Friday 17 January 2025 09:59 AM IST : By സ്വന്തം ലേഖകൻ

മുഖത്ത് ക്രീം തേക്കുന്നതിനെച്ചൊല്ലി തർക്കം, ചുണ്ടിൽ മുറിവേറ്റു; രാവിലെ വേദന കൂടിയതോടെ ചുറ്റികയുമായെത്തി ക്രൂരത, പതിനഞ്ചുകാരന്‍ അറസ്റ്റില്‍

ankith അങ്കിത്

തൃശൂർ രാമവർമപുരത്തെ ഗവ. ചിൽഡ്രൻസ് ഹോമിൽ 17 വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് മുഖത്ത് ക്രീം തേക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ശേഷം. പിടിവലിക്കിടയിൽ പതിനഞ്ചു വയസ്സുകാരന്റെ ചുണ്ടിൽ മുറിവേറ്റു. ജീവനക്കാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോൾ മുറിവ് വേദനിച്ചതോടെ പതിനഞ്ചു വയസ്സുകാരൻ കയ്യിൽ കിട്ടിയ ചുറ്റികയുമായെത്തി, ഉറക്കമെഴുന്നേറ്റ് ഇരിക്കുകയായിരുന്ന അങ്കിതിന്റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.15നാണ് ഉത്തർപ്രദേശ് സ്വദേശിയായ അങ്കിത് ചുറ്റിക കൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പതിനഞ്ചു വയസ്സുകാരനെ വിയ്യൂർ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. 

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിരുന്ന ചുറ്റിക വച്ചായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ഈ സമയം 2 കെയർടേക്കർമാരാണ് ഇവിടെയുണ്ടായിരുന്നത്. അടുത്ത മാസം 18 വയസ്സു തികയുന്ന അങ്കിത് കല്ലേറ്റുംകരയിലെ അഭയാശ്രമത്തിൽനിന്ന് 2023ൽ ആണ് ഇവിടെയെത്തിയത്. 15 വയസ്സുകാരൻ ഒരു മാസം മുൻപും. അങ്കിത്തിന്റെ സഹോദരനും അഭയാശ്രമത്തിലെ അന്തേവാസിയാണ്. അനാഥമായ സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ താമസിപ്പിക്കുന്നത്.

Tags:
  • Spotlight