പാർക്കിൻസൺ രോഗിയായ സ്ത്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭർത്താവ് അറസ്റ്റില്‍. തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ്. ഷീല(58) മരണപ്പെട്ട സംഭവത്തിലാണ് ഭർത്താവും വിമുക്തഭടനുമായ കെ. വിധുവിനെ(64) അറസ്റ്റ് ചെയ്തത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഷീല കട്ടിലിൽനിന്നു തറയിൽ തലയിടിച്ചു വീണെന്നാണ് വിധു എല്ലാവരോടും പറഞ്ഞിരുന്നത്.
മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും രോഗിയായ ഭാര്യ തടസ്സമായതിനാലാണ് കൊലപ്പെടുത്തിയെന്നും വിധു കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2024 സെപ്റ്റംബർ 26ന് ആയിരുന്നു സംഭവം. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മരണത്തിൽ മക്കളിൽ ചിലർ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ ഇല്ലാത്തതിനാൽ പരാതി നൽകിയില്ല.
പിന്നീട് പോസ്റ്റ്മോർട്ടത്തിന് ഒടുവിലാണ് മരണത്തിൽ സംശയം ഉയർന്നത്. തെളിവുകൾ ലഭ്യമായതിനൊടുവിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുൻപും വധശ്രമം
∙ ഷീലയെ മുൻപും കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ്. ക്രൂരമായി മർദിച്ച് അവശയാക്കിയ ശേഷം കഴുത്തിൽ കുരുക്കിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി മക്കളോട് ഷീല പറഞ്ഞിരുന്നു. രോഗിയാകുന്നതിനു മുൻപും ഷീലയെ വിധു ഉപദ്രവിച്ചിരുന്നു. മറ്റൊരു സത്രീയുമായി വിധുവിനുള്ള ബന്ധത്തെ ഷീല ചോദ്യം ചെയ്തതായിരുന്നു കാരണം. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് വിധു കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവശേഷം ആളുകളെ വിളിച്ചുകൂട്ടിയ വിധു വീഴ്ചയിൽ ഭാര്യയുടെ ബോധം നഷ്ടമായെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം പൊലീസ് അംഗീകരിക്കാതെ വന്നപ്പോഴും പ്രതി പതറിയില്ല. മരണാനന്തര ചടങ്ങിലെല്ലാം സംശയത്തിന് ഇട നൽകാത്ത വിധത്തിലായിരുന്നു പ്രതി ആളുകളോട് ഇടപെട്ടത്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമാക്കുകയും ചെയ്തു. പിടിക്കപ്പെടില്ലെന്ന ഉറച്ചവിശ്വാസത്തിൽ കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.