കവർച്ചക്കേസുകളിലെ പിടികിട്ടാപ്പുള്ളിയെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ സ്വദേശി ഗിരീഷിനെയാണ് (അട്ട ഗിരീഷ്–49) എടക്കാട് സിഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2006 മുതൽ കണ്ണപുരം, വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ കവർച്ച നടത്തിയ കേസുകളിൽ വർഷങ്ങളായി പൊലീസ് തിരയുന്ന പ്രതിയാണ് ഇയാൾ. കവർച്ച നടത്തിയ കേരളം വിടുന്ന ഇയാൾക്ക് മൊബൈൽ ഫോൺ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ നാട്ടിലുള്ള ഭാര്യയുടെ ഫോണിലേക്ക് ഇയാൾ വിളിക്കാറുണ്ടായിരുന്നു. ഭാര്യയുടെ ഫോൺ നിരീക്ഷിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി പത്തോടെ പ്രതി കണ്ണൂർ കാൽടെക്സിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. നഗരത്തിലെ ലോഡ്ജിൽ ഭാര്യയോടൊപ്പം മുറിയെടുത്ത ഇയാളെ പൊലീസ് പുലർച്ചെ 3ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്ഐ ബോസ് കൊച്ചുമലയിൽ, സിവിൽ പൊലീസ് ഓഫിസർമാരായ സിസിൽ, ലെവൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.