കൊച്ചി സ്വദേശിനി സുഭദ്ര (73) കൊല്ലപ്പെട്ടതു പ്രതികളുടെ രണ്ടാമത്തെ ശ്രമത്തിൽ. രണ്ടു മാസം മുൻപു സുഭദ്രയുടെ കൊച്ചി കരിത്തല റോഡിലെ ശിവകൃപ വീട്ടിൽ വച്ചായിരുന്നു ആദ്യ ശ്രമം. അന്നും ഉറക്കഗുളികകൾ നൽകി ബോധം കെടുത്തി സ്വർണം അപഹരിക്കാനാണു പദ്ധതിയിട്ടത്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമാകാതെ വന്നതോടെ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണു പ്രതികൾക്കു കൂടുതൽ സൗകര്യപ്രദമായ കലവൂർ കോർത്തുശേരിയിലെ വീട്ടിലേക്കു സുഭദ്രയെ തന്ത്രപൂർവം എത്തിച്ചത്.
സുഭദ്ര വീട്ടിലെത്തുന്ന കാര്യം നാട്ടുകാരും സുഭദ്രയുടെ ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികൾ ശ്രദ്ധിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ ശർമിള (52), മാത്യൂസ് (35) എന്നിവർ സ്ഥിരമായി മദ്യപിച്ചു പണം നഷ്ടപ്പെടുത്തിയിരുന്നു. കയ്യിൽ പണമില്ലാതെ വന്നതോടെയാണു സുഭദ്രയെ കൊലപ്പെടുത്തി സ്വർണം അപഹരിക്കാൻ തീരുമാനിച്ചത്. ഇതിനായി മാത്യൂസിന്റെ സുഹൃത്ത് റെയ്നോൾഡിന്റെ സഹായം തേടുകയായിരുന്നു. സുഭദ്രയെ വീട്ടിലെത്തിച്ച ഓഗസ്റ്റ് 4 മുതൽ തന്നെ പാനീയങ്ങളിൽ ഉറക്കഗുളികകൾ ചേർത്തു നൽകി ബോധരഹിതയാക്കി. അടുത്ത ബന്ധു വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ മൂന്നാം പ്രതി റെയ്നോൾഡ് (61) എത്തിച്ചു നൽകി.
കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെങ്കിലും ആസൂത്രണത്തിൽ ഇയാൾക്കു പങ്കുണ്ട്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് അറിഞ്ഞ സുഭദ്ര ഓഗസ്റ്റ് 7നു രാവിലെ അവ തിരികെ ചോദിച്ചു. പൊലീസിൽ പരാതി നൽകുമെന്നു പറയുകയും ചെയ്തു. ഇതോടെ സുഭദ്രയെ കൊലപ്പെടുത്താൻ ശർമിളയും മാത്യൂസും തീരുമാനിച്ചു. ഉച്ചയ്ക്കു 12നും ഒന്നിനുമിടയിൽ സുഭദ്രയെ കട്ടിലിൽ നിന്നു ചവിട്ടി നിലത്തിട്ടു. കമിഴ്ന്നു വീണ സുഭദ്രയുടെ കഴുത്തിൽ ഷാൾ ചുറ്റി ശർമിളയും മാത്യൂസും ഇരുവശത്തു നിന്നും വലിച്ചു.
സുഭദ്ര പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ പുറത്തു ശക്തമായി ചവിട്ടി. ഇതാണു വാരിയെല്ലുകൾ ഒടിയാൻ ഇടയാക്കിയത്. പകൽ മുഴുവൻ മൃതദേഹം വീടിനുള്ളിൽ തന്നെ സൂക്ഷിച്ചു. വൈകിട്ടോടെ മാലിന്യം കുഴിച്ചു മൂടാനെന്ന പേരിൽ കൂലിപ്പണിക്കാരൻ ഡി.അജയനെ കുഴിയെടുക്കാൻ പ്രതികൾ വിളിച്ചു. രാത്രി 8.30നു ശേഷം അജയനെത്തി കുഴിയെടുത്തു. അർധരാത്രിയോടെ മൃതദേഹം കുഴിയിലിട്ടു മൂടി. മൃതദേഹം കുഴിയിൽ ഇട്ടപ്പോഴാകാം ഇടതുകൈ ഒടിഞ്ഞതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
പിറ്റേന്ന് അജയനെക്കൊണ്ടു ശുചിമുറിയുടെ പണിക്കായി ഈ കുഴിക്കു മുകളിൽ വച്ചു സിമന്റ് കുഴപ്പിക്കുകയും ചെയ്തു. പൊലീസ് കഡാവർ ഡോഗിനെ ഉപയോഗിച്ചുള്ള പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ശർമിളയും മാത്യൂസും പൊലീസിനോടു സംഭവങ്ങൾ ഏറ്റുപറഞ്ഞു. എന്നാൽ, റെയ്നോൾഡ് കുറ്റം ആദ്യം നിഷേധിച്ചു. ശർമിളയുടെയും മാത്യൂസിന്റെയും മൊഴികൾ നിരത്തി കൂടുതൽ ചോദ്യം ചെയ്തതോടെയാണു റെയ്നോൾഡ് കുറ്റം ഏറ്റത്.
റെയ്നോൾഡിന്റെ രണ്ടാം വിവാഹം 11 ദിവസം മുൻപ്
സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ കൂട്ടുപ്രതി കാട്ടൂർ റെയ്നോൾഡിന്റെ വിവാഹം നടന്നിട്ടു 11 ദിവസമേ ആയുള്ളൂ. രണ്ടാം വിവാഹമാണിത്. രണ്ടാം തീയതി കാട്ടൂരിലെ പള്ളിയിലായിരുന്നു വിവാഹം. ആദ്യ ഭാര്യ രോഗം ബാധിച്ചു മരിച്ചു. മത്സ്യത്തൊഴിലാളിയായ റെയ്നോൾഡിന്റെ മാതൃസഹോദരിയുടെ മകനാണു മുഖ്യപ്രതി മാത്യൂസ്. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. സുഭദ്രയുടെ കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴും റെയ്നോൾഡ് നാട്ടിൽ തന്നെയുണ്ടായിരുന്നു.
കൊലപാതകം നടന്നെന്നു സംശയിക്കുന്ന ദിവസങ്ങളിൽ മാത്യൂസിന്റെ വീട്ടിൽ റെയ്നോൾഡിനെ കണ്ടതായി അയൽവാസി പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. മണിപ്പാലിൽ മാത്യൂസും ശർമിളയും പിടിയിലായതോടെയാണു റെയ്നോൾഡിനെ പൊലീസ് കരുതൽ തടവിലാക്കിയത്. മാത്യൂസിനെ ചോദ്യം ചെയ്‌തപ്പോൾ റെയ്നോൾഡിനും കൊലപാതകവുമായി ബന്ധമുണ്ടെന്നു വ്യക്തമായി. തുടർന്നു കൂട്ടുപ്രതിയാക്കി അറസ്റ്റ് ചെയ്തു.
പ്രതികളെ തേടി യാത്ര; വഴിനീളെ തടസ്സങ്ങൾ
മാത്യുസിനെയും ശർമിളയെയും തേടി ഉഡുപ്പിയിലേക്കു പുറപ്പെട്ട പൊലീസ് സംഘത്തിനു തുടക്കം മുതൽ വാഹനതടസ്സമായിരുന്നു. എങ്കിലും രണ്ടു പ്രതികളെയും കൊണ്ടാണ് അവർ തിരിച്ചെത്തിയത്. വാടകയ്ക്കെടുത്ത കാറിന്റെ എസി ജില്ലാ അതിർത്തി കടക്കുന്നതിനു മുൻപേ തകരാറിലായി. കടുത്ത ചൂടു സഹിച്ചു യാത്ര. വടക്കൻ കേരളത്തിലെത്തിയപ്പോൾ മഴ ശക്തമായി, യാത്ര ദുഷ്കരമായി. കാർ വർക്‌ഷോപ്പിൽ കയറ്റിയാൽ സമയം നഷ്ടമാകുമെന്നും പ്രതികൾ കടന്നേക്കുമെന്നും കണക്കാക്കി യാത്ര തുടർന്നു.
ഉഡുപ്പിയിൽ പരിചയമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം തൽക്കാലം വാങ്ങി. വാടകയ്ക്കെടുത്ത കാർ നന്നാക്കാൻ കൊടുത്തു. പ്രതികളെ പിടികൂടി തിരികെ ആലപ്പുഴയിൽ എത്തുമ്പോഴേക്കും കാറിന് അടുത്ത പ്രശ്നം – ടയർ പഞ്ചറായി. പ്രതികളെ മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് ഈ ടയർ മാറ്റിയത്. എസ്ഐമാരായ ടി.ഡി. നെവിൻ, ആർ. മോഹൻകുമാർ, സിപിഒമാരായ ആർ. ശ്യാം, ശ്യാംകുമാർ എന്നിവരാണ് ഉഡുപ്പിയിൽ പോയത്.