സ്കൂൾ വിദ്യാർഥികളെ വാനിൽ കയറ്റി പോകാൻ ശ്രമിച്ചതായി പരാതി. അഷ്ടമുടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾക്കാണ് ഈ ദുരനുഭവമുണ്ടായത്. സ്കൂളിലേക്കുള്ള പ്രധാന റോഡിൽ അഷ്ടമുടി മുക്കിനും മുക്കട മുക്കിനും മധ്യേയുള്ള ഭാഗത്താണ് സംഭവം.
ഇന്നലെ രാവിലെയോടെ സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാർഥികൾക്ക് പിന്നാലെ എത്തിയ വാനിൽ ഉണ്ടായിരുന്നവർ വിദ്യാർഥികളോട് സ്കൂളിലെത്തിക്കാം എന്നു പറഞ്ഞ് വാനിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.ഭയന്നുപോയ വിദ്യാർഥികൾ മുന്നോട്ട് നടന്നു നീങ്ങിയപ്പോൾ വാഹനവുമായി വീണ്ടും പിന്നാലെ എത്തുകയും വാനിൽ കയറാൻ വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.
സംഭവ സമയത്ത് മറ്റ് വാഹനങ്ങൾ എത്തുന്നത് കണ്ട് വാൻ ഓടിച്ച് പോയതായാണു വിദ്യാർഥികൾ പറയുന്നത്. വിദ്യാർഥികൾ സ്കൂളിലെ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായതായി മറ്റ് വിദ്യാർഥികളും സ്കൂളിൽ പറഞ്ഞത്. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും റോഡുവശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സംശയമുള്ള വാഹനങ്ങളുടെ നമ്പർ സഹിതം അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി.