കണ്ടാൽ കൊതിയൂറൂന്ന തനിനാടൻ വിഭവങ്ങളുടെ കലവറയാണു ‘ദക്ഷിണ’. ഈ ഫൂഡ് വ്ലോഗിന്റെ തുടക്കം എവിടെ നിന്നെന്ന് അറിയാമോ?
മുത്തശ്ശന് അക്കരപറമ്പിൽ ഇത്തിരി പണിയുണ്ട്. പൊതിച്ചോറു കൊണ്ടു പോകണം.’ മുത്തശ്ശി തന്റെ സുന്ദരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. ‘പറമ്പിൽ പടർന്നു നിറഞ്ഞ മൂപ്പെത്തിയ ബീൻസ് പൊട്ടിച്ചു. ഭംഗിയിൽ അരിഞ്ഞു തേങ്ങാക്കൊത്തും പച്ചമുളകും ചേർത്തു മെഴുക്കു പുരട്ടി തയാറാക്കി. കൂടെ ചുട്ടരച്ച ചമ്മന്തിയും പച്ച ചീരത്തോരനും. വാട്ടിയ വാഴയിലയിൽ ചോറിനും കറികൾക്കുമൊപ്പം നക്ഷത്രപ്പുളി വെള്ളയച്ചാറും കൂടി വിളമ്പിയതോടെ പൊതിച്ചോറ് അസ്സലായി.’
ഹാ... കണ്ടും േകട്ടുമിരിക്കുന്നവരുടെ നാവിൽ കപ്പലോടാൻ വേറെന്തു വേണം. കാന്താരിചമ്മന്തി, മത്തങ്ങാ ചെണ്ടൻ പുഴുങ്ങിയത്, പച്ചക്കുരുമുളക് രസം, ചക്കപ്പുഴുക്ക്, മാങ്ങാ പച്ചടി, വറുത്തരച്ച അമ്പഴങ്ങാക്കറി അങ്ങനെയങ്ങനെ കൊതിപ്പിക്കുന്ന നാടൻവിഭവങ്ങൾ വിളമ്പി വിളമ്പിയാണ് ‘ദക്ഷിണ’ യെന്ന യൂട്യൂബ് ചാനൽ മലയാളികളുടെ അടുക്കള ശീലത്തിലേക്കു കയറിയത്. രുചിയോടൊപ്പം നല്ല ജീവിതത്തിനായുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പാഠങ്ങളും കൂടി അൽപാൽപമായി നൽകുന്നു ദക്ഷിണ. അതിസുന്ദരമായ ദൃശ്യഭാഷയിൽ...
കഥ പറയും ദക്ഷിണ
രുചികളിലെ വൈവിധ്യം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും ‘പെർഫെക്റ്റ് ഫൂഡ് വ്ലോഗ്’ എന്ന നിലയിൽ ദക്ഷിണ മുന്നേറുകയാണ്. അതിമനോഹരമായ ദൃശ്യങ്ങൾക്കു മാത്രമല്ല, അകമ്പടി ചേരുന്ന സംഗീതത്തിനും മുത്തശ്ശിയുടെ ശബ്ദത്തിനും മുത്തശ്ശന്റെ മാറോളമെത്തിയ നരച്ച താടിക്കും വരെ ആരാധകരേറെ...
കുന്നോളം ആരാധകരുണ്ടെങ്കിലും പലർക്കുമറിയില്ല ‘ദക്ഷിണ’ എവിടെ നിന്നു മുളപൊട്ടിയെന്ന്. 40 വർഷങ്ങൾക്കു മുൻപേ തലമുറകളുടെ നല്ല നാളെയ്ക്കായി സ്വപ്നം കണ്ട, രണ്ടു മനുഷ്യരുടെ മനസ്സിൽ വിളഞ്ഞ കനിയുടെ രുചിയാണിത് .
കേരളത്തിലെ വിദ്യാഭ്യാസ രീതിയിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ച, അതിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട, ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ആണ് ആ രണ്ടുേപര്‍. പാലക്കാട് അഗളി ഗൂളിക്കടവിലെ കുന്നിനു മുകളി ൽ അവര്‍ തുടങ്ങിയ ‘സാരംഗ്’ എന്ന വ്യത്യസ്ത പള്ളിക്കൂടത്തിന്റെ കഥ കൂടെ ചേർന്നാലേ ദക്ഷിണയുടെ ചിത്രം പൂർണമാകൂ.
മക്കളെ പള്ളിക്കൂടത്തിൽ വിടാൻ സാധിക്കാത്ത ദരിദ്രരായ അച്ഛനമ്മമാരുടെ കുട്ടികളെയും സ്വന്തം മക്കളെയും ആശയപരമായി യോജിപ്പുള്ളവരുടെ മക്കളെയും ചേർത്തു മാഷും ടീച്ചറും തുടങ്ങിയ സ്കൂൾ പുസ്തകത്തിനപ്പുറം ജീവിതപാഠങ്ങൾ ഉൾക്കൊള്ളുന്നതായ പുതിയ വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു. ‘ഇങ്ങനെ പഠിപ്പിച്ചാൽ കുട്ടികൾ വഴിയാധാരമാകില്ലേ?’ എന്നു വിലപിച്ചു വിധിയെഴുതിയവർക്കുള്ള ഉത്തരം കൂടിയാണു ദക്ഷിണ.
ഗോപാലകൃഷ്ണൻ–വിജയലക്ഷ്മി ദമ്പതിമാരുടെ മൂത്തമകനും സാരംഗിലെ വിദ്യാർഥിയുമായിരുന്ന ഗൗതം ഇ പ്പോള്‍ ബെംഗളൂരുവിൽ വാധ്വാനി ഫൗണ്ടേഷനിൽ പ്രോജക്റ്റ് ആൻഡ് വെബ് മാനേജരാണ്. സിനിമാ–പരസ്യ സംവി ധായകൻ മമാസ് കെ. ചന്ദ്രനും സാരംഗിലെ വിദ്യാർഥിയായിരുന്നു. ഗൗതമിന്റെ സഹോദരിമാരായ കണ്ണകി, ഉണ്ണിയാ ർച്ച, ചാലക്കുടിക്കാരായ ഉണ്ണിക്കൃഷ്ണൻ – ഇന്ദിര ദമ്പതിമാരുടെ മക്കൾ വിഷ്ണുജിത്, ഇന്ദുലേഖ എന്നിവരാണ് ‘ദക്ഷിണ’യ്ക്കു പിന്നിൽ.
‘‘ പ്രകൃതിസംരക്ഷണ പ്രവർത്തകർ അല്ല ഞങ്ങൾ. വിദ്യാഭ്യാസ പ്രവർത്തകരാണ്. പാഠപുസ്തകങ്ങൾ മാത്രമല്ല. കണക്കും സയൻസും സാമൂഹികപാഠവും നമ്മൾ ജീവിക്കുന്ന പ്രകൃതിയും അടുക്കളയും വരെ ഉൾക്കൊള്ളുന്നതാണ് ശരിയായ വിദ്യാഭ്യാസം. അറിവു മാത്രമല്ല, നെറിവും അതിന്റെ ഭാഗമാണ്. നെറിവ് എന്നാൽ വൈകാരികമായി വേണ്ടവിധം പെരുമാറാനുള്ള കഴിവ്.
പാഠപുസ്തകങ്ങളിലെ വിവരങ്ങളിൽ മാത്രമായി ഒതുങ്ങുന്നതാണ് നമ്മുടെ പഠനം. പരീക്ഷയ്ക്ക് നല്ല മാർക്കു ലഭിക്കും. പക്ഷേ, സ്നേഹം, ബന്ധങ്ങളുടെ കെട്ടുറപ്പ്, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി പല കാര്യങ്ങളും അവർക്കറിയില്ല.’’
മാഷ്ടെ വാക്കുകളെ അനുഭവത്തിലേക്കു ചേർത്തു കെട്ടി വിജയലക്ഷ്മി ടീച്ചര്‍ ചോദിക്കുന്നു, ‘‘കൊടും ചൂടിൽ ഉരുകുകയും മഴ വന്നാൽ വെള്ളപ്പൊക്കത്തെ പേടിക്കുകയും ചെയ്യുന്ന സമൂഹമുണ്ടായി വരുന്നത് വിദ്യാഭ്യാസത്തിന്റെ അപാകതയല്ലാതെ മറ്റെന്താണ്?’’
എതിർപ്പിന്റെ നാളുകൾ
‘‘അധ്യാപകരാകാൻ ആഗ്രഹിച്ചവരല്ല ഞാനും വിജിയും.’’ മാഷ് പറയുന്നു.‘‘ഇടുക്കി വെള്ളത്തൂവലിലാണ് എന്‍റെ വീ ട്. കൃഷിപ്പണിയും കൂലിപ്പണിയും നാടകവും സാമൂഹിക പ്രവർത്തനങ്ങളുമായി നടന്ന കാലത്താണു സുഹൃത്തിന്‍റെ നിർദേശപ്രകാരം ടിടിസിക്ക് അപേക്ഷിക്കുന്നത്.’’
‘‘ടീച്ചേഴ്സ് ട്രെയിനിങ് പഠനകാലത്താണു ഞങ്ങൾ പരിചയപ്പെടുന്നത്.’’ വിജയലക്ഷ്മി ടീച്ചര്‍ ഒാര്‍ക്കുന്നു. ‘‘ഡോക്ടറാകാൻ മോഹിച്ചു. പ്രീഡിഗ്രിക്കു സയൻസ് പ ഠിച്ച്, ഒടുവില്‍ അതു മടുത്തു ടിടിസിക്കു ചേര്‍ന്നതായിരുന്നു ഞാന്‍. സൗഹൃദം അകലാൻ വയ്യാത്തവിധം അടുപ്പമായി. വയനാട്ടിൽ ഒന്നിച്ചു ജീവിതം തുടങ്ങി. ആദ്യം സ്ഥിരജോലി കിട്ടുന്നയാളുടെ സ്ഥലത്തു ജീവിതം കെട്ടിപ്പടുക്കുക എന്നതായിരുന്നു തീരുമാനം.
അഗളി ഗവൺമെന്റ് എൽപി സ്കൂളിൽ സ്ഥിരനിയമനം ആദ്യം കിട്ടുന്നത് എനിക്കാണ്. മാഷിനു വയനാട്ടിൽ ജോലികൾ തീർക്കാനുള്ളതിനാൽ ഒരു വയസ്സു പോലും തികയാത്ത ഗൗതവുമായി അഗളിയിൽ ഞാനൊറ്റയ്ക്കു താമ സിച്ചു. താമസിയാതെ മാഷും അഗളിയിലെത്തി. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരേ സ്കൂളിൽ ജോലി ലഭിച്ചു.
റജിസ്റ്ററിൽ ധാരാളം കുട്ടികളുടെ പേരുണ്ടെങ്കിലും ക്ലാസ്സിലെത്തുന്നവർ കുറവായിരുന്നു. വരുന്നവരെ ആരും നന്നായി പഠിപ്പിക്കാൻ മെനക്കെട്ടുമില്ല. ഞങ്ങൾ ആ പതിവ് തെറ്റിച്ചു. അതോടെ സ്കൂളിൽ കുട്ടികൾ കൂടി. പക്ഷേ, മറ്റ് അധ്യാപകരും ഡിപാർട്ടുമെന്റിലുള്ളവരും ശത്രുക്കളായി.
ഗുണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തുന്നതിലേക്കും കള്ളക്കേസ് കൊടുക്കുന്നതിലേക്കും വരെയെത്തി ശത്രുത. കേ സ് വരും മുൻപു തന്നെ മാഷ് മടുത്തു ജോലി രാജി വച്ചു. തുടർന്ന് എനിക്കെതിരെ കുഞ്ഞുങ്ങൾക്കായുള്ള അരിയും പയറും മോഷ്ടിച്ചു എന്നു കേസ് വന്നു. ഞങ്ങളെ പിന്തുണയ്ക്കുന്നവരുമുള്ളതു കൊണ്ട് കേസിൽ നിന്നു രക്ഷപെട്ടു. ഒടുവിൽ ഗതികെട്ടു ഞാനും രാജി വച്ചു.’’ ടീച്ചർ തിക്തമായ ഓർമകളിലൂടെ നടന്നു.
‘‘സർക്കാർ സ്ക്കൂളിൽ അധ്യാപകരായതു മുതൽ ലഭിച്ച തിരിച്ചറിവ്, സർക്കാർ സ്കൂളുകൾക്ക് ഒളിച്ചു വയ്ക്കപ്പെട്ട ഒരു അജണ്ട ഉണ്ടെന്നുള്ളതാണ്. ഒരു രാജ്യത്തു പലതരം വിദ്യാഭ്യാസരീതി പിന്തുടരുന്നത് എന്തിനാണ്? പാവപ്പെട്ടവരുടെയും സാമ്പത്തിക ശേഷിയുള്ളവരുടെയും മക്കൾക്കു വെവ്വേറെ പഠനരീതിയെന്തിനാണ് ?
സർക്കാർ സ്കൂളുകളിൽ പഠിക്കുന്നതു സാധാരണക്കാരുെട കുഞ്ഞുങ്ങളാണ്. യാഥാർഥ്യങ്ങളോടു പൊരുതി വരുന്നവര്‍. ‘സ്പൂൺ ഫീഡിങ്’ ലഭിച്ച കുട്ടികളെക്കാൾ സമർഥരാണവര്‍. ജീവിതനിപുണത അവർക്കു കൂടുതലാണ്. എന്നാൽ പഠനം കഴിഞ്ഞിറങ്ങുമ്പോൾ വിദ്യാഭ്യാസപരമായ അന്തരം കൊണ്ട് അവർ പിന്തള്ളപ്പെട്ടു പോകുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകിയാലുണ്ടാകാവുന്ന സാമൂഹിക മാറ്റം വലുതാണ്. അതുണ്ടാകരുത് എന്നതു തന്നെയാണു മറഞ്ഞിരിക്കുന്ന അജണ്ട.
വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കിയതിനാൽ ഗൗതം ജനിച്ചപ്പോൾ അവനെ ഏതായാലും ഈ സംവിധാനത്തിലേക്ക് അയയ്ക്കില്ല എന്നു ഞ ങ്ങൾ തീരുമാനിച്ചു. അഗളിയിൽ സർക്കാർ അധ്യാപകരായിരിക്കെയാണു 1982ൽ സാരംഗ് ബേസിക് സ്കൂളിന്റെ തുടക്കം. ‘നമുക്കു വേണ്ടി മാത്രം ജീവിച്ചാൽ പോര’ എന്ന ചിന്തയാണ് വേറിട്ടൊരു സ്കൂൾ എന്ന ആശയത്തിലേക്ക് ന യിക്കുന്നത്.’ മാഷിന്റെ ശബ്ദത്തിൽ യൗവനത്തിലെ അ തേ കരുത്ത്.
സാരംഗ് എന്ന സൂര്യൻ
‘‘ഒരാൾ സർക്കാർ ജോലിയിൽ തുടരുകയും ആ വരുമാനം കൊണ്ടു വീടും സ്കൂളും നടത്തുകയും ഒരാൾ സ്കൂളിന്റെ ചുമതല വഹിക്കുകയും ചെയ്യണം എന്നായിരുന്നു പ ദ്ധതിയിട്ടത്. ആറു വയസ്സു വരെയുള്ള കുഞ്ഞുങ്ങളായിരിക്കണം സാരംഗിലെ വിദ്യാർഥികൾ എന്നു നിശ്ചയിച്ചു.
കുറച്ചു പണം കടം വാങ്ങി, വാടകയ്ക്കു സ്ഥലമെടുത്ത് സ്കൂളിനായുള്ള പുര സ്വന്തമായി നിർമിച്ചു. പുര പണിയുന്നതിനു സഹായത്തിനായി വന്ന മേസ്തിരി തന്റെ മകനു സ്കൂളിൽ പോകാൻ മടിയുണ്ടെന്നു പറഞ്ഞു. അടിച്ച് സ്കൂളിൽ വിട്ടിട്ടുപോലും കുട്ടി പോകാൻ കൂട്ടാക്കുന്നില്ലെന്ന് അയാൾ സങ്കടപ്പെട്ടു.
അന്നു നാലാം ക്ലാസ്സിൽ പഠിച്ചിരുന്ന ആ കുട്ടിയാണു സാരംഗിലെ ആദ്യ വിദ്യാർഥി. ആറു വയസ്സു വരെയുള്ള കുട്ടികൾ എന്ന നിർബന്ധം അവനുവേണ്ടി ഞങ്ങൾ വിട്ടു. പിന്നീട് സ്കൂളിൽ പോകാനാകാത്ത പല കുട്ടികളും പഠിക്കാൻ വന്നു.
സാരംഗ് ബേസിക് സ്കൂൾ തുടങ്ങി രണ്ടാമത്തെ ബാച്ച് മറക്കാനാകാത്തതാണ്. അഗളി ഗവൺമെന്റ് ഹൈസ്ക്കൂളില്‍ പഠിച്ചിരുന്ന അൻപതോളം കുട്ടികള്‍ ആ ബാച്ചിലുണ്ടായിരുന്നു. ആറ് മുതൽ പത്തു വരെ ക്ലാസിൽ പഠിച്ചിരുന്നതും പഠനം നിർത്തേണ്ടി വന്നതുമായ കുട്ടികളായിരുന്നു അവര്‍. സ്വന്തം പേര് എഴുതാനോ അടിസ്ഥാന കണക്കു കൂട്ടലോ അറിയാത്തവരായിരുന്നു അതില്‍ പലരും.
അവരെ എങ്ങനെയും രക്ഷപെടുത്തി വിടണം എന്നു മാത്രമായിരുന്നു മാതാപിതാക്കളുടെ ആവശ്യം. സാരംഗിലൂടെ പഠിച്ച്, ജീവിതത്തിൽ തകർന്നു പോകാതെ ചെറിയ തൊഴിലുകൾ ചെയ്ത് അവരിൽ ചിലർ കഴിയുന്നു. മറ്റു ചിലർ പത്താം ക്ലാസ് പരീക്ഷയെഴുതി ബിരുദധാരികളാകുകയും ചെയ്തു.’’ മുഖത്ത് എന്തെന്നില്ലാത്ത തെളിച്ചമുള്ള പുഞ്ചിരിയോടെ ടീച്ചര്‍ പറയുന്നു.
‘‘മണ്ണൊലിച്ചു പോയ സ്ഥലങ്ങൾ, ഉറവുകൾ, വനങ്ങൾ, എന്നിവ പുനരുജ്ജീവിപ്പിക്കണം എന്ന ആശയം പാഠ്യപദ്ധതിയുടെ ഭാഗമായപ്പോഴാണ് അഗളി ഗൂളിക്കടവിനടുത്ത് തരിശായി കിടന്ന മൊട്ടക്കുന്നു വാങ്ങി സ്കൂൾ അ ങ്ങോട്ടു മാറ്റുന്നത്. ആശയങ്ങൾ ഞങ്ങൾക്ക് പ്രാവർത്തികമാക്കി കാണിക്കണമായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ആദ്യം ഒരേക്കർ വാങ്ങി. പിന്നീടു പടിപടിയായി ബാക്കി ഭൂമിയും വാങ്ങി.
മണ്ണിൽ ചപ്പുചവറുകൾ കൊണ്ടു പൊതയിട്ടും കാട്ടുതീ കയറാതെയും കന്നുകാലികളും മനുഷ്യരും കടന്നു കയറാതെയും പ്രകൃതിയിലെ ജീവജാലങ്ങളുടെ സഹായത്തോടെ ആ പ്രദേശം ഞങ്ങൾ സംരക്ഷിച്ചു. ഇതു മൂലം താനേയുണ്ടായ മാറ്റം അവിടത്തെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കി, പച്ചപ്പാർന്ന് അവിടം കാടായി മാറി. ഇന്നു സാരംഗ് മല എന്നാണിതറിയപ്പെടുന്നത്.
അട്ടപ്പാടി മണ്ണൊലിപ്പുള്ള കുന്നുംപ്രദേശമാണ്. ജീവിക്കാൻ കൃഷി ചെയ്യുകയും വേണം. അതിനാൽ മണ്ണ് അധികം ഇളക്കിമറിക്കാതെ എങ്ങനെ കൃഷി ചെയ്യാം എന്നതായിരുന്നു അടുത്ത പരീക്ഷണം. അതിനൊപ്പം കുട്ടികൾക്കുകണക്കും സയൻസും പ്രകൃതിയുടെ മഹാ വിദ്യാലയത്തെ കൂട്ടുപിടിച്ചു പകർന്നു നൽകി. ’’ മാഷ് ഒാര്‍ക്കുന്നു.
‘‘അടുക്കളയിൽ നിന്നുമാണിവിടത്തെ വിദ്യാർത്ഥികൾ സോഡിയം ക്ലോറൈഡിനെക്കുറിച്ചറിയുന്നത്. നീർമറി പ്രദേശ വികസന പ്രവർത്തനങ്ങളിൽ (വാട്ടർ ഷെഡ് മാനേജ്മെന്റ്) പങ്കെടുത്തുകൊണ്ടാണവർ തെളിനീരുറവയെക്കുറിച്ചു പഠിക്കുന്നത്.
പ്രകൃതിയോടു ചേർന്നു നിൽക്കുന്നു എന്നതുകൊണ്ട് സാരംഗ് ശാസ്ത്രമുന്നേറ്റങ്ങളെ പിന്തള്ളുന്നില്ല. മൊബൈൽ ഫോൺ, ക്യാമറ, പ്രൊജക്ടർ, വാഹനം, കാടു വെട്ടാനുള്ള യന്ത്രം തുടങ്ങിയ സാങ്കേതികവിദ്യകൾ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാലവ മനുഷ്യ നന്മയ്ക്കു വിരുദ്ധമായി ഉപയോഗിക്കുകയില്ല ’’ മാഷ് ഉറപ്പിച്ചു പറയുന്നു.
സ്കൂളിൽ പോകാതെ ഹിപ്പാച്ചി സംഘം
ഗൗതമിന്റെയും അനുരാധയുടെയും മക്കളായ ഹിരണ്യയും പാർത്ഥനും ചിന്മയിയും സാരംഗ് മാതൃകയിൽ സ്കൂളിൽ പോകാതെയാണു പഠനം. ഹിപ്പാച്ചിയെന്ന പേരിൽ അവരെ ദക്ഷിണയുടെ കാഴ്ചക്കാർക്കറിയാം. സാരംഗിന്റെ ആശയങ്ങളോടു യോജിപ്പുള്ള അഭിലാഷ് ആനന്ദാണു ക ണ്ണകിയുടെ ജീവിതപങ്കാളി. ആശയം കൊണ്ടു പണ്ടേ ഒന്നിച്ച ഉണ്ണിയാർച്ചയും വിഷ്ണുജിത്തും വൈകാതെ വിവാഹജീവിതത്തിലൂടെ ഒന്നാകും.
നന്മയും സ്നേഹവും സാമൂഹികബോധവുമുള്ള വിദ്യാഭ്യാസമാണു സാരംഗ് ലക്ഷ്യമിട്ടത്. ചിലരുടെ എതിർപ്പുകളും സാമ്പത്തിക പ്രശ്നങ്ങളും മൂലം എട്ടു വർഷം മുൻപ് സ്കൂള്‍ നിർത്തേണ്ടി വന്നു. അതേ ആശയം ദക്ഷിണയിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും സ്കൂൾ വീണ്ടും തുടങ്ങുകയാണ് പുതിയ ലക്ഷ്യം. കാരണം, ശരിയായ സാമൂഹികമാറ്റം ശരിയായ വിദ്യാഭ്യാസത്തിലൂടെയേ നടക്കൂ.
രാഖി റാസ്
ഫോട്ടോ : അരുൺ പയ്യടിമീത്തൽ