2002 ഫെബ്രുവരി 19നായിരുന്നു മുത്തങ്ങയിൽ വെടിവയ്പ്. ആ ദിവസത്തിന്റെ നടുക്കുന്ന ഓർമയിലാണ് അന്ന് കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ കെ.വി.വിനോദിന്റെ അമ്മയും സഹാദരങ്ങളും. വിനോദിന്റെ മൃതദേഹവുമായി കീയച്ചാൽ എന്ന കൊച്ചു ഗ്രാമത്തിൽ നടന്ന വിലാപയാത്ര നാട്ടിലെ സുഹൃത്തുക്കളാരും മറന്നിട്ടില്ല. 22 വർഷം മുൻപ് ഫെബ്രുവരി 19ന് വൈകിട്ടായിരുന്നു മുത്തങ്ങ സമരത്തിനിടയിൽ വിനോദ് കൊല്ലപ്പെട്ട വിവരം വീട്ടിൽ അറിയുന്നത്.അന്ന് വിനോദിന് 29 വയസ്സായിരുന്നു പ്രായം.
അടുത്ത ദിവസമായിരുന്നു മൃതദേഹം നാട്ടിൽ എത്തിച്ചതും സംസ്കരിച്ചതും.ഇക്കുറി വിനോദ് മരിച്ചതിന്റെ 22ാം വർഷത്തിൽ മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ അസിസ്റ്റന്റ് കമന്റാൻഡ് എം.കുഞ്ഞിരാമൻ, ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ കാവുമ്പായി, ടി.ബാബു, കെ.സുനിൽകുമാർ,ടി.വി.ജനാർദനൻ, പി.വി.സുഗുണൻ എന്നിവർ വീട്ടിൽ എത്തി വിനോദിന്റെ മാതാവ് കെ.വി.നാരായണിയെ ആദരിച്ചു. കീയച്ചാൽ വിനോദ് സ്മാരക വായനശാലയിലും അനുസ്മരണം നടത്തി.
അനുസ്മരണ സമ്മേളനം ശ്രീകണ്ഠപുരം സിഐ ടി.എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.വിനോദിന്റെ പിതാവ് തെയ്യം കലാകാരനായ കെ.വി.കുഞ്ഞിരാമ പെരുവണ്ണാൻ മരിച്ചു. അമ്മ നാരായണി തറവാട്ടിൽ മകൾ റിട്ട ഐസിഡിഎസ് സൂപ്പർവൈസർ കെ.വി.രമണിയോടൊപ്പമാണ്. തൊട്ടടുത്ത് തന്നെ വിനോദിന്റെ മൂത്ത സഹോദരൻ പൊലിസിൽ നിന്നു എസിപിയായി വിരമിച്ച കെ.വി.ബാബുവിന്റെ വീടുണ്ട്.എല്ലാ അനുസ്മരണ ദിനത്തിലും വിനോദ് സ്മാരക വായനശാലയിൽ അനുസ്മരണ സമ്മേളനം നടത്താറുണ്ട്.