ആലപ്പുഴ കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കൊച്ചി സ്വദേശി സുഭദ്ര കൊല്ലപ്പെടുന്നതിനു മുൻപ് ക്രൂരമർദനത്തിന് ഇരയായതായി സൂചന. മൃതദേഹത്തിൽ നിറയെ ഒടിവുകളും ചതവുകളും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇരുവശത്തെയും വാരിയെല്ലുകൾ പൂർണമായി ഒടിഞ്ഞ നിലയിലാണ്. കഴുത്തും ഇടതു കയ്യും ഒടിഞ്ഞിട്ടുണ്ട്. ഇതിലേതാണു മരണകാരണമെന്നു വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. മരണശേഷവും മൃതദേഹത്തിൽ ഒടിവുകളുണ്ടായോ എന്നും സംശയമുണ്ട്.
ഓഗസ്റ്റ് 4നു കാണാതായ കൊച്ചി കരിത്തല റോഡ് സ്വദേശി ശിവകൃപയിൽ സുഭദ്രയുടെ (73) മൃതദേഹം കഴിഞ്ഞ ദിവസമാണു കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളെന്നു സംശയിക്കുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ– 35), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (38)എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇരുവരും സംസ്ഥാനം വിട്ടെന്ന സൂചന ലഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണ സംഘങ്ങളെ അയച്ചിട്ടുണ്ട്. സുഭദ്രയുടേതെന്നു സംശയിക്കുന്ന സ്വർണാഭരണങ്ങൾ ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്ഥാപനങ്ങളിൽ പണയം വച്ചിരുന്നതായും, ശർമിളയാണു പണയം വച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഭരണങ്ങൾക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണു പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു പ്രതികളെ പിടികൂടിയാലേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
ഇതിനിടെ മൃതദേഹം മറവു ചെയ്ത കുഴിയെടുത്തതിനു പൊലീസ് കസ്റ്റഡിയിലെടുത്ത കാട്ടൂർ കിഴക്കേവെളിയിൽ വീട്ടിൽ ഡി.അജയനെ (39) ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്യൂസിന്റെ സുഹൃത്ത് കൊലപാതകവുമായി പങ്കുണ്ടെന്നുള്ള സംശയത്തെത്തുടർന്നു പൊലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. സിഫ്നെറ്റ് മുൻ ജീവനക്കാരൻ പരേതനായ ഗോപാലകൃഷ്ണനാണു സുഭദ്രയുടെ ഭർത്താവ്. മക്കൾ രാജീവ്, രാധാകൃഷ്ണൻ, പരേതനായ രാജേഷ്.