Thursday 08 February 2024 01:48 PM IST : By സ്വന്തം ലേഖകൻ

വനിത ഉത്സവ് കൊച്ചി മറൈൻഡ്രൈവിൽ; ഫെബ്രുവരി 9 മുതൽ 26 വരെ

vanitha-utsav-exhibition-2024-kochi-cover

മലയാളികൾ ഏറെ കൗതുകത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഷോപ്പിങ് ഉത്സവമായ ‘വനിത ഉത്സവ്’ ഫെബ്രുവരി 9 മുതല്‍ 26 വരെ. വർണക്കാഴ്ചകൾക്കും നിരവധി മേളകൾക്കും വേദിയായിട്ടുള്ള കൊച്ചി മറൈൻഡ്രൈവിലേക്കാണ് ഇത്തവണ വനിത ഉത്സവ് സന്ദർശകരേയും ഉപഭോക്താക്കളേയും സ്വാഗതം ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളും സംരംഭകരും പങ്കെടുക്കുന്ന മഹാമേളകളിലൊന്നാണിത്.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണ് ഈ കൺസ്യൂമർ ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കുന്നത്. സ്ത്രീകൾക്കിടയിൽ മാത്രമല്ല, മലയാളി കുടുംബങ്ങളിലെല്ലാവർക്കും പ്രിയമേറിയവയാണ് വനിത നടത്തുന്ന കൺസ്യൂമർ എക്സിബിഷനുകൾ. മലയാളികൾ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന് താമസമാക്കിയവരും വിദേശികളും ഉത്സാഹത്തോടെ സന്ദർശിക്കുകയും സമാധാനത്തോടെ ഷോപ്പിങ് ആസ്വദിക്കുകയും ചെയ്യുന്ന ഷോപ്പിങ് ഉത്സവകാലമാണ് ഫെബ്രുവരി 9 മുതൽ. ഫെബ്രുവരി 26 വരെ നീളുന്ന മേളയുടെ ഇലക്ട്രോണിക് പവിലിയൻ ഒരുക്കിക്കൊണ്ട്, ഇലക്ട്രോണിക് പാർട്‌ണറായി അജ്മൽ ബിസ്മി ഒപ്പമുണ്ട്.

വാഹനങ്ങൾ താരതമ്യം ചെയ്തും വൻ വിലക്കിഴിവിലും വാങ്ങാൻ കഴിയുന്ന വിധത്തിൽ ലോകോത്തര ബ്രാൻഡുകൾ പവിലിയനുകളിൽ അണിനിരക്കുന്ന ഓട്ടോ സോൺ ഈ വർഷത്തെ വനിതാ ഉത്സവിന്റെ പ്രത്യേകതകളിലൊന്നാണ്. വ്യത്യസ്തമായ ഉൽപന്നങ്ങളുമായി നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റാളുകളും നാടൻ ഉൽപന്നങ്ങളുടെ സ്റ്റാളുകളും അണിനിരക്കുന്നു. നിത്യോപയോഗ സാധനങ്ങൾ, അപൂർവമായ കരകൗശല വസ്തുക്കൾ, സുഗന്ധവസ്തുക്കൾ, ഫർണിച്ചർ, ഓട്ടോമൊബീൽ, ഇന്റീരിയർ ഉൽപന്നങ്ങൾ, കിടക്കകൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി നല്ല ഗുണമേന്മയുള്ള എല്ലാത്തരം ഉൽപന്നങ്ങളും വാങ്ങാനുള്ള അവസരമാണ് വനിത ഉത്സവിലൂടെ ലഭിക്കുന്നത്.

vanitha-utsav-exhibition-2024-kochi-crowd

ഏറെക്കാലമായി വാങ്ങണമെന്നാഗ്രഹിച്ച, നോക്കി നടന്നിട്ടും കിട്ടാത്ത സാധനങ്ങളൊക്കെയും രാജ്യത്തിന്റെ വിവിധ കോണുകളിലെ വിശ്വസ്തരായ സംരംഭകരിൽ നിന്ന് എത്തിച്ച് അണിനിരത്തുകയാണ് വനിത ഉത്സവ്. കണ്ടും കേട്ടും വിശകലനം ചെയ്തും മാത്രം ഷോപ്പിങ് തീരുമാനങ്ങളെടുക്കുന്ന മലയാളികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കിയാണ് ഉൽപന്നങ്ങളും സ്റ്റാളുകളും തിരഞ്ഞെടുത്തിട്ടുള്ളത്.

സംഗീതവും വിനോദവും ചേർന്ന് ആസ്വാദ്യകരമായി ഷോപ്പിങ് പൂർത്തിയാക്കാൻ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കരുതലോടെ വിളമ്പി കഫേ കുടുംബശ്രീയാണ് രുചിവൈവിധ്യങ്ങളൊരുക്കുന്നത്.