Thursday 13 March 2025 12:27 PM IST : By സ്വന്തം ലേഖകൻ

നീതുവിനെ തനിച്ചാക്കി പൊന്നുമോനും പ്രിയപ്പെട്ടവനും പോയി: ചിനക്കത്തൂർ പൂരം കാണാനെത്തിയ യുവാവും കുഞ്ഞും ട്രെയിനിടിച്ചു മരിച്ചു

train accident lakkid

ചിനക്കത്തൂർ പൂരം കാണാനായി ഭാര്യവീട്ടിലെത്തിയ യുവാവും കൈക്കുഞ്ഞും ട്രെയിനിടിച്ചു മരിച്ചു. ആലത്തൂർ കിഴക്കഞ്ചേരി മൂലംകോട് കാരപ്പാടം കൂട്ടിലമുക്ക് പ്രഭു (24), മകൻ ദർഷത്ത് (ആറു മാസം) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നു ലക്കിടി റെയിൽവേ ഗേറ്റിനു സമീപത്തു നിന്നു 300 മീറ്റര്‍ അകലെയാണ് അപകടം. ചിനക്കത്തൂർ പൂരപ്പറമ്പിലേക്കു പോകുന്നതിനായി കൈക്കുഞ്ഞുമായി ഭാര്യവീട്ടിൽ നിന്നിറങ്ങിയ യുവാവ് റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടം.

പ്രഭുവിന്റെ ഭാര്യയും സഹോദരിയും ഇവർക്കു പിന്നിലായി ഉണ്ടായിരുന്നു. പാളം കടക്കുന്നതിനിടെ ട്രെയിൻ വരുന്നതറിഞ്ഞില്ലെന്നും അപകടത്തിനിടെ പ്രഭുവിന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയായിരുന്നുവെന്നും പറയുന്നു. ഒറ്റപ്പാലം പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ലക്കിടി കുന്നത്ത് വീട്ടിൽ നീതുവാണു പ്രഭുവിന്റെ ഭാര്യ.