Tuesday 12 December 2023 10:23 AM IST : By സ്വന്തം ലേഖകൻ

ബേക്കറി തുറക്കാനെത്തിയപ്പോൾ കാർ ഇടിച്ചുകയറി; രമേശന്റെ അപകട മരണത്തോടെ കുടുംബം അനാഥമായി, ഞെട്ടലിൽ വെഞ്ഞാറമൂട്

2road-accident

കാർ കടയിലേക്ക് ഇടിച്ചുകയറി വ്യാപാരി മരിച്ച സംഭവത്തിൽ ‍ഞെട്ടി നാട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ കടയിലേക്ക് ഇടിച്ചുകയറി വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കേഴ്സ് ഉടമ ആലിയാട് പാറയ്ക്കൽ മൂളയം പഴവിള നെസ്റ്റ് വില്ലയിൽ രമേശൻ(46) മരിച്ചതിന്റെ നോവിലാണ് ബന്ധുക്കൾ. വാമനപുരം ആശുപത്രിമുക്ക് സ്വദേശിയായ രമേശൻ  പ്രാരാബ്ധങ്ങൾ മറികടക്കാൻ ഓട്ടോ തൊഴിലാളിയായി.  

പിന്നീട് തൊഴിൽ തേടി വിദേശത്തേക്ക് പോയി. ഗൾഫിൽ നിന്നും തിരികെ എത്തി കാരേറ്റ് ഫാൻസി കട ആരംഭിച്ചു. പിന്നീട് ഇതും മതിയാക്കി. രണ്ടു വർഷം മുൻപ് ആലിയാട് മൂളയത്തിനു സമീപം വീടു വാങ്ങി. തുടർന്ന് തണ്ട്രാംപൊയ്കയിൽ നെസ്റ്റ് ബേക്കറി എന്ന സ്ഥാപനം ആരംഭിച്ചു. ആഗ്രഹിച്ചു വാങ്ങിയ വീട്ടിലേക്ക് ഒരു വർഷം മുൻപാണ് താമസം ആയത്.

ഭാര്യ സുനുവിന് സർക്കാർ ജോലി ലഭിക്കുകയും കടയിൽ ബിസിനസ്സിൽ ചെറിയ പുരോഗതി ഉണ്ടാകുകയും ചെയ്തതോടെ സന്തോഷത്തിലായിരുന്നു കുടുംബം. എന്നാൽ രമേശന്റെ അപകട മരണത്തോടെ കുടുംബം അനാഥമായി. രമേശൻ  പുലർച്ചെ 4ന് കടയിൽ എത്തും. പതിവുപോലെ സ്കൂട്ടറും എടുത്ത് ഇന്നലെയും കൃത്യസമയത്ത് കടയിൽ എത്തി. സ്കൂട്ടർ പാർക്കു ചെയ്തതിനു ശേഷം കടയുടെ മുന്നിൽ എത്തുമ്പോഴാണ് വളരെ പെട്ടെന്ന് കാർ പാഞ്ഞെത്തി സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം രമേശനെ ഇടിച്ചത്.

സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. ഉഗ്ര ശബ്ദം കേട്ടാണ് പ്രദേശത്തുള്ള വീട്ടുകാർ അടക്കം ഉണരുന്നത്. ഇതിനിടയിൽ അതു വഴി വന്ന മറ്റൊരാൾ ഈ അപകടം നേരിൽ കണ്ടു. നാട്ടുകാർ ഓടിയെത്തുമ്പോൾ രമേശനെ എടുത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസിലും അഗ്നിശമന വിഭാഗത്തിലും വിവരം അറിയിച്ചു. തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മക്കൾ ഉണരുന്നതിനും മുൻപ് കടയിൽ എത്തുന്ന രമേശൻ വൈകിട്ട് മക്കൾ ഉറങ്ങുന്നതിനു മുൻപ് വീട്ടിൽ എത്തും. ഇതാണ് പതിവ്. ജോലിത്തിരക്കു കാരണം പിതാവ് വരാൻ വൈകിയാൽ മക്കളായ മാനവ് എസ്.റാം, ധീരവ് എസ്.റാം രണ്ടു പേരും അച്ഛൻ വരുന്നതുവരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കും. രമേശൻ കൂടി എത്തി എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം. 8, 10 വയസ്സുള്ള മക്കളെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കൾ. 

മൃതശരീരം വൈകിട്ട് വീട്ടിൽ എത്തുന്നതുവരെ അച്ഛൻ തങ്ങളെ വിട്ടുപോയത് അറിയാതെ വീടിനു സമീപം ഓടി നടന്നു. മൃതദേഹം വീട്ടിൽ എത്തിയതോടെ കുട്ടികൾക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായി. തുടർന്ന് ഭാര്യയുടെയും മക്കളുടെയും നിലവിളി നിയന്ത്രിക്കാൻ കഴിയാതെയായി. വൈകിട്ട് 3ന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം സംസ്കരിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ അടക്കം വൻ ജനാവലി അന്ത്യാഞ്ജലിഅർപ്പിക്കാൻ എത്തി.

Tags:
  • Spotlight