Monday 04 March 2024 03:27 PM IST : By സ്വന്തം ലേഖകൻ

മികച്ച വീടൊരുക്കാൻ വഴികാട്ടി; വീട് പ്രദർശനം ഏഴ് മുതൽ കണ്ണൂർ പൊലീസ് മൈതാനിയിൽ

veedu-exhibition-kannur-news-cover

വീടു നിർമാണത്തിലെ പുതുമകളുടെ നേർക്കാഴ്ചയുമായി വനിത വീട് പ്രദർശനം കണ്ണൂരിൽ എത്തുന്നു. മാർച്ച് ഏഴ് മുതൽ 10 വരെ പൊലീസ് മൈതാനിയിലാണ് പ്രദർശനം. നിർമാണരംഗത്തെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ.

veedu-exhibition-kannur-news-banner

ഗേറ്റ് മുതൽ മേൽക്കൂര വരെ നിർമിക്കാനാവശ്യമായ മുഴുവൻ ഉൽപന്നങ്ങളും ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാകും എന്നതാണ് പ്രദർശനത്തിന്റെ സവിശേഷത. ഇഷ്ടപ്പെട്ടവ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. വിട്രിഫൈഡ് ടൈൽ മുതൽ ഇറ്റാലിയൻ മാർബിൾ വരെ നീളുന്ന ഫ്ലോറിങ് മെറ്റീരിയൽ, ഓട് മുതൽ ഷിംഗിൾസ് വരെയുള്ള മേച്ചിൽ സാമഗ്രികൾ എന്നുവേണ്ട മോ‍ഡുലാർ കിച്ചനും സുരക്ഷാ ഉപകരണങ്ങളും വരെ പ്രദർശനത്തിൽ ലഭിക്കും. സാനിറ്ററിവെയർ, ഫർണിച്ചർ, ലാന്റ്സ്കേപ്പിങ് ഉൽപന്നങ്ങൾ എന്നിവയുടെയെല്ലാം പ്രമുഖ കമ്പനികൾ പ്രദർശനത്തിലെത്തും. ലൈറ്റിങ്, പൈപ്പ് ഫിറ്റിങ്സ്, സോളർ ഉൽപന്നങ്ങൾ എന്നിവയുടെയൊക്കെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശനത്തിൽ അടുത്തറിയാം.

ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ നിർമാണവസ്തുക്കൾ പ്രദർശനത്തിൽ അടുത്തറിയാം. വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന നിർമാണവസ്തുക്കൾ, പഴയ വീടിന്റെ പുതുക്കിപ്പണിയൽ‍ എളുപ്പമാക്കുന്ന നൂതന നിർമാണവിദ്യകൾ എന്നിങ്ങനെ പുതിയ സാഹചര്യത്തിൽ ഏവർക്കും ഉപകാരപ്പെടുന്ന ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും.

ഐഐഎ കണ്ണൂർ സെന്ററിന്റെ േനതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ, ഡിസൈൻ ടോക്ക്, ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ചുണ്ടാകും. പ്രദർശനവേദിയിലെ ഐഐഎ പവലിയനിലുള്ള കൺസൽറ്റേഷൻ ഡെസ്ക്കിലെത്തിയാൽ വീടുനിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം ലഭിക്കും. വിദഗ്ധരായ ആർക്കിടെക്ടുമാരാണ് മറുപടി നൽകുന്നത്.

veedu-exhibition-kannur-news-poster

പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യാനും www.vanitha.in/veeduexhibition എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 9207751403 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടാം.