Tuesday 20 February 2024 12:48 PM IST : By സ്വന്തം ലേഖകൻ

തൊലിപ്പുറത്ത് ഇഴപിരിഞ്ഞു കിടക്കുന്ന വളരെ നേർത്ത പാടുകള്‍; പ്രായമേറിയവരിലും സ്ത്രീകളിലും വെരിക്കോസ് വെയ്ൻ, അറിയേണ്ടതെല്ലാം

vericos456667

ദീർഘനേരം നിന്നു ജോലി ചെയ്യുന്ന അധ്യാപകരടക്കമുള്ള സ്ത്രീകളിൽ വെരിക്കോസ് വെയ്ൻ വളരെ കൂടുതലാണ്. വളരെയധികം സമയം നിന്നു ജോലി ചെയ്യേണ്ട അവസ്ഥയുള്ള പല ജോലികളുമുണ്ട്. അധ്യാപകർ, കച്ചവട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ബസ് കണ്ടക്ടർ, സെക്യൂരിറ്റി സ്റ്റാഫ്, കാറ്ററിങ് തുടങ്ങി വിവിധതരം ജോലികൾ ചെയ്യുന്നവരും വളരെയധികം സമയം നിൽക്കേണ്ടതായി വരും. വളരെയധികം നേരം നിന്ന് ജോലി ചെയ്യുന്നവരിൽ കാണുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയ്ൻ. അധ്യാപകരിലും ട്രാഫിക് ഫോലീസുകാരിലും ഈ പ്രശ്നം വളരെ കൂടുതലാണ്. നടത്തം ഒഴിവാക്കി ദീർഘസമയം ഒരു പോലെ നിൽക്കുന്ന ഏതൊരാൾക്കും  ഈ പ്രശ്നം കടന്നു വരാം. അതിനാൽ വീട്ടമ്മമാരിലും വെരിക്കോസ് വെയ്ൻ കാണാറുണ്ട്.

വെരിക്കോസ് വെയ്ൻ വരുന്ന വഴി

കാലിലെ രക്തക്കുഴലുകൾ വീർത്തു ചുരുണ്ടിരിക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ എന്ന പേരിൽ അറിയപ്പെടുന്നത്. ചർമത്തിനു തൊട്ടു താഴെയുള്ള രക്തക്കുഴലുകൾ വീർക്കുമ്പോൾ ഇതു നന്നായി തെളി‍ഞ്ഞു കാണാം. ഈ രക്തക്കുഴലുകൾ കടും പർപ്പിൾ നിറത്തിലോ നീല നിറത്തിലോ തൊലിപ്പുറത്തു കാണാം. വളഞ്ഞു പിരിഞ്ഞു മുഴച്ചു നിൽക്കുന്ന ഇത്തരം രക്തക്കുഴലുകൾ ദൂരത്തു നിന്നുപോലും വ്യക്തമായി കാണാൻ കഴിയും. അതുപോലെ ചർമത്തിനടിയിലെ  ചെറിയ രക്തക്കുഴലുകൾ വീർക്കുമ്പോൾ തൊലിപ്പുറത്ത് ഇഴപിരിഞ്ഞു കിടക്കുന്ന വളരെ നേർത്ത പാടുകളായി കാണാം. ഇതിനെ സ്പൈഡർ എന്നാണു പൊതുവെ വിളിക്കുന്നത്. 

ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ് ആർട്ടറീസ് അഥവാ ശുദ്ധരക്തക്കുഴലുകൾ എന്ന് അറിയപ്പെടുന്നത്. എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അശുദ്ധ രക്തം ഹൃദയത്തിലേക്കു തിരിച്ച് എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിനുകൾ അഥവാ സിരകൾ. 

കാലുകളിൽ നിന്നു ഗുരുത്വാകർഷണ ശക്തിക്ക് എതിരായാണു സിരകൾ രക്തം ഹൃദയത്തിലേക്ക് എത്തിക്കേണ്ടത്. കാലിലെ പേശികളുടെ സങ്കോച വികാസങ്ങൾ ഇത്തരത്തിൽ രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യാൻ സഹായിക്കുന്നു. രക്തക്കുഴലുകളുടെ ഇലാസ്തികസ്വഭാവം രക്തം ഹൃദയത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. സിരകളിൽ ചെറിയ വാൽവുകൾ ഉണ്ട്. ഇവ രക്തം മുകളിലേക്ക് ഉയർന്ന് ഹൃദയത്തിലേക്ക് നിങ്ങുമ്പോൾ തുറന്നിരിക്കുകയും പിന്നീടു രക്തം എതിർ ദിശയിലേക്ക് ഒഴുകാൻ ശ്രമിച്ചാൽ അടയുകയും ചെയ്യും. ഇങ്ങനെയാണു നടക്കുമ്പോഴും മറ്റും പേശീചലന സഹായത്തോടെ കാലിൽ നിന്നും സിരകളിലൂെട അശുദ്ധരക്തം നീക്കം ചെയ്യപ്പെടുന്നത്.

ഈ വാൽവുകൾക്കു ബലക്കുറവോ, ക്ഷതമോ എൽക്കുമ്പോൾ സിരകളിൽ മുകളിലേക്കുയരുന്ന രക്തം വാൽവിനു താങ്ങിനിർത്താനാവാതെ തിരിച്ചു താഴേക്കു തന്നെ ഒഴുകും. വളരെയധികം സമയം തുടർച്ചയായി നിൽക്കുമ്പോൾ ഗുരുത്വാകർഷണ ശക്തി മൂലം തിരിച്ചൊഴുകുന്ന അശുദ്ധരക്തമുണ്ടാക്കുന്ന  അധിക സമ്മർദം കാരണം  കാലിലുള്ള സിരകള്‍ തടിച്ചുവീർത്ത് വെരിക്കോസ് വെയ്നായി മാറും. 

പ്രായമേറിയവരിലും സ്ത്രീകളിലും

പ്രായമേറുന്തോറും വാൽവുകളിൽ പ്രവർത്തന വൈകല്യം കാണുന്നതിനാൽ വെരിക്കോസ് വെയ്ൻ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിലാണ് വെരിക്കോസ് വെയ്ൻ കൂടുതലായി കാണുന്നത്. സ്ത്രീ ഹോർമോണുകൾ സിരകൾക്ക് കൂടുതൽ അയവു വരുത്തുന്നതാണ് ഇതിനു കാരണം. 

ഗർഭകാലത്തും വെരിക്കോസ് വെയ്ൻ ഉണ്ടാകാനുള്ള സാധ്യതയേറും. കുടുംബത്തിൽ വെരിക്കോസ് വെയ്ൻ പ്രശ്നം ഉള്ളവർ, അമിത ഭാരം ഉള്ളവർ എന്നിവരിൽ വെരിക്കോസ് വെയ്ൻ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. 

സങ്കീർണതകൾ വന്നാൽ

ചിലരിൽ വെരിക്കോസ് വെയ്ൻ കാഴ്ചയിലുള്ള പ്രശ്നമല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാറില്ല. എന്നാൽ മറ്റ് ചിലരിലാവട്ടെ കാലിൽ വേദനയ്ക്കും കാലിനു  ഭാരം തോന്നലിനും കാരണമാവാം. കാലിൽ പുകച്ചിൽ, പേശികൾ കോച്ചി വലിക്കൽ, കാലിൽ നീര്, വെരിക്കോസ് വെയ്നിന് ചുറ്റും തൊലിയിൽ നിറവ്യത്യാസം ചൊറിച്ചിൽ എന്നിവയും വരാം.‌

ചിലപ്പോൾ വിവിധതരം സങ്കീർണതകൾക്കും കാരണമാവാം. ഉണങ്ങാൻ പ്രയാസമുള്ള കാലിലെ മുറിവിന്റെ ഒരു കാരണം വെരിക്കോസ് വെയിനാണ്. സാധാരണയായി ആങ്കിൾ ജോയിന്റിന്  അടുത്തായാണ് ഇത്തരം വ്രണങ്ങൾ കാണുന്നത്. കാലിൽ നിറവ്യത്യാസം ആയാണ് ഇത്തരം വ്രണങ്ങൾ തുടങ്ങുന്നത്. തൊലിക്ക് തൊട്ടു താഴെയുള്ള വെരിക്കോസ് വെയ്ൻ പൊട്ടുന്നതിന്റെ ഭാഗമായി രക്തസ്രാവത്തിന് കാരണമാവാം. ചിലപ്പോൾ, ഇത്തരം രക്തക്കുഴലുകളിൽ രക്തം കട്ടിപിടിച്ച് സങ്കീർണതകൾക്കു കാരണമാവാറുണ്ട്. ഇത്തരം രക്തക്കട്ട ഹൃദയത്തിലേക്കും ശ്വാസകോശങ്ങളിലേക്കും എത്തുകയാണെങ്കിൽ അപകടകരമായ പൾമണറി എംബോളിസം അവസ്ഥയ്ക്ക് കാരണമാവും. സ്ക്ലീറോ തെറപ്പി, ലേസർ തെറപ്പി, ശസ്ത്രക്രിയ മുതലുള്ള വിവിധ ചികിത്സകൾ നിലവിലുണ്ട്. എന്നാൽ അധ്യാപകജോലി പോലെ തൊഴിലിന്റെ ഭാഗമായി നിൽക്കേണ്ടി വരുന്നതു കാരണം ഉണ്ടാകുന്ന വെരിക്കോസ് വെയ്ൻ നമുക്കു തടയാനാവും.

വെരിക്കോസ് വെയ്ൻ തടയാം

∙ ജോലി സംബന്ധമായി ദീർഘനേരം നിൽക്കേണ്ടി വരുന്നവർ ശരീര നില ഇടയ്ക്കിടെ മാറ്റുക. ഇടയ്ക്ക് ഇരിക്കാൻ ശ്രമിക്കുക. ശരീര ഭാരം ഇരു കാലുകളിലേക്കു മാറ്റുക. 

∙കാലുകളിലെ പേശികൾ പ്രവർത്തിക്കുന്നതും വെരിക്കോസ് വെയ്ൻ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.അതിനാൽ നടത്തം പോലുള്ള വ്യായാമം ശീലമാക്കുക. ഒരു സ്ഥലത്തു നിന്നു പഠിപ്പിക്കുന്നതിനു പകരം ക്ലാസ്സിൽ നടന്നുകൊണ്ടു പഠിപ്പിക്കാം.

∙ പുകവലി ഉള്ളവർ നിർത്തുന്നതും വെരിക്കോസ് വെയ്ൻ സാധ്യത കുറയ്ക്കുന്നു. 

∙ അരക്കെട്ടു വല്ലാതെ മുറുകുന്ന വസ്ത്രധാരണം ഒഴിവാക്കുക. മുറുകിയ വസ്ത്രം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കുറയ്ക്കുന്നതിനാൽ അവ ഒഴിവാക്കാം. 

∙ ഇരിക്കുമ്പോൾ കാലുകൾ ഉയർത്തി വയ്ക്കുന്നതും ആസമയം പാദങ്ങൾ മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കുന്നതും വെരിക്കോസ് വെയ്ൻ തടയാൻ സഹായിക്കുന്നു. 

ഡോ. എ.വി. രവീന്ദ്രൻ, സ്പെഷലിസ്റ്റ്,  ഇന്റേണൽ മെഡിസിൻ, ബദർ അൽസമ ഹോസ്പിറ്റൽ, ഒമാൻ

Tags:
  • Manorama Arogyam