Thursday 08 February 2024 12:15 PM IST : By സ്വന്തം ലേഖകൻ

മാര്‍ക്ക് തീരെ കുറവ്, അമ്മ വഴക്കു പറഞ്ഞു; ദേഷ്യത്തില്‍ 220 കെ.വി. വൈദ്യുതി ടവറില്‍ കയറി പതിനാലുകാരന്റെ ആത്മഹത്യാ ഭീഷണി!

fouuuu678

തിരുവനന്തപുരം കാഞ്ഞാംപാറയില്‍ വൈദ്യുതി ടവറില്‍ കയറി പതിനാലുകാരന്റെ ആത്മഹത്യാ ഭീഷണി. പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച സാഹസത്തിന് ഒമ്പതാം ക്ലാസുകാരന്‍ മുതിര്‍ന്നത്. ഒടുവില്‍ ഫയര്‍ഫോഴ്സെത്തിയാണ് നിലത്തിറക്കിയത്.

കോലിയക്കോടിന് അടുത്ത് കാഞ്ഞാംപാറയില്‍ താമസിക്കുന്ന ഒമ്പതാം ക്ലാസുകാരന്റെ മിഡ്ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാര്‍ക്കൊക്കെ തീരെ കുറവ്. അമ്മ നല്ല വഴക്കും പറഞ്ഞു. അതിന് പകരം വീട്ടാന്‍ അവന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഈ കാണുന്നത്. സ്കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും നേരെ പോയത് സമീപത്തെ വൈദ്യുതി ടവറിന്റെ മുകളിലേക്ക്. അതും വെറും വൈദ്യുതി ലൈനല്ല. തൊട്ടാല്‍ കരിഞ്ഞ് പോകുന്ന 220 കെ.വി ലൈന്‍. ഇതുകണ്ട നാട്ടുകാരും വീട്ടുകാരും ടവറിന് ചുവട്ടിലെത്തി സ്നേഹത്തിലും ദേഷ്യത്തിലുമെല്ലാം വിളിച്ചുനോക്കി. 

ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ വെഞ്ഞാറമൂട് നിന്ന് ഫയര്‍ഫോഴ്സ് പാഞ്ഞെത്തി. അവരും ജീവന്‍ പണയംവച്ച് ടവറിന് മുകളില്‍ കയറി. ഒരുവിധത്തില്‍ കുട്ടിയെ നിലത്തിറക്കി. വഴക്ക് പറഞ്ഞതില്‍ പിണങ്ങി ടവറില്‍ കയറി സാഹസം കാട്ടിയതുകൊണ്ട് പിന്നീട് അച്ഛനും അമ്മയും വഴക്ക് പറയാന്‍ മെനക്കെട്ടില്ല. ഒന്നും പറയാതെ വിഷമം കണ്ണീരിലൊതുക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Tags:
  • Spotlight