Tuesday 07 January 2025 04:20 PM IST : By സ്വന്തം ലേഖകൻ

വനിത വീട് പ്രദർശനം 10 മുതൽ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ; പ്രവേശനം സൗജന്യം

veedu-exhibition-kozhikode-news-cover

പുതുപുത്തൻ നിർമാണവസ്തുക്കളെല്ലാം ഒരു മേൽക്കൂരയ്ക്കു കീഴിൽ ഒന്നിക്കുന്ന വനിത വീട് പ്രദർശനത്തിന് വെള്ളിയാഴ്ച തുടക്കമാകും. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്.

വീട് നിർമിക്കാനും അറ്റകുറ്റപ്പണി നടത്താനും ഇന്റീരിയറിന് മോടി കൂട്ടാനും വേണ്ട ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. നിർമാണവസ്തുക്കൾ കണ്ടറിയാനും ആകർഷകമായ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ടാകും. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കാലിക്കറ്റ് സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡ് ഹിൻഡ്‌വെയർ ആണ് മുഖ്യ പ്രായോജകർ. ഡെൻവു‍‌‍ഡ് സഹപ്രായോജകരും, ‘കോർ’ റിന്യുവബിൾ എനർജി പാർട്ണറുമാണ്.

ഗേറ്റ് മുതൽ മേൽക്കൂര വരെ നിർമിക്കാനാവശ്യമായ മുഴുവൻ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടാകും. ഇറ്റാലിയൻ ഡിസൈനിനൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന പ്രീമിയം ശ്രേണിയിലുള്ള ക്യുയോ സാനിറ്ററിവെയറിന്റെ നീണ്ടനിരയുമായാണ് മുഖ്യ പ്രായോജകരായ ഹിൻഡ്‌വെയർ പ്രദർശനത്തിനെത്തുന്നത്. വലുപ്പം കൂടിയ സ്ലാബ് സൈസ് വിട്രിഫൈഡ് ടൈൽ, ആധുനിക അടുക്കളയ്ക്ക് ഇണങ്ങുന്ന ഇലക്ട്രിക് ചിമ്മിനി, സിങ്ക് തുടങ്ങിയവയുടെ പുതിയ മോഡലുകളും ഹിൻഡ്‌വെയർ സ്റ്റാളിലുണ്ടാകും.

വേഗത്തിലും ചെലവ് കുറച്ചും വീടുപണി പൂർത്തിയാക്കാൻ സഹായിക്കുന്ന ഡബ്ല്യൂപിസി ബോർഡ്, പിവിസി ബോർഡ്, ഡെക്കറേറ്റീവ് ലാമിനേറ്റ്സ്, വെനീർ എന്നിവയുടെ പുതുപുത്തൻ മോഡലുകൾ ഡെൻ‌വുഡ് സ്റ്റാളിൽ പരിചയപ്പെടാം. ലൈറ്റും വാട്ടർ ഹീറ്ററും ഉൾപ്പെടെ മുഴുവൻ സോളർ ഉൽപന്നങ്ങളും കോർ പവലിയനിൽ കണ്ടറിയാം. വീട്ടിൽ ഗവൺമെന്റ് സബ്സിഡിയോടെ സൗരവൈദ്യുത സംവിധാനം വേണ്ട മുഴുവൻ സേവനങ്ങളും ഇവിെട ലഭിക്കും. പിഎം സൂര്യ ഘർ പദ്ധതിയിൽ കുറ‍ഞ്ഞ നിരക്കിൽ റജിസ്റ്റർ ചെയ്യാനുമാകും.

veedu-exhibition-kozhikode-news-poster

ട്രെഡീഷനൽ, കന്റെംപ്രറി, എത്നിക് എന്നിങ്ങനെ ഏത് ശൈലിയിലുള്ള ഫർണിച്ചറും പ്രദർശനത്തിലുണ്ടാകും. മോ‍‍ഡുലാർ കിച്ചൺ, ഫ്ലോറിങ്, ഹോം ഓട്ടമേഷൻ തുടങ്ങിയവയിലെ എല്ലാം മുൻനിര കമ്പനികൾ പ്രദർശനത്തിനെത്തുന്നുണ്ട്. റെഡിമെയ്ഡ് സ്റ്റീൽ, അലുമിനിയം വാതിലുകൾ, വാട്ടർ ടാങ്ക് എന്നിവയുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും.

ആർക്കിടെക്ടുകളുമായി പൊതുജനങ്ങൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്ന ആർക്കിടെക്ട് പവലിയൻ പ്രദർശനത്തിന്റെ സവിശേഷതയാണ്. ഐഐഎ കാലിക്കറ്റ് സെന്ററിന്റെ നേതൃത്വത്തിലുള്ള സൗജന്യ കൺസൽറ്റേഷൻ ഡെസ്കും ഇവിടെയുണ്ടാകും. വീടിന്റെ ഡിസൈൻ, നിർമാണവസ്തുക്കൾ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾക്ക് ഇവിടെ ഉത്തരം ലഭിക്കും.

മുടക്കുന്ന പണത്തിന് പരമാവധി മൂല്യം ലഭിക്കും വിധം വീടൊരുക്കാൻ വേണ്ട അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനും ആറിനും നടക്കുന്ന സെമിനാറിൽ ആർക്കിടെക്ട് ഷെറിൻ ഖദീജ, ശ്യാംരാജ് ചന്ദ്രോത്ത് എന്നിവർ ക്ലാസ് നയിക്കും.

veedu-exhibition-kozhikode-news-banner

പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് www.vanitha.in/veeduexhibition എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9895115692 എന്ന വാട്സാപ് നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.