Friday 17 July 2020 11:21 AM IST : By സ്വന്തം ലേഖകൻ

‘സമയത്തിന്റെ വില ഏറ്റവും കൂടുതൽ അറിയേണ്ടത് വർഷ’; വിമര്‍ശിച്ച് യുവതിയുടെ വിഡിയോ, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

varsha-roopessf

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷയെ സോഷ്യൽമീഡിയ മറന്നു കാണില്ല. കരൾ നൽകാൻ വർഷ തയാറായിരുന്നെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ ചെയ്യാനാകാത്ത സാഹചര്യമായിരുന്നു. വർഷയുടെ വേദന മനസിലാക്കിയ നന്മ മനസുകൾ ഇടപെട്ടാണ് അവരെ സഹായിച്ചത്. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ കണ്ണീരുമായി വർഷ വീണ്ടുമെത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 

സഹായിക്കാൻ എത്തിയവർ തന്നെ ശത്രുക്കളായി എന്നു പറഞ്ഞായിരുന്നു വർഷയുടെ വിഡിയോ. പിരിഞ്ഞു കിട്ടിയ തുകയിൽ നിന്നും ഓൺലൈൻ ചാരിറ്റിപ്രവർത്തകർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണം എന്ന ആവശ്യം ഉയരുകയും ഫോൺ ഭീഷണികളും വന്നുവെന്നാണ് വർഷ ലൈവിലെത്തി പറഞ്ഞത്. പൊലീസിന് പരാതി നൽകുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തി നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും വർഷ പറയുന്നു. അതേസമയം വർഷയുടെ ലൈവിനെ വിമർശിച്ചു കൊണ്ട് രേവതി രൂപേഷ് എന്ന യുവതി പോസ്റ്റ് ചെയ്ത മറ്റൊരു വിഡിയോ ഇപ്പോൾ ചർച്ചയാകുകയാണ്.  

"എന്തൊക്കെയായാലും എന്തെങ്കിലും ഒരു നന്മ അവർ ചെയ്തിരിക്കുമല്ലോ. വർഷയുടെ അമ്മ ഇന്ന് ജീവിച്ചിരിക്കാൻ കാരണം അവരൊക്കെയാണല്ലോ. സാജൻ കേച്ചേരിയായാലും, ഷഹീൻ കെ മൊയ്തീനാണെങ്കിലും ഫിറോസ് ആണെങ്കിലും സുശാന്ത് നിലമ്പൂരായാലും. അവരൊക്കെ ചേർന്ന ഒരു കൂട്ടായ്മയാണ് വർഷയുടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരായത്. അവരെ എല്ലാം പ്രതിക്കൂട്ടിൽ നിർത്തിയ വിഡിയോ കണ്ടപ്പോൾ ശരിക്കും വേദന തോന്നി. 

വർഷയോട് ഇതേ കൂറിച്ച് കൂടുതൽ ഒന്നും പറയാനില്ല. പറയാനുള്ളത് ചാരിറ്റി പ്രവർത്തകരോടാണ്. ഇത്തരം സഹായമൊക്കെ ചെയ്യുമ്പോൾ ഒരു ജോയ്ന്റ് അക്കൗണ്ട് എല്ലാം തുടങ്ങി ചെയ്യണം. വർഷയുടെ കേസിൽ അങ്ങനെ സംഭവിക്കാതെ പോയത് സമയക്കുറവു കൊണ്ടാണ്. കാരണം ഓരോ നിമിഷം വൈകും തോറും അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്നു. ഇനിയെങ്കിലും അത് ശ്രദ്ധിക്കണം. കാരണം നിങ്ങൾ രക്ഷിച്ച ജീവനുകളെ കുറിച്ചൊന്നും ചിലർ ചിന്തിക്കില്ല. നെഗറ്റീവുകൾ തിരയുന്നവർ നിങ്ങൾ സാമ്പത്തിക ലാഭമുണ്ടാക്കിയോ എന്നൊക്കെയാണ് അന്വേഷിക്കുക. ഒരു ജീവൻ രക്ഷിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിൽ കയറേണ്ട അവസ്ഥ ഇനിയെങ്കിലും നിങ്ങൾ ഉണ്ടാക്കരുത്.

പിന്നെ വർഷ, സമയത്തിന്റെ വില ഏറ്റവും കൂടുതൽ അറിയേണ്ടത് വർഷയാണ്. ഒന്നോ രണ്ടോ രാത്രികൾ കഴിഞ്ഞു പോയാൽ വർഷയുടെ അമ്മയ്ക്ക് സംഭവിച്ചേക്കാവുന്ന അപകടം മനസ്സിലാക്കിയതു കൊണ്ടാണ് ഇവരൊക്കെ പുലർച്ചെ തന്നെ സഹായവുമായി എത്തിയത്.  ആ സമയത്തിന്റെ വില മനസ്സിലാക്കണം. രാത്രി 2 മണിക്കു തന്നെ വിഡിയോ ചെയ്തതും അതുകൊണ്ടാണ്. ആ കുട്ടിയുടെ അക്കൗണ്ടിലേക്കു വന്ന പണം ആ കുട്ടിക്കു തന്നെ നൽകി കൂടെ എന്ന് പലരും ചോദിച്ചു. എന്നാൽ, ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരും ഇത്തരത്തിൽ വിഡിയോ ചെയ്യണമെന്നില്ല. ചെയ്താൽ തന്നെ വൈറലാകുകയോ വലിയൊരു തുക ലഭിക്കുകയോ ചെയ്യണമെന്നില്ല. 

വർഷയുടെ അമ്മയുടെ അതേ അവസ്ഥയിലുള്ള ഗുരുവായൂർ സ്വദേശിക്ക് പണം നൽകാമെന്ന് ആദ്യം വർഷ സമ്മതിച്ചിരുന്നു. എന്നാൽ അത് ലഭിക്കാത്തതിലെ നീരസമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വർഷ പ്രതിക്കൂട്ടിൽ നിർത്തിയ ആരുടെയും  പേഴ്സണൽ അക്കൗണ്ടിലേക്കല്ല ആദ്യം പണം ചോദിച്ചത്. ഹോസ്പിറ്റലിന്റെ അക്കൗണ്ടിലേക്കാണ്. അതിനെ തുടർന്നാണ് സാജൻ കേച്ചേരിയുടെ വിഡിയോ എന്നും അറിയാൻ കഴിഞ്ഞു. ഇത്തരം സഹായങ്ങൾ നടത്തുന്നതിനാൽ വർഷയുടെ അമ്മയുടെ ഓപ്പറേഷന്  30 ലക്ഷം രൂപയിലും താഴേ മാത്രമായിരിക്കും ചിലവ് വന്നിരിക്കുക എന്നും ഉറപ്പാണ്."- സംഭവത്തെ കുറിച്ച് രേവതി പറയുന്നു.

Tags:
  • Spotlight
  • Social Media Viral