ADVERTISEMENT

അഞ്ചുതെങ്ങിൽ കടലിൽ വീണ് പത്തു വയസ്സുകാരൻ മരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി. കടൽത്തീരത്ത് കളിക്കുന്നതിനിടയിൽ കടലിൽപ്പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ തിരയിൽപ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് വീട്ടിൽ തോമസിന്റെയും പ്രിൻസിയുടെയും മകൻ ജിയോ തോമസ് (10) ആണ് മരിച്ചത്. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം വീട്ടിൽ ജോസ് - ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസിനെ (15) ആണ് കാണാതായത്.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽകരയിൽ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാൻ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ടു വിദ്യാർഥികളും അപകടത്തിൽപ്പെട്ടത്. തുടർന്ന് മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലിൽ 5 മണിയോടെ ജിയോ തോമസിനെ കണ്ടെത്തി. 

ADVERTISEMENT

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആഷ്‌ലിൻ ജോസിനായി രാത്രി വൈകിയും കടലിൽ തിരച്ചിൽ തുടരുന്നു. അഞ്ചുതെങ്ങ് സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിയാണ് മരിച്ച ജിയോ തോമസ്.

ADVERTISEMENT
ADVERTISEMENT