Friday 30 August 2024 11:47 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മകന്റെ കയ്യിൽ എങ്ങനെ രാസലഹരി എത്തി സാറേ...’: ആ 16കാരന്റെ അമ്മ ഹൃദയമുരുകി ചോദിച്ചു

elango-ips

‘ചെയ്യാത്ത കുറ്റത്തിനാണ് കൊലപാതക കേസിൽ എന്റെ മകൻ പ്രതിയായത്. എട്ടിൽ പഠിക്കുന്ന ഒരു മകൻ കൂടിയുണ്ട്. എനിക്കവനെ നന്നായി പഠിപ്പിക്കണം.  ഇപ്പോൾ ലഹരിക്കേസിലും എന്റെ മകൻ പ്രതിയായി. അവന്റെ കയ്യിൽ എങ്ങനെ രാസലഹരി എത്തിയെന്ന് ഒരമ്മ എന്ന നിലയിൽ എനിക്കറിയണം സാറെ’. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ മുൻപിലാണ് ആ പതിനാറുകാരന്റെ അമ്മ ഹൃദയം തുറന്നു ചോദിച്ചത്. 

‘നിങ്ങളുടെ മകന്റെ കഥ കേട്ടും നേരത്തെ നന്നായി പഠിച്ചിരുന്ന കുട്ടിയാണെന്ന ചരിത്രം അറിഞ്ഞതും കൊണ്ടാണ് ഞങ്ങൾ ഇവിടെ ഇങ്ങനെയൊരു സന്ദർശനം സംഘടിപ്പിച്ചതു തന്നെ’ എന്ന മുഖവുരയോടെ ആണ് കമ്മിഷണർ മറുപടി ആരംഭിച്ചത്. ദിവാൻജിമൂല പ്രദേശത്തെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും കുട്ടികളെ വിദ്യാഭ്യാസപരമായി മുൻനിരയിലെത്തിക്കാനും ലക്ഷ്യമിട്ടു തൃശൂർ സിറ്റി പൊലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിളിച്ച യോഗത്തിലാണ് പ്രദേശവാസികളുടെ പ്രശ്നങ്ങളും പരാതികളും അവതരിപ്പിച്ചതും കമ്മിഷണർ പരിഹാരം നിർദേശിച്ചതും. 

‘മകന്റെ പേരിലുള്ള കേസുകളുടെ എണ്ണംവച്ചു നോക്കിയാൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. കുട്ടിയാണെന്നു കരുതി ഗുരുതരമായ നടപടികളൊന്നും പൊലീസ് എടുത്തിട്ടില്ല. രാസലഹരി കേസിൽ ചില സൂചനകളുണ്ട്. എവിടെ നിന്നു കിട്ടിയെന്നതു കർശനമായി അന്വേഷിക്കാം. കോടതിയിൽ നിലനിൽക്കുന്നതിനാൽ കൊലപാതക കേസിൽ എന്തു ചെയ്യാൻ കഴിയുമെന്നു നോക്കാം. മകനല്ല, കൊല നടത്തിയതെന്നു മറ്റുള്ളവരാണെന്നു കണ്ടവരുടെ ഒപ്പുകൾ ശേഖരിച്ച് എനിക്കൊരു പരാതി നൽകിയാൽ പരിശോധിക്കാം. അതിനുള്ള നിയമപരമായ എല്ലാ അവകാശങ്ങൾക്കും നിങ്ങൾക്കുണ്ട്. എന്തു സംഭവിച്ചുവെന്ന കാര്യങ്ങൾ നിയമപരമായി എഴുതി നൽകിയാൽ ഗൗരവമായി പരിശോധിച്ചു നടപടിയെടുക്കാമെന്ന ഉറപ്പ് ഞാൻ നൽകാം’. കമ്മിഷണർ ആർ.ഇളങ്കോ മറുപടി നൽകി. 

കുത്തുകേസിൽ പെട്ട് ഇരുപത്തിമൂന്നുകാരനായ മകൻ 19 ദിവസം ജയിലിൽ കിടന്നുവെന്നും മകന് അങ്ങനെയൊക്കെ പറ്റിപ്പോയെന്നും പൊലീസിനെ കണ്ടാലോ ഫോണിൽ വിളിപ്പിച്ചാലോ തനിക്കിപ്പോഴും വിറയലാണെന്നും ആയിരുന്നു മറ്റൊരു അമ്മയുടെ പരാതി. ‘മക്കൾ ആരോടു സംസാരിക്കുന്നു, എങ്ങോട്ടു പോകുന്നു, എപ്പോൾ വരുന്നു എന്നൊക്കെ നോക്കേണ്ടതു രക്ഷിതാക്കളുടെ ചുമതലയാണ്’. കമ്മിഷണർ ഓർമിപ്പിച്ചു. പ്രദേശത്ത് അപരിചിതരായവർ വന്നുപോകുന്നുവെന്നും പതിനാറും പതിനേഴും വയസ്സായ കുട്ടികൾക്കു പണംകൊടുത്ത് മുതിർന്നവരാണു കുറ്റകൃത്യം ചെയ്യിക്കുന്നതെന്നും മകന്റെ കയ്യിൽ എങ്ങനെയിത്ര പണം വന്നുവെന്നു തിരക്കാത്ത രക്ഷിതാക്കളുണ്ടെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു.

അപരിചിതരായ ആളുകളും വാഹനങ്ങളും വന്നുപോകുന്നുവെന്നു പറഞ്ഞ സ്ഥലം പൊലീസും എക്സൈസും നോട്ടമിട്ടിട്ടുണ്ടെന്നും ഈ യോഗത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത 2 മാസം കൃത്യമായ പരിശോധന ഉണ്ടാകുമെന്നും പിന്നീടു മറ്റു കാര്യങ്ങളിലേക്കു പൊലീസിന്റെ ശ്രദ്ധമാറിയാൽ അത്യാവശ്യ ഘട്ടങ്ങളിൽ 112ലേക്കു വിളിച്ചാൽ പൊലീസ് വാഹനം ഉടനെത്തുമെന്നും കമ്മിഷണർ ഉറപ്പു നൽകി. പൊലീസിന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ പരാതികളോ ഉണ്ടായാൽ തന്റെ ഓഫിസിൽ പരാതി നൽകിയാൽ കൃത്യമായ നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകി. തൃശൂർ എസിപി സലീഷ് ശങ്കരൻ, വെസ്റ്റ് സിഐ പി.ലാൽകുമാർ, ഈസ്റ്റ് സിഐ എം.ജെ.ജിജോ, എക്സൈസ് അസി.കമ്മിഷണർ പി.കെ. സതീഷ്, ഇൻസ്പെക്ടർമാരായ അശോക് കുമാർ, റിന്റോ, തൃശൂർ വില്ലേജ് ഓഫിസർ സി.ദീപ, കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.