Tuesday 06 August 2024 12:05 PM IST : By സ്വന്തം ലേഖകൻ

‘ഒരാളിന്റെ രോഗം കണ്ടെത്താൻ ഇത്രയും ദിവസം വേണോ? അവൻ മരിച്ചതല്ല, കൊലയ്ക്കു കൊടുത്തതാണ്’; മകന്റെ വിയോഗം, പൊട്ടിക്കരഞ്ഞ് സുനിത

akhil-demise546

‘എന്റെ മകനു സംഭവിച്ച ഗതികേട് മറ്റാർക്കും വരരുതേ...’- മകൻ അഖിലിന്റെ ചിത്രവും കയ്യിലേന്തി പൊട്ടിക്കരയുകയാണു സുനിത. അർബുദ രോഗിയായ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ എന്റെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ മരിച്ചതല്ല, നമ്മുടെ ആരോഗ്യ സംവിധാനങ്ങളിലെ വീഴ്ചകൾ അവരെ കൊലയ്ക്കു കൊടുത്തതാണ്. അല്ലെങ്കിൽ എന്റെ മകനെ ജീവനോ കിട്ടുമായിരുന്നില്ലേ? മരിക്കുന്നതു വരെ അവന് ഈ രോഗം ആണെന്നു കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാത്തതെന്തേ?’ സുനിതയുടെ കണ്ണീരിൽ കുതിർന്ന ചോദ്യങ്ങൾ മറുപടി പറയാൻ ആരുമില്ല. 

കഴിഞ്ഞ 17 മുതൽ അഖിലിനു പനിയും തലവേദനയും ഉണ്ട്. വെൺപകൽ, നെയ്യാറ്റിൻകര ആശുപത്രികളിൽ കാണിച്ചിട്ടും കുറവില്ല. അഖിൽ 10 വർഷം മുൻപു പത്തനംതിട്ടയിൽ ജോലിക്കു പോയപ്പോൾ കൊക്കയിൽ വീണിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് അഖിലിന്റെ ജീവൻ രക്ഷിച്ചത്. അന്നത്തെ ആഘാതമായിരിക്കുമോ? ഡോക്ടർമാർ സംശയിച്ചപ്പോൾ ഉടൻ തന്നെ സുനിത മകനെയും കൊണ്ടു കോലഞ്ചേരിയിലേക്കു കുതിച്ചു. അവിടെ എല്ലാ പരിശോധനകളും നടത്തി.

ഒരു കുഴപ്പവുമില്ല. അവസാനമാണു മസ്തിഷ്ക ജ്വരമാണോയെന്ന സംശയം ഉണ്ടാകുന്നത്. നിത്യച്ചെലവിനു പാടുപെടുന്ന തനിക്കു മകന്റെ ചികിത്സയ്ക്ക് ലക്ഷങ്ങൾ ഇല്ല. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. 20നു പുലർച്ചെ എത്തിയ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും 23നു മരിച്ചു. 

‘മരണ വിവരം അറിഞ്ഞ് 24ന് ഈ വീടിനു മുന്നിൽ ആരോഗ്യ പ്രവർത്തകർ വന്നു. അതുവരെ അവർ ഇതൊന്നും അറിഞ്ഞില്ലേ? വന്നവർ തന്നെ സമാധാനിപ്പിച്ച ശേഷം കുളത്തിൽ നിന്നു കന്നാസിൽ വെള്ളവും ശേഖരിച്ചുപോയതാണ്. ഇതാ ഇന്നുവരെ അവർ തിരിഞ്ഞു നോക്കുകയോ എന്താണു രോഗമെന്നു അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്നലെ രാവിലെ 11നു സുനിത പറഞ്ഞു. ഒരാളിന്റെ രോഗം കണ്ടെത്താൻ ഇത്രയും ദിവസം വേണോ ഇവർക്ക്?’

പായൽ പിടിച്ച കുളം; ശ്രദ്ധ വേണം

അമീബിക് മസ്തിഷ്കജ്വരം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണമെന്നു മന്ത്രി വീണാ ജോർജ്. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്കു തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. 

ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്തു ശുദ്ധമാക്കിയിട്ടുണ്ടെന്ന്  ഉറപ്പാക്കണം. മൂക്കിലേക്കു വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക

കുളം തുറന്നാൽ ചാടുമെന്ന് നാട്ടുകാർ

അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത കാഞ്ഞിരംകുളം കണ്ണറവിള പ്രദേശത്തെ ആരോഗ്യ, പഞ്ചായത്ത് വകുപ്പുകൾ അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കുളം തുറന്നാൽ നാട്ടുകാരാകെ അതിൽ ചാടുമെന്നും ഭീഷണി മുഴക്കി.  പി.എസ്.അഖിലിനു രോഗം ബാധിച്ചപ്പോൾ വിവരം അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ല. ആരോഗ്യ വകുപ്പ് ജീവനക്കാർ കുളത്തിൽ നിന്നു 2 കന്നാസിൽ വെള്ളം എടുത്തു പോയതല്ലാതെ തിരിഞ്ഞുനോക്കിയില്ല.

ജില്ല മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു മോഹനെ പഞ്ചായത്ത് അംഗങ്ങൾ പലവട്ടം വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ല. കെ.ആൻസലൻ എംഎൽഎയും മറ്റ് അധികൃതരും സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. അതിയന്നൂർ പഞ്ചായത്തിൽ വിവരം അറിയിക്കാൻ പോയപ്പോൾ പരാതി ഉണ്ടെങ്കിൽ കൗണ്ടറിൽ കൊടുത്തിട്ടു പോകാനാണു ജീവനക്കാർ നിർദേശിച്ചത്.  കാവിൻകുളത്തിൽ കുളിച്ചവരിലാണു രോഗം കണ്ടെത്തിയത്. ഈ കുളം എല്ലാവർഷവും മാർച്ചിൽ ശുചിയാക്കാറുണ്ട്. പക്ഷേ, ഈ വർഷം ശുചിയാക്കൽ ജോലികൾ നടന്നില്ല. കെട്ടിക്കിടക്കുന്ന കുളത്തിൽ നിറയെ പായലാണ്. രോഗബാധ കണ്ടെത്തിയ ഉടൻ ബണ്ടിലെ കാട് വെട്ടി വൃത്തിയാക്കി. അതിനിടെ കുളം തുറക്കാൻ ആരോഗ്യ, പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ എത്തി.

വെള്ളം തുറന്നുവിട്ടാൽ മറ്റു നാട്ടുകാർക്കു കൂടി വെല്ലുവിളിയാകുമെന്നു പറഞ്ഞു കഴിഞ്ഞദിവസം നാട്ടുകാർ പ്രതിഷേധിച്ചു. വെള്ളം തുറന്നാൽ കുളത്തിൽ ചാടുമെന്നും അവർ പ്രഖ്യാപിച്ചു. തുടർന്നാണു കുളം തുറക്കുന്നതിൽ നിന്ന് അധികൃതർ പിൻവാങ്ങിയത്. ഈ കുളത്തിന്റെ ബണ്ടിനോട് ചേർന്നാണ് ആരോഗ്യ കേന്ദ്രവും അങ്കണവാടിയും പ്രവർത്തിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ഈ സ്ഥാപനങ്ങൾ അവിടത്തെ ജീവനക്കാർ പൂട്ടിയിട്ടുള്ളൂ. അതേസമയം കുളത്തിൽ കുളിച്ചവരെ നിരീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു. പക്ഷേ, കുളത്തിൽ കുളിച്ചവർ തന്നെ ഇതു നിഷേധിച്ചു രംഗത്തുണ്ട്. തങ്ങളോട് ആരും നേരിട്ടോ ഫോണിൽ ബന്ധപ്പെട്ടോ കുളിച്ച വിവരം ചോദിച്ചിട്ടില്ലെന്നും രക്ത പരിശോധന ഉൾപ്പെടെ നടത്തണമെന്നു പറഞ്ഞിട്ടില്ലെന്നും അവർ പറയുന്നു.

മുതിർന്നവരെ ബാധിക്കുന്നത് അപൂർവമെന്ന് ഡോക്ടർമാർ 

അമീബിക് മസ്തിഷ്കജ്വരം മുതിർന്നവരിൽ കണ്ടെത്തുന്നത് അപൂർവമാണെന്നു ഡോക്ടർമാർ.  രോഗബാധിതരിൽ 3 പേർ ഒരു പ്രദേശത്തു തന്നെ താമസിക്കുന്നവർ ആണെന്ന പ്രത്യേകതയും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2016 ൽ സംസ്ഥാനത്ത് ആദ്യമായി  ആലപ്പുഴയിലാണ് രോഗം കണ്ടെത്തുന്നത്. അതിനുശേഷം പത്തോളം പേർക്കു രോഗം ബാധിച്ചു. അഞ്ചിനും 12നും മധ്യേ പ്രായമുള്ള കുട്ടികൾക്കു മാത്രമാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിച്ച കുട്ടികൾക്കായിരുന്നു രോഗബാധ. ഇവർക്കൊപ്പം മുതിർന്നവരും കുളിച്ചെങ്കിലും അവർക്കു രോഗമുണ്ടായില്ല. 

കുട്ടികളുടെ മുക്കിനുള്ളിലെ നേർത്ത പാളിയിലോ കർണപടത്തിലോ അപൂർവമായി ഉണ്ടാകുന്ന സുഷിരം വഴി അമീബ തലച്ചോറിൽ എത്തും. യുവാക്കളിൽ ഈ പാളിക്കു കനം കൂടുകയും സുഷിരം അടയുകയും ചെയ്യുന്നതിനാൽ അമീബയ്ക്ക് തലച്ചോറിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. ഇതിനു വിരുദ്ധമായാണ് കാഞ്ഞിരംകുളം നെല്ലിമൂട് കണ്ണറവിളയിൽ യുവാക്കൾക്കു രോഗം ബാധിച്ചതും ഒരാൾ മരിച്ചതും. കൂടാതെ പേരൂർക്കടയിലെ കുളത്തിൽ കുളിച്ച 40 വയസ്സുള്ള വിജിത്തിനും രോഗം സ്ഥിരീകരിച്ചു.

കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്തിൽ സ്ഥിരമായി കുളിക്കുന്ന യുവാക്കൾക്കാണു രോഗം ബാധിച്ചത്. അഖിൽ മരിച്ച വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ കുളത്തിലെ ജലം പരിശോധനയ്ക്കുവേണ്ടി  ശേഖരിച്ചിരുന്നു. എന്നാൽ  അമീബയുടെ വകഭേദങ്ങൾ കുളത്തിൽ ഇല്ലെന്നായിരുന്നു പരിശോധനാ ഫലം. സാംപിൾ എടുത്തതിന്റെ വീഴ്ച കൊണ്ടാണിതെന്നാണ് ഡോക്ടർമാരുടെ നിഗമനം . ചെളിത്തട്ടിലാണ് അമീബ കാണുന്നത്. പുറത്തെ വെള്ളം എടുത്തു പരിശോധിച്ചാൽ അമീബയുടെ സാന്നിധ്യം കണ്ടെത്താനാവില്ല.

ജർമനിയിൽ നിന്നു മരുന്നെത്തി; ചികിത്സയിലുള്ള 4 പേരുടെയും ജീവന് ആപത്തുണ്ടാകില്ലെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ 

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 4 പേരുടെ ജീവൻ രക്ഷിക്കാനുള്ള മരുന്നായ മിൽറ്റിഫോസിൻ ജർമനിയിൽ നിന്ന് എത്തിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ ജീവന് ആപത്തു വരില്ലെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ.ഷംഷീർ വയലിലാണു സൗജന്യമായി മരുന്നു ലഭ്യമാക്കിയത്.

സംസ്ഥാനത്ത് അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതോടെ മരുന്നിനുള്ള അന്വേഷണം ആരംഭിച്ചു.  ലോകത്തു ജർമനയിൽ മാത്രമേ ഈ മരുന്ന് ഉൽപാദിപ്പിക്കുന്നുള്ളൂ. സംസ്ഥാന സർക്കാർ നേരിട്ടു കൊണ്ടുവരാൻ ശ്രമിച്ചാൽ നടപടികൾ പൂർത്തിയാക്കി മരുന്ന് ഇവിടെ എത്താൻ ഒരു മാസത്തിലേറെ സമയം എടുക്കും. ഈ സാഹചര്യത്തിലാണു വിവിധ രാജ്യങ്ങളിൽ ആരോഗ്യ സ്ഥാപനങ്ങളുള്ള ഡോ.ഷംഷീറിന്റെ സഹായം തേടിയത്.

സംസ്ഥാന സർക്കാർ 200 ഗുളികകളാണ് ആവശ്യപ്പെട്ടത്. ജർമനയിൽ നിന്ന് ആദ്യം വാങ്ങിയ 56 ക്യാപ്സ്യൂളുകൾ ജൂലൈ 29ന് എത്തിച്ചിരുന്നു. ആ ബാച്ചിലെ 168 ഗുളിക കൂടി ഇന്നലെ കൊച്ചിയിൽ എത്തിച്ചപ്പോഴാണു തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഓരോ രോഗിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ചു കൊടുക്കുന്ന ഗുളികകളുടെ എണ്ണം വ്യത്യാസപ്പെടും. ഇപ്പോൾ എത്തിച്ച ഗുളികകൾക്കു 2028 വരെ കാലാവധി ഉണ്ട്. സൗജന്യമായാണു ഷംഷീർ ഗുളികകൾ എത്തിച്ചത്.

മരിച്ച യുവാവ് ഉൾപ്പെടെ 4 പേർക്ക്  അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലുള്ള മറ്റൊരാൾക്കു കൂടി രോഗബാധയെന്ന് വിവരം 

ചികിത്സയിലിരിക്കെ മരിച്ച യുവാവ് ഉൾപ്പെടെ 4 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.  കാഞ്ഞിരംകുളം നെല്ലിമൂടിന് സമീപം കണ്ണറവിളയിൽ അയൽവാസികളായ 3 പേർക്കും പേരൂർക്കടയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പൂതംകോട് അനുലാൽ ഭവനിൽ പി.എസ്.അഖിൽ (അപ്പു–27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം 23നു മരിച്ചു.  മരുതംകോട് കാവിൻകുളം പുത്തൻവീട്ടിൽ അനീഷ് (ശ്രീക്കുട്ടൻ–24), കണ്ണറവിള പ്ലാവറത്തല പുത്തൻവീട്ടിൽ ഹരീഷ് (23), പേരൂർക്കട സ്വദേശി വിജിത്ത് (40) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണറവിള സ്വദേശിയായ ഒരാൾക്കു കൂടി രോഗം ബാധിച്ചിട്ടുണ്ടെന്ന് ലാബിൽ നിന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ജൂലൈ 17നാണ് അഖിലിനു പനിയും തലവേദനയും അനുഭവപ്പെട്ടത്. തുടർന്നു വെൺപകൽ ഗവ.ആശുപത്രിയിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

അവിടത്തെ ഡോക്ടർമാരാണു മസ്തിഷ്കജ്വരമായിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അഖിലിനെ മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പിന്നാലെയാണ് അയൽവാസികളായ യുവാക്കൾക്കും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നത്. മരിച്ച അഖിലിനും മറ്റ് രണ്ടു പേർക്കും കാവിൻകുളത്തിൽ നിന്ന് രോഗം ബാധിച്ചതായാണ് കരുതുന്നത്. പേരൂ‍ർക്കട സ്വദേശിയായ വിജിത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്തിയിട്ടില്ല.

കോഴിക്കോട് ചികിത്സയിലുള്ള കുട്ടികളുടെ നില മെച്ചപ്പെട്ടു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് ജില്ലക്കാരനായ 4 വയസ്സുകാരൻ രണ്ടു ദിവസത്തിനകം ആശുപത്രി വിടും. മൂന്നാഴ്ചയായി ചികിത്സയിൽ കഴിയുന്ന കുട്ടിക്കു പ്രാഥമിക പരിശോധനയിൽ തന്നെ രോഗ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.  പയ്യോളി സ്വദേശിയായ 13 വയസ്സുകാരൻ കഴിഞ്ഞ മാസം രോഗമുക്തി നേടിയിരുന്നു.

Tags:
  • Spotlight