാനഡയിലെ എംബസിയിൽ നിന്ന് വിളി വന്നതോടെയാണ് മകൻ മരിച്ച വിവരം മെഹറുന്നിസ അറിയുന്നത്. രാവിലെ മുകളിലത്തെ നിലയിലെ മുറിയിലുണ്ടായിരുന്ന മെഹറുന്നിസയ്ക്ക് ജോലിക്കാരി ചായ കൊടുത്തിരുന്നു. എന്നാൽ, ഏറെ നേരമായിട്ടും മുറി തുറക്കാതെ വന്നതോടെ സംശയം തോന്നിയ ജോലിക്കാരി പരിസരത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. അവരെത്തി കതകിൽ തട്ടിയെങ്കിലും തുറന്നില്ല. പിന്നീട് കതക് തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം കബറടക്കി. 4 മാസം മുൻപാണ് ബിന്യാമിൻ കാനഡയിലേക്ക് പോയത്. ബിന്യാമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.

യാത്രയായത് വേദനിക്കുന്നവർക്ക് ആശ്വാസമേകിയ ഡോക്ടർ 

ADVERTISEMENT

അത്രമേൽ സ്നേഹിച്ചൊരു മകൻ ഇനിയില്ലെന്ന യാഥാർഥ്യം ആ അമ്മയ്ക്ക് ചിന്തിക്കാനേ കഴിയില്ലായിരുന്നു. ഒരുപാടുപേരുടെ വേദനകൾക്ക് ആശ്വാസം പകർന്ന ഡോ. മെഹറുന്നിസ ജീവനൊടുക്കിയതിന്റെ കാരണം മകനുമായുള്ള അഗാധമായ  ഹൃദയബന്ധമാകാമെന്ന് ഉറ്റവരും ബന്ധുക്കളും പറയുന്നു. കാനഡയിൽ എൻജിനീയറിങ് വിദ്യാർഥിയായ മകൻ ബിന്യാമിൻ  താമസസ്ഥലത്ത് മരിച്ച വിവരം അറിഞ്ഞയുടനെയാണ് ഡോക്ടർ  ജീവിതം അവസാനിപ്പിച്ചത്. അമ്മയെ വിളിക്കാത്ത ഒരു ദിവസം പോലും  മകനില്ലായിരുന്നു, തിരിച്ച് അമ്മയും. 

ഡോക്ടറെന്ന നിലയിൽ രോഗികൾക്ക് പ്രിയങ്കരിയായിരുന്നു മെഹറുന്നിസ. രോഗിയുടെ മാനസികാവസ്ഥയോട് ചേർന്നു നിന്ന് രോഗവിവരം കേൾക്കാനുള്ള മെഹറുന്നിസയുടെ ക്ഷമ രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു. ഡോക്ടറുടെ മരണവിവരം അറിഞ്ഞ് ചിറക്കടവത്തെ വീട്ടിലെത്തി സങ്കടം സഹിക്കവയ്യാതെ വിങ്ങിക്കരഞ്ഞവരിൽ ഏറെയും മെഹറുന്നിസയുടെ സ്നേഹപരിചരണത്തിന്റെ ആഴം അറിഞ്ഞവരായിരുന്നു.

ADVERTISEMENT
ADVERTISEMENT